ഇരുവരുടെയും സീറ്റുകൾ അടുത്തടുത്തായിരുന്നില്ല. തനിക്ക് കാമുകന്റെ അടുത്ത് സീറ്റ് തരാമോ എന്ന് യുവതി വിമാനത്തിലെ ജീവനക്കാരോട് ചോദിച്ചെങ്കിലും അത് സാധ്യമായിരുന്നില്ല.
കാമുകി -കാമുകന്മാർ തമ്മിൽ പൊരിഞ്ഞ വഴക്ക്, ബുദ്ധിമുട്ടു മുഴുവനും യാത്രക്കാർക്ക്. വിചിത്രമായ സംഭവം നടന്നത് ഞായറാഴ്ച രാത്രി വിയറ്റ്നാമിലെ ഡാ നാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. യുവാവും യുവതിയും തമ്മിലുള്ള തർക്കം അതിരുവിട്ട് പോയതോടെ ഇരുവരെയും വിമാനത്തിൽ നിന്നും പുറത്താക്കേണ്ടി വന്നു. ബജറ്റ് എയർലൈൻ ആയ എച്ച്കെ എക്സ്പ്രസിന്റെ ടേക്ക് ഓഫിന് മുമ്പായിരുന്നു നാടകീയസംഭവങ്ങൾ അരങ്ങേറിയത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വൈകുന്നേരം 7.25 -ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടേണ്ടിയിരുന്നതായിരുന്നു UO559 വിമാനം.
കാമുകൻ ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോയി എന്നും തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് ഒരു യുവതി ഡിപ്പാർച്ചർ ലോഞ്ചിൽ വെച്ച് കാമുകനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് ഓൺലൈനിൽ പ്രചരിച്ചു. ഒക്ടോബർ 1 -ന് തന്നെ കാമുകൻ 40 തവണ അടിച്ചതായി യുവതി അവകാശപ്പെട്ടു. അത് തെളിയിക്കാനായി ഗ്ലെനീഗിൾസ് ആശുപത്രിയിൽ നിന്നുള്ള രേഖകൾ തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു. "നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഹോങ്കോങ്ങിലെ എല്ലാവർക്കും അറിയാം" എന്നും യുവതി അലറിയത്രെ.
യുവതി ആകെ നിരാശയോടെയും ദേഷ്യത്തോടെയുമാണ് കാണപ്പെട്ടത് എന്നും അതേസമയം യുവാവ് ശാന്തനായിരുന്നെങ്കിലും നിരാശഭരിതനായിരുന്നു എന്നും അവിടെ നിന്നും എഴുന്നേറ്റ് പോകാൻ പലവട്ടം ശ്രമിച്ചിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. അവൾ തന്നെ വഞ്ചിച്ചു എന്നും അവൾക്ക് മാനസികാരോഗ്യപ്രശ്നമാണ് എന്നും യുവാവ് ആരോപിക്കുകയും ചെയ്തു. ബോർഡിംഗ് തുടങ്ങിയതോടെ വഴക്ക് വിമാനത്തിനകത്തേക്കും വ്യാപിച്ചു. ഇരുവരുടെയും സീറ്റുകൾ അടുത്തടുത്തായിരുന്നില്ല. തനിക്ക് കാമുകന്റെ അടുത്ത് സീറ്റ് തരാമോ എന്ന് യുവതി വിമാനത്തിലെ ജീവനക്കാരോട് ചോദിച്ചെങ്കിലും അത് സാധ്യമായിരുന്നില്ല.
പിന്നാലെ യുവതി ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ നിലത്തേക്ക് തള്ളിയിട്ടു. അയാൾ വേദന കൊണ്ട് നിലവിളിച്ചുപോയെങ്കിലും ശാന്തമായിരിക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. യുവതി പിന്നാലെ വിമാനത്തിലെ ജീവനക്കാർക്ക് നേരെയും ആരോപണമുന്നയിക്കാൻ തുടങ്ങി. യുവതിയുടെ മാനസികാവസ്ഥ ശരിയല്ല എന്നാണ് കാമുകൻ പ്രതികരിച്ചത്. എന്തായാലും, പ്രശ്നങ്ങൾ വഷളായതോടെ യുവാവിനേയും യുവതിയേയും വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്തായാലും, നാടകീയ സംഭവവികാസത്തെ തുടർന്ന് വിമാനം 25 മിനിറ്റ് വൈകി.


