ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യാ പിതാവ് മരണപ്പെട്ടതിന് പിന്നാലെ ഉപയോഗിക്കാതെ കിടന്ന ലോസാഞ്ചലസിലെ വീട് വില്‍ക്കുന്നതിന് മുന്‍പായി വൃത്തിയാക്കാനായി എത്തിയ ദമ്പതികള്‍ക്കാണ് വീടിന്‍റെ നിലവറയില്‍ നിന്ന് നിധി ലഭിക്കുന്നത്.

കാലിഫോര്‍ണിയ: സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞ ദമ്പതികള്‍ക്ക് ഭാര്യ പിതാവിന്‍റെ വീട്ടിലെ നിലവറയില്‍ നിന്ന് ലഭിച്ചത് നിധി. കാലിഫോര്‍ണിയയിലെ ജോണ്‍ റെയിസും ഭാര്യയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരത്തിനായുള്ള അവസാന ശ്രമത്തിന്‍റെ ഭാഗമായാണ് ഭാര്യാ പിതാവിന്‍റെ വീട് വില്‍ക്കാനായി തീരുമാനിക്കുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യാ പിതാവ് മരണപ്പെട്ടതിന് പിന്നാലെ ഉപയോഗിക്കാതെ കിടന്ന ലോസാഞ്ചലസിലെ വീട് വില്‍ക്കുന്നതിന് മുന്‍പായി വൃത്തിയാക്കാനായി എത്തിയ ദമ്പതികള്‍ക്കാണ് വീടിന്‍റെ നിലവറയില്‍ നിന്ന് നിധി ലഭിക്കുന്നത്.

നിലത്ത് ചിതറിയ നിലയില്‍ കുറച്ച് നാണയങ്ങള്‍ കണ്ട ജോണ്‍ ചുറ്റിലും തട്ടുകയും മുട്ടുകയും ചെയ്തതോടെയാണ് നിലവറയില്‍ സൂക്ഷിച്ച നാണയക്കൂമ്പാരം മറനീക്കി പുറത്തെത്തിയത്. 8 ലക്ഷത്തിലധികം രൂപയുടെ ചെമ്പ് നാണയങ്ങളാണ് നിരവധി ചാക്കുകളിലാക്കി ഇവിടെ സൂക്ഷിച്ചിരുന്നത്. ഇവയില്‍ ഏറിയ പങ്കും നിലവില്‍ ഉപയോഗത്തിലുള്ള നാണയങ്ങളല്ല. അതിനാല്‍ തന്നെ ഇവയുടെ മൂല്യം പല മടങ്ങാവുമെന്നാണ് പുരാവസ്തു വിദഗ്ധര്‍ വിശദമാക്കുന്നത്. നിലവറയില്‍ നിന്നും ഒരു ദിവസത്തെ പ്രയത്നത്തിന് ശേഷമാണ് ചാക്കുകള്‍ മുഴുവന്‍ പുറത്തെത്തിക്കാനായതെന്നാണ് ദമ്പതികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പൂര്‍ണമായും ചെമ്പില്‍ നിര്‍മ്മിതമായ നാണയങ്ങള്‍ പുറത്തിറക്കിയ ബാങ്കുകളില്‍ ചിലത് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. 1900കളുടെ ആദ്യത്തിലാണ് ഈ വീട് നിര്‍മ്മിച്ചത്.

നിലവില്‍ പെന്നി നാണയം സിങ്ക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലം മുതലാണ് മറ്റ് ലോഹങ്ങള്‍ ഉപയോഗിച്ച് പെന്നി നാണയങ്ങള്‍ അമേരിക്ക നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. 8 കോടിയിലേറെ വിലമതിക്കുന്നതാണ് കണ്ടെത്തിയിരിക്കുന്ന നാണയ ശേഖരം. വിവിധ ബാങ്കുകള്‍ നാണയ ശേഖരം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും ഇത് ലേലത്തില്‍ വക്കാനാണ് ദമ്പതികളുടെ തീരുമാനം. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വീട് പുതുക്കാനും കടം വീട്ടി സ്വസ്ഥമാകാനുമാണ് ദമ്പതികളുടെ പദ്ധതി.

കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം