ഭര്‍ത്താവിനും ഭാര്യയ്ക്കും കൂടി മാസം 3 ലക്ഷം രൂപ വരുമാനമുണ്ട്. എന്നിട്ടും കുട്ടികള്‍ വേണ്ടെന്നുവച്ച് ഗുരുഗ്രാമിൽ താമസിക്കുന്ന ദമ്പതികൾ. ഗുരുഗ്രാമിൽ ഒരു നല്ല 1BHK ഫ്ലാറ്റ് പോലും എനിക്ക് താങ്ങാനാവുന്നില്ല എന്നാണത്രെ യുവാവ് പറയുന്നത്. 

ഇന്ന് പലരും കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനമെടുക്കുന്നുണ്ട്. അതിപ്പോൾ നല്ല ജോലിയും ശമ്പളവും ഒക്കെയുണ്ടെന്ന് തോന്നുന്നവർ പോലും അത്തരത്തിൽ തീരുമാനമെടുക്കുന്നതായി കാണാം. പലതരം കാരണങ്ങളും അതിന് പറയാറുണ്ട്. അതുപോലെ, കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനമെടുത്ത ഒരു യുവാവിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഗുരുഗ്രാമിലുള്ള തന്റെ കസിന് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയ്ക്ക് ഒരു ലക്ഷവും. എങ്കിലും ഇവർ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. ഗുരുഗ്രാമിൽ ഒരു നല്ല 1BHK ഫ്ലാറ്റ് പോലും തനിക്ക് താങ്ങാനാവുന്നില്ല എന്നാണത്രെ യുവാവ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പോസ്റ്റ് വായിക്കാം;

ഗുരുഗ്രാമിലുള്ള എന്റെ കസിൻ കുട്ടികൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ആൾക്ക് 35 വയസ്സുണ്ട്, മാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നുമുണ്ട്. ഭാര്യയ്ക്ക് മാസം 1 ലക്ഷം ശമ്പളമുണ്ട്. പുറമെ നോക്കുമ്പോൾ അവർ സാമ്പത്തികമായി നല്ല നിലയിലാണ്.

പക്ഷേ, ആൾ പറയുന്ന കാരണം സിംപിളാണ്; ഗുരുഗ്രാമിൽ ഒരു നല്ല 1BHK ഫ്ലാറ്റ് പോലും എനിക്ക് താങ്ങാനാവുന്നില്ല. എനിക്ക് തന്നെ ആവശ്യത്തിന് സ്ഥലമില്ലാത്ത സാഹചര്യത്തിൽ, ഒരു കുട്ടിക്കായി എങ്ങനെ കൂടുതൽ സ്ഥലം കണ്ടെത്തും? കൂടാതെ പ്രൈവറ്റ് സ്കൂൾ പഠനത്തിനായി മാസം 30,000-40,000 രൂപ അധികം എങ്ങനെ ബജറ്റിൽ മാറ്റിവെക്കും?

View post on Instagram

നഗരങ്ങളിൽ ജനനനിരക്ക് കുറയുന്നത് കണ്ട് നമ്മൾ അത്ഭുതപ്പെടേണ്ടതില്ല എന്നും പോസ്റ്റിൽ പറയുന്നതായി കാണാം. 'പ്രതിവർഷം 36 ലക്ഷം വരുമാനമുള്ള ഒരു കുടുംബത്തിന് ഒരു 1BHK ഫ്ലാറ്റും സ്കൂൾ ഫീസും താങ്ങാനാവില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ, അത് വരുമാനത്തിന്റെ പ്രശ്നമല്ല, മറിച്ച് റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ പ്രശ്നമാണ്' എന്നാണ് ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് കമന്റുകൾ നൽകിയത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സത്യമാണ് എന്ന് കമന്റുകൾ നൽകിയവരുണ്ട്. എന്നാൽ, അതേസമയം തന്നെ ഈ ശമ്പളം ലഭിക്കുന്നവർക്ക് ഇത് താങ്ങാനാവുന്നതേയുള്ളൂ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.