Asianet News MalayalamAsianet News Malayalam

ടിക്കറ്റില്ല, കുഞ്ഞിനെ എയർപോർട്ടിൽ ഉപേക്ഷിച്ച് വിമാനത്തിൽ കയറാൻ ശ്രമിച്ച് ദമ്പതികൾ

സ്ട്രോളറിൽ കുട്ടിയുമായി മാതാപിതാക്കൾ ചെക്ക്-ഇന്നിനരികിൽ എത്തി. കുട്ടിയെ ഉപേക്ഷിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. 

couple leave child in airport check in
Author
First Published Feb 2, 2023, 9:15 AM IST

കുട്ടികൾ ഏത് വാഹനത്തിൽ കയറിയാലും ചിലപ്പോൾ കരഞ്ഞു എന്നിരിക്കും, ചിലപ്പോൾ ബഹളം വച്ചു എന്നിരിക്കും. എന്നാലും അവരെ കൂട്ടാതെ മാതാപിതാക്കൾ പോകാറില്ല. എന്നാൽ, ഇപ്പോൾ വാർത്തയാകുന്നത് വ്യത്യസ്തമായ ഈ ദമ്പതികളാണ്. മറ്റൊന്നുമല്ല, കുഞ്ഞിനെ ചെക്ക്-ഇന്നിനടുത്ത് ഉപേക്ഷിച്ച് ഇരുവരും വിമാനത്തിൽ കയറി പോകാൻ ശ്രമിച്ചു. 

എന്നാൽ, കാരണം കുഞ്ഞ് കരയുന്നതൊന്നും ആയിരുന്നില്ല. അവരുടെ കയ്യിൽ കുഞ്ഞിനുള്ള ടിക്കറ്റ് ഇല്ലായിരുന്നു. ചില വിമാനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യാത്ര സൗജന്യമായിരിക്കും. എന്നാൽ, ചില വിമാനങ്ങളിൽ ടിക്കറ്റ് വേണ്ടിവരും അല്ലേ? ഈ വിമാനത്തിൽ കുഞ്ഞുങ്ങൾക്കും ടിക്കറ്റ് വേണമായിരുന്നു. 

ടെൽ അവീവിൽ നിന്നും ബ്രസൽസിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു ദമ്പതികൾ. റയാൻഎയർ വിമാനത്തിലായിരുന്നു ഇരുവർക്കും പോകേണ്ടിയിരുന്നത്. എന്നാൽ, അവർ തങ്ങളുടെ കുഞ്ഞിന് ടിക്കറ്റ് എടുത്തില്ല. കുട്ടിക്ക് ടിക്കറ്റ് വേണ്ടി വരില്ല എന്നാവണം മാതാപിതാക്കൾ കരുതിയത്. 

വിമാനത്തിലേക്ക് കയറാൻ പോകുമ്പോഴാണ് കുട്ടിക്കും ടിക്കറ്റ് എടുക്കണം എന്ന് അമ്മയും അച്ഛനും അറിയുന്നത്. ടിക്കറ്റില്ല എന്ന് മനസിലായതോടെ കുട്ടിക്ക് ടിക്കറ്റെടുക്കാനും മാതാപിതാക്കൾ വിസമ്മതിച്ചു. സ്ട്രോളറിൽ കുട്ടിയുമായി മാതാപിതാക്കൾ ചെക്ക്-ഇന്നിനരികിൽ എത്തി. കുട്ടിയെ ഉപേക്ഷിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. 

എന്നാൽ, എയർപോർട്ട് ജീവനക്കാർ അപ്പോൾ തന്നെ ഇവർ കുട്ടിയെ അവിടെയാക്കി പോകാൻ ശ്രമിക്കുന്നത് കണ്ടു. ഉടനടി പൊലീസിനേയും വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്യാനായി ഇരുവരേയും കസ്റ്റഡിയിൽ എടുത്തു. റയാൻഎയറിന്റെ മാനേജർ പറഞ്ഞത്, ഇത്തരത്തിൽ ഒരു സംഭവം തങ്ങൾ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. 

ബെൽജിയം പാസ്പോർട്ട് കയ്യിലുള്ളവരാണ് ദമ്പതികൾ. എന്നാൽ, ഇസ്രായേൽ എയർപോർട്ട് അധികൃതർ പറയുന്നത്, വൈകിയെത്തിയ ദമ്പതികൾ സുരക്ഷാപരിശോധനയ്ക്ക് പോവുന്നതിന് വേണ്ടിയാണ് കുട്ടിയെ ചെക്ക് ഇന്നിനടുത്ത് തനിയെയാക്കിയത് എന്നാണ്. 

Follow Us:
Download App:
  • android
  • ios