അവർ തങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടിയുള്ള സാധനങ്ങളെല്ലാം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നു. ഒപ്പം ഇത്തരം ജോലികളിലും വീട്ടുജോലികളിലും എല്ലാം എല്ലാവരും പരസ്പരം സഹായിക്കുന്നു.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് വേണ്ടി നഗരം ഉപേക്ഷിച്ച് പോകുന്നവർ ഇന്ന് ഒരുപാടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെയുള്ള ഓഫീസ് ജോലി. നഗരത്തിലെ ഗതാഗതക്കുരുക്ക്, തിരക്ക്, പൊടി എന്നിവയെല്ലാം ഒഴിവാക്കാനും കുറച്ച് ശാന്തമായ ജീവിതം ജീവിക്കാനും വേണ്ടിയാണ് ഇവർ അങ്ങനെ ചെയ്യുന്നത്. 27 -കാരനായ ഗയ് എർലാച്ചർ ഡൗണിംഗും 29 -കാരിയായ ഭാര്യ വിക്കിയും അങ്ങനെ ഒരു ജീവിതം തെരഞ്ഞെടുത്തവരാണ്.
ടോട്ട്‌നസ് നഗരത്തിൽ നിന്നും മാറി ഇപ്പോൾ രണ്ടുപേരും തങ്ങളുടെ കുഞ്ഞിനോടൊപ്പം 44 ഏക്കർ സ്ഥലത്തിന് നടുവിലുള്ള ഒരു മരത്തിന്റെ കാബിനിലാണ് താമസം. ഇവരെ കൂടാതെ നഗരജീവിതം ഉപേക്ഷിച്ച് വന്ന മറ്റ് ഏഴ് കുടുംബങ്ങൾ കൂടി ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങി തിരക്കും അല്ലലുമില്ലാത്ത ശാന്തമായ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേർന്നവരാണ് ഇവരെല്ലാം.
അവർ തങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടിയുള്ള സാധനങ്ങളെല്ലാം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നു. ഒപ്പം ഇത്തരം ജോലികളിലും വീട്ടുജോലികളിലും എല്ലാം എല്ലാവരും പരസ്പരം സഹായിക്കുന്നു. അതുപോലെ എല്ലാവരും എല്ലാവരുടെ കുട്ടികളെയും ശ്രദ്ധിക്കുകയും പരിചരിക്കുകയും ഒക്കെ ചെയ്യുന്നു. ശരിക്കും ഒരു പഴയകാല കൂട്ടുകുടുംബം പോലെയാണ് ഇവരെല്ലാം കഴിയുന്നത്.
ഗയ് നേരത്തെ ഒരു വെയിറ്ററായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ ഒരു ചാരിറ്റി കോർഡിനേറ്റർ ആയി ജോലി ചെയ്യുന്നു. വിക്കി ഒരു അപ്ലൈഡ് സോഷ്യൽ സയൻസ് ഗവേഷകയാണ്. കാലാവസ്ഥാ വ്യതിയാനത്തെയും മാനസികാരോഗ്യത്തെയും കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് അവൾ.
ഇതിനെല്ലാം പുറമെ തങ്ങളുടെ സമയം കമ്മ്യൂണിറ്റി ലിവിങ്ങിനിടെ ഭക്ഷണത്തിനുള്ളവ നട്ടുവളർത്താനും സ്ഥലം വൃത്തിയാക്കാനും ഒക്കെ വേണ്ടി ഇരുവരും ഉപയോഗിക്കുന്നു. ഈ ശാന്തവും ഒറ്റപ്പെട്ടതുമായ ജീവിതം മനോഹരമാണ് എന്നും നഗരത്തിന്റെ തിരക്കുകളുള്ള ആ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരികെ പോകാൻ സാധിക്കില്ല എന്നും ഇരുവരും പറയുന്നു.
