ദമ്പതികൾ അവരുടെ യാത്രക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്. എന്നിട്ടും ഒരു സാധാരണ കച്ചവടക്കാരിയുടെ പക്കൽ നിന്ന് നിസ്സാരമായ സാധനങ്ങൾ മോഷ്ടിക്കാൻ അവർ മുതിർന്നുവെന്നതാണ് കാഴ്ചക്കാരെ കൂടുതൽ ചൊടിപ്പിച്ചത്.
വിയറ്റ്നാമിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് വിദേശയാത്ര പോയ ദമ്പതികൾ ഒരു തെരുവ് കച്ചവടക്കാരിയുടെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇവര്‍ ഇന്ത്യക്കാരാണ് എന്നും ഇത് ഇന്ത്യക്ക് നാണക്കേടാണെന്നാണ് നിരവധിപ്പേർ അഭിപ്രായപ്പെട്ടത്.
വീഡിയോയിൽ, ദമ്പതികൾ തങ്ങളുടെ കുഞ്ഞുമായി വിയറ്റ്നാമിലെ ഒരു ചെറിയ കടയിൽ എത്തുന്നത് കാണാം. കച്ചവടക്കാരി അവർക്ക് സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലായിരിക്കുമ്പോൾ, ഭർത്താവ് തുടർച്ചയായി സംസാരിച്ചുകൊണ്ട് അവരുടെ ശ്രദ്ധ തിരിക്കുന്നു. ഈ അവസരം മുതലെടുത്ത്, അയാൾ രഹസ്യമായി ഒരു സാധനം ഭാര്യയുടെ കയ്യിലേക്ക് വച്ചു കൊടുക്കുകയും, അത് അവർ വേഗം ഒളിപ്പിക്കുകയും ചെയ്യുന്നു.
ദമ്പതികൾ അവരുടെ യാത്രക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്. എന്നിട്ടും ഒരു സാധാരണ കച്ചവടക്കാരിയുടെ പക്കൽ നിന്ന് നിസ്സാരമായ സാധനങ്ങൾ മോഷ്ടിക്കാൻ അവർ മുതിർന്നുവെന്നതാണ് കാഴ്ചക്കാരെ കൂടുതൽ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള പെരുമാറ്റം നിലവാരമില്ലായ്മ മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായയെ വിദേശത്ത് മോശമാക്കുകയും കൂടി ചെയ്യുന്നുവെന്നാണ് സോഷ്യൽ മീഡിയ യൂസർമാർ അഭിപ്രായപ്പെടുന്നത്.
ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യുന്ന അനേകം ഇന്ത്യക്കാർ ഉണ്ടെങ്കിലും, ഇത്തരം സംഭവങ്ങൾ രാജ്യത്തിന് ആവശ്യമില്ലാത്ത നാണക്കേട് വരുത്തുകയും രാജ്യത്തെ കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് സോഷ്യൽ മീഡിയ യൂസർമാർ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തബോധം, ധാർമ്മികത, വിദേശത്ത് പോകുമ്പോൾ സ്വന്തം രാജ്യത്തെ അന്തസ്സോടെ പ്രതിനിധീകരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഈ വീഡിയോ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.


