യാത്രക്കാർക്കിടയിൽ ലഗേജ് മാറിപ്പോകാതിരിക്കാനും മോഷണം തടയാനും പുതിയൊരു വിദ്യ. സ്യൂട്ട്കേസുകളിൽ സ്വന്തം മുഖം തന്നെ വലിയ രൂപത്തിൽ പ്രിന്റ് ചെയ്ത് പിടിപ്പിക്കുന്നതാണ് ഈ ട്രെൻഡ്. 

വിമാനമിറങ്ങി ലഗേജ് ബെൽറ്റിന് മുന്നിൽ കാത്തുനിൽക്കുമ്പോൾ ഒരുപോലെയുള്ള നൂറുകണക്കിന് ബാഗുകൾക്കിടയിൽ നിന്ന് സ്വന്തം ബാഗ് കണ്ടെത്താൻ പാടുപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ യാത്രക്കാർക്കിടയിൽ വൈറലാകുന്ന ഒരു പുതിയ വിദ്യ. ലഗേജ് മാറിപ്പോകാതിരിക്കാൻ സ്യൂട്ട്കേസുകളിൽ സ്വന്തം മുഖം തന്നെ വലിയ രൂപത്തിൽ പ്രിന്റ് ചെയ്ത് പിടിപ്പിക്കുകയാണ് പുതിയ കാലത്തെ ട്രെൻഡ്.

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ X-ൽ (ട്വിറ്റർ) പ്രചരിച്ച ഒരു വീഡിയോയിൽ നിന്നാണ് ഈ വിചിത്രമായ തുടക്കം. ഒരു കുടുംബം ലഗേജ് ബെൽറ്റിന് സമീപം കാത്തുനിൽക്കുമ്പോൾ, അവരുടെ ഓരോരുത്തരുടെയും ബാഗുകളിൽ അവരുടെ തന്നെ മുഖം പ്രിന്റ് ചെയ്ത കവറുകൾ കാണാം. സാധാരണ ഫോട്ടോകളല്ല, മറിച്ച് ആരുടെയും ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലുള്ള തമാശരൂപേണയുള്ള എക്സ്പ്രഷനുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ബാഗുകൾ തിരിച്ചറിയാൻ പണ്ട് ഉപയോഗിച്ചിരുന്ന ചെറിയ ടാഗുകൾക്കും റിബണുകൾക്കും പകരം ഇത്തരം 'ഫെയ്‌സ് കവറുകൾ' ഉപയോഗിക്കുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടത്രെ. തിരക്കുള്ള ലഗേജ് ബെൽറ്റുകളിൽ ദൂരെ നിന്ന് തന്നെ സ്വന്തം ബാഗ് പെട്ടെന്ന് തിരിച്ചറിയാം. മറ്റൊരാളുടെ മുഖമുള്ള ബാഗ് ആരും മാറി എടുക്കില്ലെന്ന് മാത്രമല്ല, മോഷ്ടാക്കൾ പോലും ഇത്തരം ബാഗുകളിൽ കൈവെക്കാൻ മടിക്കും. ബാഗ് മാറിപ്പോകുമോ എന്ന അനാവശ്യ ആശങ്കകൾ ഒഴിവാക്കാം.

Scroll to load tweet…

ഈ പുതിയ രീതിയെ 'ജീനിയസ്' എന്നും 'വി.ഐ.പി ലെവൽ സംരക്ഷണം' എന്നുമാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. 'ഇങ്ങനെയുള്ള ബാഗുകൾ വിമാനത്താവളത്തിലെ ജീവനക്കാർ പോലും ബഹുമാനത്തോടെ കൈകാര്യം ചെയ്യും' എന്ന് ഒരാൾ പറഞ്ഞപ്പോൾ, 'ആരും മോഷ്ടിക്കാൻ ധൈര്യപ്പെടാത്ത ഒരേയൊരു ലഗേജ് ഇതായിരിക്കും' എന്നാണ് മറ്റൊരാൾ കുറിച്ചത്. റെഡിറ്റ് (Reddit), ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളിലും സമാനമായ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിക്കഴിഞ്ഞു. തമാശരൂപേണയുള്ള ചിത്രങ്ങൾ മുതൽ വിചിത്രമായ വേഷപ്പകർച്ചയിലുള്ള ഫോട്ടോകൾ വരെ ആളുകൾ പരീക്ഷിക്കുന്നുണ്ട്. കാഴ്ചയിൽ അല്പം അസ്വാഭാവികമായി തോന്നാമെങ്കിലും, പ്രായോഗികമായി നോക്കിയാൽ ഇതൊരു മികച്ച പരിഹാരമാണെന്നാണ് ഭൂരിഭാഗം യാത്രക്കാരുടെയും അഭിപ്രായം.