Asianet News MalayalamAsianet News Malayalam

കൊവിഡ‍് 19: വീടുകളില്‍ സ്ത്രീകള്‍ കൂടുതലായി പീഡിപ്പിക്കപ്പെടാന്‍ കാരണമാകുമോ?

എന്നാല്‍, ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്ക് സഹായവും ആശ്രയവും നല്‍കുന്ന സ്ഥാപനങ്ങള്‍ അതുപോലെ തന്നെ പ്രവര്‍ത്തിക്കും എന്ന് ഉറപ്പ് നല്‍കുകയാണുണ്ടായത്. സ്ഥാപനം അടച്ചുപൂട്ടാനുള്ള സാഹചര്യമില്ലാതിരിക്കാന്‍ അവര്‍ ശുചിത്വം പാലിക്കുന്നതിനായി ഇരട്ടി അധ്വാനമെടുക്കുകയാണ്. 

covid 19 and domestic violence?
Author
USA, First Published Mar 19, 2020, 1:58 PM IST

അടുത്തൊന്നും കടന്നുപോയിട്ടില്ലാത്ത വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ലോകമിപ്പോള്‍ കടന്നുപോകുന്നത്. ചൈനയിലെ വുഹാനില്‍നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സകല രാജ്യങ്ങളിലേക്കും പടര്‍ന്നുകയറുകയും ലോകാരോഗ്യ സംഘടന അതിനെ കൊവിഡ് 19 എന്നു വിളിക്കുകയും അതൊരു മഹാമാരിയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതീവജാഗ്രതയിലാണ് ലോകം. എല്ലാവരും പരമാവധി വീടിനകത്തിരിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നു. പല സ്ഥലങ്ങളിലും കടകളും മറ്റും അടച്ചിട്ടു. സാധനങ്ങള്‍ ലഭിക്കാനില്ലാത്ത അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. 

ഇപ്പോള്‍ പുതിയൊരു ആശങ്കയിലേക്ക് കൂടി കൊവിഡ് 19 വഴിതെളിച്ചിരിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് അത് കാരണമായിത്തീരുമെന്നാണ് യു എസ്സില്‍ ഗാര്‍ഹികപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ലൈഫ് വയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ റേച്ചല്‍ ക്രിന്‍സ്‍കി പറയുന്നത് 'ഇത് ഗാര്‍ഹിക പീഡനത്തിന്‍റെ ഏറ്റവും മോശം അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കു'മെന്നാണ്. വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ അതിക്രമങ്ങള്‍ നേരിടേണ്ടി വരുമെന്നും. 

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പഠിക്കുന്നവര്‍ പറയുന്നത് ആളുകള്‍ വീട്ടിലിരിക്കേണ്ടി വരുന്ന, സാമൂഹികമായി അകലം പാലിക്കേണ്ടി വരുന്ന ഈ അവസ്ഥ ആളുകളില്‍ വല്ലാത്ത മാനസികസമ്മര്‍ദ്ദമുണ്ടാക്കുകയും അത് ഒരാളെ ക്രൂരനാക്കി മാറ്റാമെന്നുമാണ്. അല്ലെങ്കിലേ പീഡകനായിട്ടുള്ള പങ്കാളിയുള്ളവര്‍ക്ക്, അയാളില്‍നിന്നും കൂടുതല്‍ കൂടുതല്‍ പീഡനങ്ങള്‍ ഈ സമയത്ത് ഏല്‍ക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു. കാരണം, ഈ സമയത്ത് അവര്‍ മുഴുവന്‍ സമയവും വീട്ടില്‍ ഈ പങ്കാളിയോടൊപ്പം ചെലവഴിക്കേണ്ടിവരും. മാത്രവുമല്ല, പലര്‍ക്കും ജോലി തന്നെ നഷ്‍ടമായിക്കാണും, ചിലര്‍ക്ക് പണമുണ്ടാകില്ല. ഇതെല്ലാം തന്നെ ഗാര്‍ഹിക പീഡനത്തിലേക്ക് നയിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. 

യു എസ്സിലെ നാഷണല്‍ ഡൊമസ്റ്റിക് വയലന്‍സ് ഹോട്ട്ലൈന്‍, ചീഫ് ഡെവലപ്മെന്‍റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ക്രിസ്റ്റല്‍ ജസ്റ്റിസ് പറയുന്നത്, 'ഇത്തരത്തിലൊരു പീഡകന്‍ എന്ത് ആയുധമുപയോഗിച്ചും തന്‍റെ അധികാരവും ശക്തിയും പ്രയോഗിക്കും, കൊവിഡ് 19 പോലും അതിനായി ഉപയോഗിക്കപ്പെടാം' എന്നാണ്. ഏതായാലും രാജ്യത്തെ അഭിഭാഷകര്‍ ഗാര്‍ഹികപീഡനം നിയന്ത്രിക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ന്യൂയോര്‍ക്ക് നഗരത്തിലടക്കം കൊവിഡ് 19 കൂടുതലായി ബാധിച്ച സ്ഥലങ്ങളില്‍ ഏറെപ്പേരും വീടിനകത്തിരുന്നുതന്നെ ജോലി ചെയ്യുകയാണ്. അതിനാല്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാനായി വിളിക്കുന്ന ആളുകളുടെ എണ്ണം കൂടാനുള്ള സാധ്യതയെ ഹോട്ട്ലൈന്‍ പരിഗണിക്കുന്നുണ്ട്. 

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കയിലായിക്കഴിഞ്ഞു. കോടതി തുറന്നിരിക്കുമോ എന്ന് പലരും ഇപ്പോള്‍ത്തന്നെ സംശയമുന്നയിച്ചുകഴിഞ്ഞു. എന്നാല്‍, ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍ക്ക് സഹായവും ആശ്രയവും നല്‍കുന്ന സ്ഥാപനങ്ങള്‍ അതുപോലെ തന്നെ പ്രവര്‍ത്തിക്കും എന്ന് ഉറപ്പ് നല്‍കുകയാണുണ്ടായത്. സ്ഥാപനം അടച്ചുപൂട്ടാനുള്ള സാഹചര്യമില്ലാതിരിക്കാന്‍ അവര്‍ ഇരട്ടി അധ്വാനമെടുക്കുകയാണ്. ഒപ്പം ടെലികോണ്‍ഫറന്‍സ് വഴിയും മറ്റും അതിക്രമത്തിനിരയാകുന്നവര്‍ക്ക് സഹായങ്ങളെത്തിക്കാനും ശ്രമിക്കുന്നുണ്ട്. 'വരും ദിവസങ്ങളിലെന്തും സംഭവിക്കാം. അപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നറിയില്ല. അതിനായുള്ള പ്ലാനുകള്‍ ഉണ്ടാക്കുകയാണ്' എന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

വീട്ടില്‍ത്തന്നെ അടച്ചിരിക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ അക്രമാസക്തരാകും. അത് ഏതവസ്ഥയിലേക്കും നീങ്ങാം. സാധാരണയായി ഉപദ്രവിക്കുന്ന സ്വഭാവമുള്ള പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ പരമാവധി സുരക്ഷിതമല്ലാത്ത മുറികളില്‍ ഇരിക്കാതിരിക്കുക, കത്തിപോലെയുള്ള മുറിവേല്‍ക്കാനും മറ്റും സാധ്യതയുള്ള ആയുധങ്ങള്‍ മാറ്റിവെക്കുക പോലെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ നല്‍കുന്നത്. അതുപോലെ തന്നെ എന്തെങ്കിലും തരത്തിലുള്ള അതിക്രമം നേരിടേണ്ടി വന്നാല്‍ വിളിക്കാനുള്ള നമ്പറും നല്‍കിയിട്ടുണ്ട്. സ്‍കൂളടച്ചിരിക്കുകയാണ് എന്നതിനാല്‍ത്തന്നെ കുട്ടികള്‍ക്കുനേരെയും അതിക്രമങ്ങളുണ്ടാകാം എന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പറയുന്നു. ആര്‍ക്കെങ്കിലും ഓടിരക്ഷപ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുപോലും പറ്റാത്ത സാഹചര്യമാണ്. എല്ലാവരും വീട്ടില്‍ ഒരുമിച്ചിരിക്കുന്നു. അവശ്യസാധനങ്ങളുടെയും പണത്തിന്‍റെയും ലഭ്യതക്കുറവടക്കം പലതരം ആശങ്കകളും തലപൊക്കുന്ന നേരമാണ്. അപ്പോള്‍ എന്തും സംഭവിക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. 

ലൈഫ്‍വയര്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം നല്‍കുന്ന തങ്ങളുടെ സ്ഥാപനം പൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലാണ്. ആ സാധ്യത ഒഴിവാക്കാന്‍ കൈകഴുകുന്നതടക്കമുള്ള ശുചിത്വമാര്‍ഗങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുകയാണവര്‍. കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് കൊവിഡ് 19 -നെ തുടര്‍ന്ന് ഉണ്ടാകുന്നത്. ആ പശ്ചാത്തലത്തില്‍ ഇങ്ങനെ അഭയം നല്‍കുന്ന കേന്ദ്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന ആശങ്ക കൂടിയുണ്ട് സ്ഥാപനങ്ങള്‍ക്ക്. 

ആര്‍ക്കെങ്കിലും ദേഷ്യമോ നിസ്സഹായതയോ ഉണ്ടെങ്കില്‍ അതെല്ലാം തങ്ങളേക്കാള്‍ താഴെയാണ് എന്ന് കരുതുന്നവരുടെ മേല്‍ പ്രയോഗിക്കുക എന്നത് കാലങ്ങളായി മനുഷ്യര്‍ ചെയ്‍തുപോരുന്ന കാര്യമാണ്. മിക്കവാറും അതിന്‍റെ ഇരകളാവുക സ്ത്രീകളും കുട്ടികളുമായിരിക്കും. ഈ മഹാമാരിയുടെ കാലത്ത് പരസ്‍പരം ദേഷ്യത്തിനുപകരം സ്നേഹത്തോടെ സഹജീവികളെ ചേര്‍ത്തുനിര്‍ത്തി അതിനെ നേരിടാനാവട്ടെ ലോകത്തിന്. 

Follow Us:
Download App:
  • android
  • ios