കൊവിഡ് 19  മഹാമാരിയെ നിയന്ത്രിക്കാൻ പല രാജ്യങ്ങളും പൂർണ്ണമായ അടച്ചുപൂട്ടലിലാണ്. അതിൽതന്നെ പലരും ഹോം ക്വാറന്റൈനിലുമാണ്. അവർക്ക് വീട് വിട്ട് പുറത്ത് പോകാൻ അവകാശമില്ല. എന്നാൽ, ഒരു ഗ്രാമം മുഴുവൻ ക്വാറന്റൈനിലാകുന്ന ഒരവസ്ഥ ചിന്തിക്കാമോ? അതെ, ഇറ്റലിയിലെ റോമിന് തൊട്ടപ്പുറത്ത് സ്ഥിതിചെയ്യുന്ന നെറോളയെന്ന ഒരു ചെറിയ ഗ്രാമമാണ് ഇങ്ങനെ ഒറ്റപ്പെട്ട് കിടക്കുന്നത്. വെറും 1,900 ഓളം ആളുകൾ മാത്രം താമസിക്കുന്ന ആ ഗ്രാമം വിട്ടു ജനങ്ങൾക്ക് പുറത്തുപോകാനോ, ആ ഗ്രാമത്തിലേക്ക് ആർക്കെങ്കിലും പ്രവേശിക്കാനോ അനുവാദമില്ല. എന്തിന് ആളുകൾക്ക് സ്വന്തം വീട് വിട്ട് പോലും പുറത്തു പോകാൻ അവകാശമില്ല. അതിനി എന്ത് അത്യാവശ്യമായാലും. 77 പേർക്ക് COVID-19 ബാധിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഈ ഗ്രാമം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കയാണ്. എന്നാൽ, ഇതിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ട്. COVID-19 നെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന പരീക്ഷണാത്മക ലബോറട്ടറിയായി ഈ ഗ്രാമത്തെ ഉപയോഗിക്കുകയാണ് ശാസ്ത്രജ്ഞർ ഇപ്പോൾ.  അതിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം അവിടെ നടപ്പിലാക്കിയത്.

ഗ്രാമത്തിലെ റോഡുകൾ സൈന്യം പൂർണ്ണമായും അടച്ചു. ഒരു വണ്ടി പോലും അവിടെ നിരത്തുകളിൽ കാണാൻ സാധിക്കില്ല. ഗ്രാമത്തെ ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചത്തിന്  ശേഷം ആരെയും ഗ്രാമത്തിൽ പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ല. ഒരു ഘട്ടത്തിൽ, ഇറ്റാലിയൻ സർക്കാർ ആ ഗ്രാമത്തിലേക്ക് എത്താനുള്ള എല്ലാ സൈൻ ബോർഡുകളും നീക്കം ചെയ്യുക വരെയുണ്ടായി. ഇത്രയും ചെറിയ ജനസംഖ്യയുള്ള ഒരു ഗ്രാമത്തിൽ വൈറസ് അതിവേഗം പടരുന്നത് മെഡിക്കൽ സമൂഹത്തെ അത്ഭുതപ്പെടുത്തി. 1,900 പേർ മാത്രമുള്ള ഒരു സമൂഹത്തിനുള്ളിൽ കൊറോണ വൈറസ് എങ്ങനെ വ്യാപിക്കുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് മനസ്സിലാക്കാനുള്ള ഒരവസരമാണ് ഇതെന്ന് അവർ കണ്ടു. അങ്ങനെ കോവിഡ് 19 ജനസംഖ്യയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാൻ മെഡിക്കൽ വിദഗ്ധർ തീരുമാനിക്കുകയായിരുന്നു.  

ഒരു നിയന്ത്രിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായിട്ടാണ്  ഇങ്ങനെ ഗ്രാമത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെടുത്തിയത്. ഭക്ഷണത്തിനോ മരുന്നിനോ പോലും വീടുകൾ വിടാൻ അവിടെ ആളുകൾക്ക് അനുവാദമില്ല. അവിടെ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത് സൈന്യമാണ്. ഈ മഹാമാരിയെ നേരിടാനുള്ള പോംവഴി ഗ്രാമം കാണിച്ചുതരുമെന്ന പ്രതീക്ഷയിലാണ് ഗ്രാമം. മേയർ സബീന ഗ്രാനിയേരി ബിബിസിയോട് പറഞ്ഞതിങ്ങനെയാണ്, “ലോകത്തിന്റെ സുരക്ഷയ്ക്കായിട്ടാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. ഇത് ഞങ്ങളുടെ ത്യാഗമാണ്.”

ഗ്രാമത്തിലെ ഒരു കെയർ ഹോമിലാണ് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ, രണ്ട് രോഗികൾ മരിക്കുന്നതുവരെ ഇത് COVID-19 ആണെന്ന് ഡോക്ടർമാർക്ക് മനസ്സിലായില്ലായിരുന്നു. എന്തുകൊണ്ടാണ് ഇറ്റാലിയൻ അധികൃതർ പഠനത്തിനായി ഗ്രാമത്തിൽ ഇത്തരം കടുത്ത നിയന്ത്രങ്ങൾ നടപ്പിലാക്കിയത് എന്ന ചോദ്യത്തിന് ഒരു ആരോഗ്യ ഉദ്യോഗസ്ഥൻ മറുപടിയായി ഇങ്ങനെ പറഞ്ഞു: "ജനസംഖ്യ വളരെ കുറവായിട്ടും ഇവിടെ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇത്തരം കഠിനമായ നിയന്ത്രണങ്ങൾ.”

ഇത്തരമൊരു പരീക്ഷണത്തിന് എന്തിനാണ് ഈ ഗ്രാമത്തെ തെരഞ്ഞെടുത്തത് എന്ന് ബിബിസി ചോദിച്ചപ്പോൾ, റോമിന് തൊട്ടപ്പുറത്തുള്ള ഒരു കുന്നിൻ മുകളിൽ ഒറ്റപ്പെട്ടു കിടക്കുകയാണ് ഈ ഗ്രാമമെന്നും, ചെറിയ ഒരു ജനസംഖ്യ മാത്രമാണ് ഈ ഗ്രാമത്തിലുള്ളതെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ കൂടുതൽ നല്ല രീതിയിൽ ഈ ഗ്രാമത്തെ പഠിക്കാനും, നിരീക്ഷിക്കാനും ഇതുവഴി സാധിക്കുന്നുവെന്നും ആരോഗ്യ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ ത്യാഗം മുഴുവൻ മനുഷ്യസമൂഹത്തിന് ഉപകാരപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” മേയർ പറഞ്ഞു.

ഇറ്റലിയിലെ ഈ ചെറിയ ഗ്രാമം COVID-19 എന്ന മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം. ഗ്രാമീണരെ സൂക്ഷ്മമായി നിരീക്ഷിക്കാനും, പരീക്ഷണാത്മക ചികിത്സകൾ അവരിൽ നടത്താനുമാണ്‌ ഗവേഷകർ പദ്ധതിയിടുന്നത്.