Asianet News Malayalam

മെയ് 16ന് ശേഷം ഇന്ത്യയിൽ ഒരു കോവിഡ് രോഗി പോലും ഉണ്ടാവില്ലെന്ന നീതി ആയോഗിന്‍റെ പ്രവചനം പാളി, ലോക്ക്ഡൗൺ പരാജയമോ?

ഇന്ന് ഒരു ലക്ഷത്തിൽ പരം ടെസ്റ്റുകൾ ദിനം പ്രതി നടത്തുന്നുണ്ട്. പക്ഷേ, ഇന്ന് അത് കതിരിന്മേൽ വളം വെക്കുന്ന ഫലമാണ് ചെയ്യുന്നത്. 

Covid statistics indicate lock down a total failure
Author
India, First Published May 19, 2020, 6:11 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഏകദേശം 3169 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടുകഴിഞ്ഞു. 39,000 -ൽ പരം പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തിരിക്കുന്നു. ലോക്ക് ഡൌൺ നാലാം ഘട്ടത്തിലേക്ക് കടന്ന മെയ് 17 -നു ശേഷം പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് നല്കിത്തുടങ്ങിയ സാഹചര്യത്തിൽ അസുഖബാധ ഇനിയും ഏറാനാണ് സാധ്യത. മാർച്ച് 24 -ന് കൊറോണാ വൈറസിനെതിരെയുള്ള ഇരുപത്തൊന്നു ദിവസത്തെ യുദ്ധം എന്നപേരിൽ ഒന്നാം ലോക്ക്ഡൌൺ തുടങ്ങിയ ശേഷം ഇതുവരെ മോദി സർക്കാർ മൂന്നുവട്ടം ലോക്ക് ഡൗൺ നീട്ടിക്കഴിഞ്ഞു. എന്നിട്ടും രോഗമുക്തിയുടെ യാതൊരു ലക്ഷണവും ഇന്നുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കാണുന്നില്ല.

രാജ്യത്ത് കൊവിഡ് മഹാമാരിയെ തടുക്കാൻ വേണ്ടി രൂപീകരിച്ച ഒരു ദേശീയതല കർമ്മസമിതിയുണ്ട് - നാഷണൽ ടാസ്ക് ഫോഴ്‌സ്. ലോക്ക് ഡൗൺ കാലഘട്ടത്തിലും, അതിനു ശേഷവും രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ വേണം എന്നത് തീരുമാനിക്കുന്നത് അവരാണ്. അവർ ആ പ്രവർത്തനങ്ങളുടെ പ്ലാനിങ്ങിനായി ആശ്രയിക്കുന്നതോ, മുമ്പ് പ്ലാനിങ് കമ്മീഷൻ എന്നും ഇന്ന് നീതി ആയോഗ് എന്നും അറിയപ്പെടുന്ന കേന്ദ്രസ്ഥാപനത്തിന്റെ പഠനങ്ങളെയും.  മെയ് 16 -നു ശേഷം ഇന്ത്യയിൽ ഒരു കോവിഡ് പോസിറ്റീവ് കേസുപോലും ഉണ്ടാകില്ല എന്നായിരുന്നു നീതി ആയോഗ് അംഗവും, കൊവിഡ് പ്രതിരോധത്തിന്റെ മെഡിക്കൽ മാനേജ്‌മെന്റിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ തലവനുമായ ഡോ. വി കെ പോൾ ഏപ്രിൽ 25 ന് അവതരിപ്പിച്ച ഒരു റിപ്പോർട്ട് പ്രവചിച്ചത്. ഇക്കാര്യം പരാമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യയുടെ കൊവിഡ് കർവ് ഫ്ലാറ്റെൻ ആകുന്നതായി കാണിക്കുന്നുണ്ട്. ഈ പഠനം സമ്പൂർണ പരാജയമായിരുന്നു എന്നും, ഈ മാത്തമാറ്റിക്കൽ മോഡൽ ശുദ്ധ അബദ്ധമായിരുന്നു എന്നുമാണ് മെയ് 16 നു ശേഷവും വർധിതവീര്യത്തോടെ രാജ്യത്ത് കൊവിഡ് നടത്തുന്ന തേരോട്ടം തെളിയിക്കുന്നത്.

 

 

എന്താണ്  നീതി ആയോഗിന്റെ ഈ മാത്തമാറ്റിക്കൽ മോഡലിന്റെ താത്വികാടിസ്ഥാനമെന്നോ, എന്തൊക്കെ ഘടകങ്ങളെയാണ് അത് പരിഗണിച്ചിരിക്കുന്നത് എന്നോ ഒന്നും ആരും മറുചോദ്യങ്ങൾ ഉന്നയിച്ചില്ല. ഈ മോഡൽ ശരിയാണ് എന്ന മുൻധാരണയുടെ പുറത്തായിരുന്നു നമ്മുടെ ദേശീയ തലത്തിലുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തലപ്പത്തിരുന്നവരിൽ പോലും പലർക്കും ഇതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 

ലോക്ക് ഡൗണിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ 

നാലാംഘട്ടത്തിലേക്ക് കടക്കുന്ന  ദേശീയ ലോക്ക് ഡൗൺ ഒരു സമ്പൂർണ പരാജയമായിരുന്നു എന്നാണ് ഈ രംഗത്തെ പല വിദഗ്ധരുടെയും അഭിപ്രായം. ഒന്നാം ഘട്ടത്തിലെ ലോക്ക് ഡൗൺ അത്യന്താപേക്ഷിതമായിരുന്നു എന്ന് അവരിൽ പലരും സമ്മതിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വന്ന ഈ പുതിയ രോഗത്തെപ്പറ്റിയുള്ള ഡാറ്റ ശേഖരിക്കാനും, ആ പ്രക്രിയ നടക്കുന്നതിനിടെ നമ്മുടെ ആരോഗ്യ സംവിധാനം താറുമാറാകാതെ സൂക്ഷിക്കാനും, ഒരു പരിധിവരെ ആ കാലയളവിൽ കർവ് ഫ്ലാറ്റെൻ ചെയ്യാനും അതുപകരിച്ചു എന്നത് നേരാണ്. എന്നാൽ, ആ ആവശ്യത്തിന് ആദ്യത്തെ മൂന്നോ നാലോ ആഴ്ചത്തെ ലോക്ക് ഡൗൺ കാലയളവ് പര്യാപ്തമായിരുന്നു. ഈ കാലയളവിൽ ശേഖരിക്കപ്പെട്ട ആരോഗ്യ ഡാറ്റ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ കുറേക്കൂടി മികച്ച ഒരു കൊവിഡ് റെസ്പോൺസ് രാജ്യത്തിന് കൈക്കൊള്ളാമായിരുന്നു. എന്നാൽ അതുണ്ടായില്ല എന്നതാണ് സത്യം.

ലോക്ക് ഡൗൺ എന്നത് കൊവിഡിനെതിരായ പോരാട്ടപ്രവർത്തനങ്ങളുടെ ആദ്യത്തെ ചവിട്ടുപടി മാത്രമാണ്. എന്നാൽ, അവിടന്നങ്ങോട്ടും അത് ഒരേയൊരു ആയുധമായി കൊണ്ടുനടന്നാൽ ജനങ്ങൾ പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക. നിർബന്ധിതമായ സാമൂഹിക അകലം മുന്നോട്ടു വെക്കും എന്നല്ലാതെ മറ്റൊരു പങ്കും കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോക്ക് ഡൗണിനില്ല. ലോക്ക് ഡൗണിനു പിന്നാലെ വേണ്ടത്ര ടെസ്റ്റിങ് നടത്തി, പഴുതടച്ചുള്ള കോൺടാക്ട് ട്രേസിങ് നടത്തി വേണമായിരുന്നു മുന്നോട്ട് നീങ്ങാൻ. അതൊന്നും ചെയ്യാതെ ലോക്ക് ഡൗൺ മാത്രം നീട്ടിക്കൊണ്ടിരിക്കുന്നത് ഉണ്ടയില്ലാതെ തോക്കുമാത്രം കൊണ്ട് നടക്കുന്നത് പോലെയാണ്.  

സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത പ്ലാനിങ് ആണ് ഇങ്ങനെ വിശേഷിച്ചൊരു ലക്ഷ്യവുമില്ലാതെ ലോക്ക് ഡൗൺ നീളുന്നതിന് പിന്നിൽ എന്ന് ആക്ഷേപമുണ്ട്. കൊവിഡ് എന്ന മഹാമാരിയെ അത് അർഹിക്കുന്ന ഗൗരവത്തോടെ കേന്ദ്രം സമീപിക്കാതിരുന്നതാണ് മൂന്നു വട്ടം ലോക്ക് ഡൗൺ നീട്ടിയിട്ടും ഇന്ത്യയുടെ കർവ് ഫ്ലാറ്റെൻ ആകാതിരുന്നതിനു പിന്നിലെ കാരണം എന്ന് സിവിൽ എഞ്ചിനീയറും ഡാറ്റാ അനലിസ്റ്റും ആയ ജെയിംസ് വിൽസൺ അഭിപ്രായപ്പെട്ടു. കൊവിഡിന്റെ ബഹളങ്ങൾ തുടങ്ങുന്ന സമയത്ത്, ലോക്ക് ഡൗൺ ഒക്കെ പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ്, മാർച്ച് 10 -ന് പുണെയിൽ രണ്ടു കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിൽ " ടിപ്പ് ഓഫ് ദ ഐസ് ബെർഗ്' എന്ന് കുറിച്ചിരുന്നു.

 

 

അതിനു ചുവടെ പലരും വന്നു അദ്ദേഹത്തെ 'ദോഷൈകദൃക്ക്' എന്നും 'നെഗറ്റിവിറ്റി പരത്തുന്ന' ആളെന്നും ഒക്കെ വിളിക്കയുണ്ടായി അന്ന്. പക്ഷേ, തന്റെ ട്വീറ്റിന് നീതീകരണമായി പറഞ്ഞത്, കഴിഞ്ഞ കുറെ ദിവസത്തെ മറ്റു ട്വീറ്റുകൾ പരിശോധിക്കാൻ മാത്രമാണ്. കാരണം, ജനുവരി 30 -ന് ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചു വന്ന രണ്ട് മലയാളി മെഡിക്കൽ വിദ്യാർഥികളിലൂടെ ആദ്യമായി ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട അന്ന് തൊട്ട് ഇന്ത്യയിലെയും, വിശിഷ്യാ കേരളത്തിലെയും രോഗത്തിന്റെ ട്രെൻഡുകളെ വളരെ താത്പര്യത്തോടെ വിശകലനം ചെയ്യുകയും നിരീക്ഷണങ്ങൾ ഇടയ്ക്കിടെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു വിൽസൺ. ദിവസങ്ങളും ആഴ്ചകളും ഇടവിട്ട് നടത്തിയ വിശകലനങ്ങളിൽ ട്രെൻഡ് ഏറെ മോശമാണ് എന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലായിരുന്നു വിൽസന്റെ പ്രവചനാത്മകമായ ആ ട്വീറ്റ്. 

 

 

പിന്നാലെ മാർച്ച് അവസാനത്തോടെ ലോക്ക് ഡൗൺ വന്നു. ഒരു മാസം കഴിഞ്ഞ്, ഏപ്രിൽ 24 -ന് തങ്ങളുടെ ലോക്ക് ഡൗൺ വിജയമാണ് എന്നും നിലവിലെ ട്രെൻഡുകൾ പ്രകാരം മെയ് 16 -നു ശേഷം ഒരു കൊവിഡ്  പോസിറ്റീവ് രോഗി പോലും ഇന്ത്യയിൽ ഉണ്ടാവില്ലെന്നുള്ള നീതി ആയോഗ് അംഗം വികെ പോളിന്റെ പ്രസ്താവന വരുന്നു. മെയ് 2 -ന് ആ ഒരാഴ്ചത്തെ ട്രെൻഡിനെ വിശകലനം ചെയ്തുകൊണ്ട് ജെയിംസ് വിൽസൺ ഒരു ട്വീറ്റ് കൂടി ചെയ്തു. നീതി ആയോഗ് കേസുകളുടെ എണ്ണം പൂജ്യമാകും എന്ന് പറയുന്ന മെയ് 16 നുള്ളിൽ ഇന്ത്യയിലെ കേസുകളുടെ എണ്ണം ചുരുങ്ങിയത് 80,000 കടക്കും എന്നും അദ്ദേഹം പ്രവചിച്ചു. ആ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഫലിച്ചു. മെയ് 15 -നുതന്നെ കേസുകൾ 80,000 കടന്നു. ഇന്നേക്ക് ഇതാ ഒരു ലക്ഷവും. ഇപ്പോൾ ഓരോ ദിവസം കഴിയും തോറും 5000 -ൽ പരം കേസുകളാണ് പുതുതായി സ്ഥിരീകരിക്കപ്പെടുന്നത്.  ഈ ട്രെൻഡ് വരും ദിവസങ്ങളിൽ കൂടുതൽ വഷളായേക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. 

ലോക്ക് ഡൗണിൽ വന്ന പിഴവ് എന്താണ്? 

ലോക്ക് ഡൗണിനെ കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ വിനിയോഗിക്കേണ്ടതായിരുന്നു. രോഗബാധ സംശയിക്കുന്നവരെ ഒന്നൊന്നായി കണ്ടെത്തി ഐസൊലേറ്റ് ചെയ്ത്, ക്വാറന്റീനിൽ പാർപ്പിക്കേണ്ടതായിരുന്നു. അതിനു പകരം, ജനങ്ങളെ അടിച്ചോടിക്കുന്നതിലും, അവരെ ഏത്തമിടീക്കുന്നതിലും, അച്ചടക്കം പഠിപ്പിക്കുന്നതിലും ഒക്കെയായിരുന്നു പൊലീസിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ. ആരോഗ്യപ്രശ്‌നങ്ങൾ കൃത്യമായി കണ്ടെത്തി അവ പരിഹരിക്കാൻ ആവശ്യമായ ഏകോപനങ്ങൾ നടത്തേണ്ടുന്നതിനു പകരം ജില്ലാ ഭരണകൂടങ്ങളിൽ പലതും തങ്ങളുടെ അധികാരപരിധിയിലെ ക്രമാസമാധാനപാലനത്തിലാണ് ശ്രദ്ധിച്ചത്.

ഇന്ത്യയെപ്പോലെ തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കിയ വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധം ഫലം കണ്ടത് അവർ അതോടൊപ്പം തന്നെ വ്യക്തമായ പ്ലാനിങ്ങോടെ മറ്റു നിയന്ത്രണനടപടികളിൽ കൂടി ശ്രദ്ധിച്ചത് കൊണ്ടാണ്. ഒരാൾ പോലും മരണപ്പെടാതെ കാക്കാൻ വിയറ്റ്നാമിന് സാധിച്ചത് രാജ്യത്തെ കർശനമായ ടെസ്റ്റിംഗ്, കോൺടാക്ട് ട്രേസിങ്, ക്വാറന്റീൻ നടപടികളിലൂടെയാണ്. അല്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച്, വേണ്ടവിധത്തിൽ തുടർന്ന് പ്രവർത്തിക്കാതെ കയ്യും കെട്ടി നോക്കി നിന്നുകൊണ്ടല്ല.

മോദി ആദ്യം പ്രഖ്യാപിച്ച 21 ദിവസം കൊണ്ടോ, പിന്നീട് നീട്ടിയ അടുത്ത രണ്ടാഴ്ച കൊണ്ടോ, അതിനു ശേഷം വീണ്ടും രണ്ടു വട്ടം നീട്ടിയ സമയം കൊണ്ടോ ഒന്നും കൊവിഡ് ബാധയുടെ തീവ്രത കുറഞ്ഞില്ല എന്നുമാത്രമല്ല, രോഗബാധ ഒരു ലക്ഷവും, മരണ സംഖ്യ മൂവ്വായിരവും ഒക്കെ വളരെ എളുപ്പത്തിൽ ഇന്ത്യ താണ്ടി. ഒപ്പം രോഗബാധിതമായ നഗരങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പോകാൻ മാർഗമില്ലാതെ,  എന്നാൽ താമസിക്കുന്നിടങ്ങളിൽ പശിയടക്കാൻ ഭക്ഷണം കിട്ടാതെ, ഏത് നിമിഷവും രോഗം ബാധിച്ച് മരിച്ചുപോകാം എന്ന ആശങ്ക താങ്ങാനാകാതെ നാടുകളിലേക്ക് നടന്നും, സൈക്കിളുകളിലും, കിട്ടിയ ട്രക്കുകളിലും മറ്റുമായി പലായനം തുടങ്ങിയവർ മാർഗ്ഗമധ്യേ നേരിട്ട അപകടങ്ങളിൽ ആകെ മരണം 131 കടന്നു. 

വൈകി ഉദിച്ച വിവേകം 

ഇന്ത്യയിൽ ആദ്യത്തെ കേസ് വരുന്നത് ജനുവരി 30 നാണ്. ഇന്ത്യ അന്താരാഷ്ട്രവിമാനങ്ങളുടെ യാത്രക്ക് നിയന്ത്രണം കൊണ്ടുവരുന്നത് മാർച്ച് 6 -നു ശേഷമാണ്. ലോക്ക് ഡൗൺ വരുന്നത് പിന്നെയും വൈകി മാർച്ച് 25 മുതൽക്ക് മാത്രമാണ്. ഇത്രയും കാലം, ഇന്ത്യയിലേക്ക് പല മാർഗങ്ങളിലൂടെ രോഗികളുടെ വരവുണ്ടായി. വന്നവർ സമൂഹത്തിൽ ഇറങ്ങി നടന്ന് രോഗം പലർക്കും നൽകിക്കൊണ്ടിരുന്നു. തുടക്കത്തിൽ ICMR വേണ്ടത്ര എണ്ണം ടെസ്റ്റുകൾ നടത്തിയില്ല. അന്ന്, ഇത്രയധികം ടെസ്റ്റുകൾ നടത്താൻ ശേഷിയില്ല എന്ന് പറഞ്ഞ് വളരെ കുറച്ച് പരിശോധനകൾ മാത്രം നടത്തിക്കൊണ്ടിരുന്നിടത്ത് ഇന്ന് ഒരു ലക്ഷത്തിൽ പരം ടെസ്റ്റുകൾ ദിനം പ്രതി നടത്തുന്നുണ്ട്. പക്ഷേ, ഇന്ന് അത് കതിരിന്മേൽ വളം വെക്കുന്ന ഫലമാണ് ചെയ്യുന്നത്

ആദ്യഘട്ടത്തിൽ ചൈനയിലും, ഇറ്റലിയിലും, അമേരിക്കയിലും ഒക്കെ രോഗം വളരെ രൂക്ഷമായിരുന്ന സമയത്ത് വേണ്ടത്ര ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രത്തിനായില്ല.  ഇന്നിപ്പോൾ ലോക്ക് ഡൗൺ നിമിത്തം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ദിനംപ്രതി 30,000 കോടി രൂപ വീതം സാമ്പത്തിക നഷ്ടമുണ്ട് എന്നാണ് കണക്ക്. അതായത് ലോക്ക് ഡൗണിൽ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ഇന്ത്യക്ക് ഏകദേശം 17 ലക്ഷം കോടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തുടക്കത്തിൽ കിറ്റിന്റെ വിലയെപ്പറ്റി ആലോചിച്ച് വേണ്ടത്ര കിറ്റുകൾ വാങ്ങാതെ, വേണ്ട സമയത്ത് വേണ്ടത്ര ടെസ്റ്റുകൾ ചെയ്യാതെ പാഴാക്കിയ ദിനങ്ങൾ കാരണം, ഇന്ന് അന്ന് ചെലവാക്കേണ്ടിയിരുന്ന സംഖ്യയുടെ എത്രയോ ഇരട്ടി തുക രാജ്യത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

അറിയാതെ പകരുന്ന വൈറസ് 

ഒരാളും താൻ രോഗബാധിതനാണ് എന്നറിഞ്ഞു കൊണ്ട് നാട്ടിൽ ഇറങ്ങി നടക്കുകയോ മറ്റൊരാൾക്ക് രോഗം പകർന്നു നൽകുകയോ ചെയ്യില്ല. സ്വന്തം പൗരന്മാരിൽ ആർക്കാണ് രോഗബാധയ്ക്കുള്ള സാധ്യതയുള്ളത് എന്ന് തിരിച്ചറിഞ്ഞ്, അവരെ ടെസ്റ്റ് ചെയ്യുകയും, രോഗമില്ല എന്ന് സ്ഥിരീകരിക്കുകയും ചെയ്യും വരെ അവരെ ക്വാറന്റീനിൽ പാർപ്പിക്കുകയും ചെയ്യേണ്ടിയിരുന്നത് കേന്ദ്ര സർക്കാർ ആയിരുന്നു. അതിന് കേന്ദ്രം അതാത് സംസ്ഥാനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകേണ്ടതുണ്ടായിരുന്നു. യഥാസമയം ഈ ഉത്തരവാദിത്തം കാര്യക്ഷമമായി നിർവഹിക്കുക എന്ന കടമ നിറവേറ്റാൻ കേന്ദ്രത്തിനായില്ല എന്നതിന്റെ നേർസാക്ഷ്യമാണ് നീതി ആയോഗ് കേസുകളുടെ എണ്ണം പൂജ്യമാകും എന്ന് പ്രവചിച്ച മെയ് പതിനാറും കഴിഞ്ഞ്, ഒരു ലക്ഷം പിന്നിട്ട് രോഗബാധ ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്.

 

 

ലോക്ക് ഡൗണിന്റെ പരിമിതികളാണ്, അതുണ്ടാക്കുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനസർക്കാരുകളുടെ ഭാഗത്തുനിന്ന് വരുന്ന പിഴവുകളാണ് ജനങ്ങളെ റോഡിലൂടെയും, റെയിൽ പാളത്തിലൂടെയും ഒക്കെ നൂറുകണക്കിന് കിലോമീറ്റർ ഒട്ടിയ വയറുമായി ഇറങ്ങി നടക്കാൻ പ്രേരിപ്പിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾ കാണിക്കുന്ന കൊവിഡ് പ്രതിരോധത്തിന്റെ വിജയമാതൃകകൾ പിന്തുടരാൻ മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള രോഗബാധ ഏറ്റവും കടുത്തു നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് സാധിക്കേണ്ടതാണ്. അങ്ങനെ, യഥാസമയം വേണ്ടത് ചെയ്തെങ്കിൽ മാത്രമേ കൊറോണ പരത്തിയ അന്ധകാരത്തിന്റെ അങ്ങേയറ്റത്തെങ്കിലും, പ്രത്യാശയുടെ ഒരു തരി വെളിച്ചം നമുക്ക് തിരഞ്ഞു പിടിക്കാനാവൂ.  

Follow Us:
Download App:
  • android
  • ios