Asianet News Malayalam

ചിതാഭസ്മം കൊണ്ടുപോകാനാളെത്തുന്നില്ല, മൃതദേഹത്തിൽ നിന്നുള്ള ചാരം പാർക്ക് നിർമ്മാണത്തിന്

ചാരം, മണ്ണ്, ചാണകം, ഈർച്ചപ്പെടി, മണൽ തുടങ്ങിയവ ഉപയോഗിച്ചാണ് ശ്മശാനത്തിൽ 12,000 ചതുരശ്ര അടി സ്ഥലത്ത് ഒരു പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. 

covid victim's ashes used to make a park
Author
Bhopal, First Published Jul 6, 2021, 2:05 PM IST
  • Facebook
  • Twitter
  • Whatsapp

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യയുടെ പലഭാഗത്തും ലോക്ക്ഡൗണും, നിയന്ത്രണങ്ങളും യാത്രാവിലക്കുകൾക്ക് കാരണമായി. ഇത് മൂലം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം കുടുംബങ്ങൾക്ക് ശ്മശാനങ്ങളിൽ പോയി ഏറ്റ് വാങ്ങാൻ സാധിക്കാതായി. ഭോപ്പാലിലും അത്തരം കൊവിഡ് ഇരകളുടെ മൃതദേഹങ്ങൾ കത്തിക്കുകയുണ്ടായി. എന്നാൽ, അവകാശപ്പെടാൻ ആരുമില്ലാതെ ബാക്കിയായ ചാരം പിന്നീട് എന്ത് ചെയ്യുമെന്നത് ഒരു ചോദ്യമായിരുന്നു. എന്നാൽ, അധികാരികൾ അതിന് ഒരു പുതിയ മാർഗം കണ്ടെത്തി. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ചാരം ഉപയോഗിച്ച് ഭോപ്പാലിലെ ഒരു ശ്മശാനത്തിൽ അവർ ഒരു പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചു.    

ഭാബ്ബാദ വിസ്റം ഘട്ടിലാണ് പാർക്ക് വികസിപ്പിക്കുന്നത്. ട്രക്കുകളിൽ കൊണ്ടുവന്ന 21 ലോഡ് ചാരമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പലർക്കും പ്രിയപ്പെട്ടവരുടെ ചിതാഭസ്മം കൊണ്ടുപോകാൻ സാധിച്ചില്ല. അവയെല്ലാം ശരിയായ രീതിയിൽ നീക്കംചെയ്യുന്നത് മാനേജുമെന്റിന്റെ മുമ്പാകെ ഒരു വെല്ലുവിളിയായി തീർന്നു. അങ്ങനെയാണ് ആ ചാരം ഉപയോഗിച്ച് ഒരു പാർക്ക് നിർമ്മിച്ചാലെന്തെന്ന് അധികാരികൾ ചിന്തിച്ചത്. പകർച്ചവ്യാധി മൂലം മരിച്ചവരുടെ സ്മരണയ്ക്കായി ശ്മശാനത്തിൽ 12,000 ചതുരശ്ര അടി സ്ഥലത്ത് പാർക്ക് വികസിപ്പിക്കുമെന്ന് ശ്മശാന മാനേജ്മെൻറ് കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു.

മാർച്ച് 15 മുതൽ ജൂൺ 15 വരെയുള്ള 90 ദിവസത്തെ കാലയളവിൽ ആറായിരത്തിലധികം മൃതദേഹങ്ങൾ ഭദ്ഭാദ വിസ്റം ഘട്ടിൽ സംസ്‌കരിച്ചിരുന്നു. കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും അസ്ഥികൾ ശേഖരിച്ചെങ്കിലും നിയന്ത്രണങ്ങൾ മൂലം ബാക്കിയുള്ളവരുടെ ചാരം ആരും അവകാശപ്പെടാനില്ലാതെ ഉപേക്ഷിക്കപ്പെട്ടു. "ബാക്കി വന്ന ചാരം ആദ്യം നർമ്മദ നദിയിൽ ഒഴുക്കാമെന്നാണ് കരുതിയത്. എന്നാൽ അത് പ്രായോഗികമല്ല, കൂടാതെ പരിസ്ഥിതി സൗഹൃദപരവുമല്ല. അങ്ങനെ ചെയ്യുന്നത് നദിയെ മലിനമാക്കുമെന്ന് തോന്നിയപ്പോഴാണ് ചാരം ഉപയോഗിച്ച് പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്” ശ്മശാനത്തിന്റെ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി മംതേഷ് ശർമ്മ പറഞ്ഞു.

ചാരം, മണ്ണ്, ചാണകം, ഈർച്ചപ്പെടി, മണൽ തുടങ്ങിയവ ഉപയോഗിച്ചാണ് ശ്മശാനത്തിൽ 12,000 ചതുരശ്ര അടി സ്ഥലത്ത് ഒരു പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. ഉദ്യാനത്തിൽ ചെടികൾ വളർത്താൻ ജപ്പാനിലെ മിയാവാക്കി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 3,500-4,000 ചെടികൾ അവിടെ നട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചതുരശ്ര മീറ്ററിൽ രണ്ടോ നാലോ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് മിയാവാക്കി രീതി. രണ്ട് മൂന്ന് വർഷത്തിനുള്ളിൽ മിയാവാക്കി വനങ്ങൾ വളരുകയും, സ്വയം അതിജീവിക്കുകയും ചെയ്യും. ശ്മശാനത്തിലെ ഈ പാർക്ക് മരിച്ചവരുടെ ഓർമ്മ നിലനിർത്തുമെന്നും, നഗരത്തിലെ ആളുകൾക്ക് ചെടികൾ നടാനുള്ള പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios