അമേരിക്കൻ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള തീവ്രവാദസംഘനകളുടെ ടോപ്പ് ടെൻ ലിസ്റ്റിൽ ആറാമത്തെ സ്ഥാനത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഇടംനേടിയിരിക്കുന്നു. ഭീകരവാദബാധിത രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം നൽകിയ ഈ പഠനത്തിൽ, ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന അക്രമസംഭവങ്ങളിൽ പാതിയിലേറെയും ജമ്മു കശ്മീരിൽ നിന്നാണെന്നും പറയുന്നു.

അമേരിക്കൻ ഗവണ്മെന്റ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ 'കൺട്രി റിപ്പോർട്ട് ഓൺ ടെററിസം 2018' എന്ന പഠനറിപ്പോർട്ടിലാണ് മേൽപ്പറഞ്ഞ പരാമർശങ്ങളുളളത്. കഴിഞ്ഞ വര്‍ഷം 311 അക്രമസംഭവങ്ങളിലായി ഇന്ത്യയിലെ മാവോയിസ്റ്റുകൾ 177 പേരെ വധിച്ചിട്ടുണ്ട് എന്ന് ഈ റിപ്പോർട്ട് പറയുന്നു. ഇത് കേന്ദ്രഗവണ്മെന്റിന്റെ കണക്കുകളിൽ നിന്ന് ഒരല്പം വ്യത്യസ്തമാണ്. കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, 2018 -ൽ ഇന്ത്യയിൽ ആകെ നടന്നത് 833 അക്രമസംഭവങ്ങളാണ്. വധിക്കപ്പെട്ടത് 244 പേരും.

പ്രസ്തുത ലിസ്റ്റിൽ മാവോയിസ്റ്റുകളേക്കാൾ അപകടകാരികളെന്ന് മുദ്രകുത്തപ്പെട്ട അഞ്ചു ഭീകരസംഘടനകളാണുള്ളത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും തുടരുന്ന താലിബാൻ, രണ്ടാമത് ഇസ്ലാമിക് സ്റ്റേറ്റ്, മൂന്നാമത്തേത് ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ ശബാബ്, നാലാമത് നൈജീരിയയിലെ ബോക്കോ ഹറാം, അഞ്ചാമത്തേത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ്. ഭീകരവാദഭീഷണിയുടെ കാര്യത്തിൽ ഇന്ത്യക്ക് മുകളിലായി ഉള്ളത് അഫ്ഗാനിസ്ഥാനും, സിറിയയും, ഇറാഖും മാത്രമാണ്. ഇന്റലിജൻസ് ഏജൻസികളുടെ കഴിവുകേടും, കിട്ടുന്ന വിവരങ്ങൾ ഏജൻസികൾ  തമ്മിൽ പങ്കുവെക്കാനുള്ള വിമുഖതയുമാണ് തീവ്രവാദം ഇത്രകണ്ട് ഇന്ത്യൻ മണ്ണിൽ പടർന്നുപന്തലിച്ചതിനു കാരണമായി ഈ പഠനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നക്സലുകൾ എന്ന പേരിലും അറിയപ്പെടുന്ന സിപിഐ (മാവോയിസ്റ്റു)കൾ ഇന്ത്യയിൽ നടന്ന സംഭവങ്ങളുടെ 26 ശതമാനം അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജെയ്‌ഷെ മുഹമ്മദും, ഹിസ്ബുൾ മുജാഹിദ്ദീനും, ലഷ്കർ-എ-ത്വയ്യിബയുമാണ് ഈ ലിസ്റ്റിൽ മാവോയിസ്റ്റുകൾക്ക് പിന്നിലായി ഇടംപിടിച്ചിട്ടുള്ള മറ്റു സംഘടനകൾ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭീകരവാദത്തിന്റെ സാന്നിധ്യമുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഛത്തിസ്ഗഢ് ആണ് ഈ റിപ്പോർട്ടുപ്രകാരം ഏറ്റവും അധികം ഭീകരസാന്നിദ്ധ്യമുള്ള സംസ്ഥാനം.

 

ആരാണ് ഈ സിപിഐ മാവോയിസ്റ്റുകൾ?

മുൻകാലങ്ങളിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സജീവമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ് ലെനിനിസ്റ്റ്) പീപ്പിൾസ് വാർ - CPI(ML), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യ-MCCI എന്നീ രണ്ടു ഇടതുതീവ്രസംഘടനകൾ ലയിച്ചു ചേർന്നുകൊണ്ട് 2004 സെപ്റ്റംബർ 21 -ന് ജന്മമെടുത്ത പുതുസംഘടനയാണ് സിപിഐ (മാവോയിസ്റ്റ്) എന്നത്. ഒക്ടോബർ 14 -ന്  പ്രഖ്യാപിക്കപ്പെട്ട പ്രസ്തുത ലയനത്തിൽ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെ അംഗങ്ങളുടെ പേരും പ്രഖ്യാപിക്കപ്പെട്ടു. ഗണപതി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന, പഴയ പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായിരുന്ന മുപ്പള ലക്ഷ്മണ റാവു ആയിരുന്നു പുതിയ പാർട്ടിയുടെ ജനറൽ സെക്രട്ടറി. ആദ്യ ലയനത്തിന് ശേഷം, അടുത്ത മെയ്ദിനത്തിൽ സിപിഐ മാവോയിസ്റ്റ് നക്സൽബാരി ഫാക്ഷനും സിപിഐ മാവോയിസ്റ്റിൽ ലയിച്ചു ചേർന്നു. അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്റ്റ് എന്ന യുഎപിഎ പ്രകാരം ഭീകരവാദസംഘടനയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒന്നാണ് സിപിഐ മാവോയിസ്റ്റ്.

മാവോയിസ്റ്റുകൾ വിശ്വസിക്കുന്നത് ഇന്ത്യൻ സ്റ്റേറ്റ് പൂർണ്ണമായും മുതലാളിത്തത്തിന്റെയും, ബൂർഷ്വാസികളുടെയും, ഫ്യൂഡൽ ജന്മികളുടെയും നിയന്ത്രണത്തിലാണ് എന്നാണ്. 'വർഗ്ഗശത്രുക്കളുടെ ഉന്മൂലനം' എന്നതാണ് മാവോയിസ്റ്റുകളുടെ രീതിശാസ്ത്രം. അത് സാധിക്കാൻ സായുധവിപ്ലവത്തിന്റെ പാത അവർ സ്വീകരിച്ചുപോരുന്നു. മാവോയിസ്റ്റുകളുടെ പാർട്ടിപ്രോഗ്രാമിൽ അവരുടെ വിചാരധാര കൃത്യമായി പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ ആഗോളവത്കരണത്തെ ഒരു മുതലാളിത്ത ഗൂഢാലോചനയായും, ജാതിയെ അടിച്ചമർത്തലിനുള്ള ആയുധമായും കണക്കാക്കുന്നവരാണ്. ഇതിനെതിരെ കമ്യൂണിസ്റ്റ് താത്വികാചാര്യനായ മാവോ സെ തൂങ് ചൈനയിലെ ഗറില്ലാ വിപ്ലവകാലത്ത് വിഭാവനം ചെയ്യുകയും പ്രാവർത്തികമാക്കി വിജയിപ്പിക്കുകയും ചെയ്തിട്ടുള്ള 'ജനകീയ യുദ്ധം' തന്നെയാണ് തങ്ങളും അനുഷ്ഠിക്കുന്നത് എന്ന് മാവോയിസ്റ്റുകൾ അടിയുറച്ച് വിശ്വസിക്കുന്നു.

ഇന്ത്യയിൽ സിപിഐ മാവോയിസ്റ്റിന് ശക്തമായ സാന്നിധ്യവും സ്വാധീനവുമുള്ള സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഢ്, ബിഹാർ, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവ. ഈ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അവിടങ്ങളിൽ മറ്റുള്ളവരാൽ അടിച്ചമർത്തപ്പെട്ടുകഴിയുന്ന ആദിവാസികളെ സ്വാധീനിച്ചുകൊണ്ടാണ് മാവോയിസ്റ്റുകൾ പ്രവർത്തിച്ചുപോരുന്നത്.

പാർട്ടിയുടെ പരമോന്നത സമിതി പോളിറ്റ് ബ്യൂറോ എന്നറിയപ്പെടുന്നു. അതിൽ 13-14 അംഗങ്ങളാണ് സാധാരണ ഉണ്ടാകാറുള്ളത്. ഈ സമിതിയിലുണ്ടായിരുന്ന ആസാദ്, കിഷൻജി തുടങ്ങി പലരും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നക്സൽ വിരുദ്ധ സേനയുടെ തോക്കിനിരയായിട്ടുണ്ട്. കൊബാഡ് ഗാന്ധി, അമിതാബ് ബാഗ്ചി, നാരായൺ സന്യാൽ, പ്രമോദ് മിശ്ര തുടങ്ങി പലരും പൊലീസിന്റെ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. പോളിറ്റ് ബ്യൂറോയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ കമ്മിറ്റിയാണ് സംഘടനയുടെ അടുത്ത തലം. ഇതുരണ്ടിനും പുറമെ ലഘുലേഖകളും മാവോയിസ്റ്റ് സാഹിത്യവും പ്രചരിപ്പിക്കുന്നതിനായി ഒരു പബ്ലിക്കേഷൻ ഡിവിഷനും പാർട്ടിക്കുണ്ട്. പോളിറ്റ് ബ്യുറോ അംഗങ്ങളിൽ ആരെങ്കിലുമൊക്കെത്തന്നെയാണ് പ്രസാധനത്തിന്റെ ചുമതലകളും വഹിക്കാറ്. മിലിട്ടറി കമ്മീഷൻ എന്നറിയപ്പെടുന്ന സായുധ സേനയാണ് സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ സായുധസൈന്യം. ആയുധങ്ങൾ നിർമിക്കാനും, റിപ്പയർ ചെയ്യാനും, IED അടക്കമുള്ള അത്യാധുനിക സ്‌ഫോടനസംവിധാനങ്ങൾ നിർമിക്കാനും ആയി ഒരു ടെക്നിക്കൽ കമ്മിറ്റിയും ഇന്ത്യയിലെ മാവോയിസ്റ്റ് പാർട്ടിക്കുണ്ട്.

ദില്ലിയിലെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ പിവി രമണ നടത്തിയ പഠനങ്ങൾ പറയുന്നത് ഇന്ത്യയിൽ ചുരുങ്ങിയത് 9000-10,000 സായുധഭടന്മാരെങ്കിലും സിപിഐ മാവോയിസ്റ്റ് പാർട്ടിക്കുണ്ട് എന്നാണ്. 6500 -ലധികം അത്യാധുനിക യന്ത്രത്തോക്കുകൾ ഇവർക്കുണ്ട്. പന്ത്രണ്ടു കമ്പനികളും, ഇരുപത്തഞ്ച് പ്ലാറ്റൂണുകളും ഒരു സപ്ലൈ പ്ലേറ്റോണും ഒക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു വലിയ സൈനിക സംവിധാനവും അവർക്കുണ്ട്. നേരിട്ടുള്ള സായുധസേനാംഗങ്ങൾക്ക് പുറമേ, പൊതുജനങ്ങൾക്കിടയിൽ അമ്പും വില്ലും, വാളുകളുമൊക്കെയേന്തിക്കൊണ്ട് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന ചുരുങ്ങിയത് 38,000 പേരെങ്കിലും വരുന്ന ഒരു അദൃശ്യ സൈന്യവും മാവോയിസ്റ്റുകൾക്കുണ്ടെന്ന് ഈ പഠനം പറയുന്നു.

സർക്കാരുകൾ അവികസിതമായ ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ ഒഴിച്ചിടുന്ന ഇടങ്ങളിലേക്കാണ് തങ്ങളുടെ പ്രത്യയശാസ്ത്രവും പ്രവർത്തനങ്ങളുമായി മാവോയിസ്റ്റുകൾ നടന്നുകയറുന്നത് എന്ന് 'ഹലോ, ബസ്തർ' എന്ന പേരിൽ മാവോയിസ്റ്റുകളെപ്പറ്റി പുസ്തകമെഴുതിയ രാഹുൽ പണ്ഡിത പറയുന്നുണ്ട്. "ആരും തിരിഞ്ഞുനോക്കാത്ത വിദൂരസ്ഥമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അവർ സംഘടിച്ചു ചെന്ന് മെഡിക്കൽ ക്യാംപുകൾ നടത്തുന്നു.  ചെറിയ ഒടിവുകളും ചതവുകളുമൊക്കെ മരുന്നുവെച്ചുകെട്ടുന്ന അവർ ഈ കുഗ്രാമങ്ങളിൽ ബ്ലഡ് ടെസ്റ്റുകൾ വരെ നടത്തുന്നുണ്ട് ഗ്രാമീണരെ വിടാതെ പിന്തുടരുന്ന, അവരുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് കാരണമാകുന്ന അതിസാരം, മലമ്പനി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും, മുൻകരുതലുകളുമൊക്കെ അവരെ പഠിപ്പിക്കുന്നു. അങ്ങനെ പതുക്കെ അവരുടെ വിശ്വാസമാർജ്ജിക്കുന്നു."  രാഹുൽ പറയുന്നു. ഇതിനുപുറമെ, റാഡിക്കൽ യൂത്ത് ലീഗ്, റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയൻ, വിപ്ലവ കാർമിക സമാഖ്യ, ഓൾ ഇന്ത്യ റവല്യൂഷണറി സ്റ്റുഡന്റ്സ് ഫെഡറേഷൻ, ചേതനാ നാട്യ മഞ്ച് തുടങ്ങിയ പല സംഘടനകളും ഇവരുടെ പിന്തുണയോടെ നടത്തപ്പെടുന്നുണ്ട്.

മൂലധനം വരുന്ന വഴി

മേൽപ്പറഞ്ഞ രീതിയിലുള്ള സംഘടനാ സംവിധാനത്തിന്റെ പ്രവർത്തനത്തിന് മൂലധനം അത്യാവശ്യമാണല്ലോ. അത് മാവോയിസ്റ്റുകൾ കണ്ടെത്തുന്നത് വ്യക്തികളുടെ അപഹരണങ്ങൾ, ജനമധ്യത്തിൽ നടത്തുന്ന പിരിവുകൾ, അനധികൃതമായ ഉത്പന്നങ്ങളുടെ കൃഷി എന്നിവയിലൂടെയാണ്. ബിഹാറിലെയും,  ഝാര്‍ഖണ്ഡിലെയുമൊക്കെ മാവോയിസ്റ്റുകൾക്കുമേൽ കഞ്ചാവുകൃഷിയുടെ ആരോപണവും ശക്തമായുണ്ട്. ഇതിനു പുറമെ മൈനിങ് കമ്പനികളെയും, വ്യാപാരികളെയും മറ്റും ഭീഷണിപ്പെടുത്തി പണം സ്വീകരിക്കുന്ന പതിവും മാവോയിസ്റ്റുകൾക്കുണ്ട്.

നിരോധനവും യുഎപിഎയും

2009  ജൂൺ 22 -ന് യുപിഎ സർക്കാർ സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയെ അവരുടെ ഭീകരവാദപ്രവർത്തനങ്ങളുടെ പേരിൽ യുഎപിഎ ചുമത്തി രാജ്യത്ത് നിരോധിച്ചു. നിരോധിക്കപ്പെട്ടതുകൊണ്ടുതന്നെ പാർട്ടിക്ക് ഇന്ത്യയിൽ എവിടെയും റാലികളോ പൊതുയോഗങ്ങളോ സംഘടിപ്പിക്കാനോ, പ്രകടനങ്ങളോ ജാഥകളോ നടത്താനോ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനോ ഒന്നിനും അനുവാദമില്ല. ഈ സംഘടനയുമായി ബന്ധമുള്ള ഓഫീസുകൾ സീൽ ചെയ്യപ്പെടും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടും.

 

കേന്ദ്രസർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം

2012  ജൂലൈ ആയപ്പോഴേക്കും മാവോയിസ്റ്റുകൾക്കെതിരെ വിന്യസിക്കപ്പെട്ട കേന്ദ്ര സൈനികരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. 'ഓപ്പറേഷൻ ഗ്രീൻ ഹണ്ട്'എന്ന പേരിൽ തുടങ്ങിയ ദൗത്യം മാവോയിസ്റ്റുകളെ നിരന്തരം വേട്ടയാടി. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, കോബ്ര, തണ്ടർബോൾട്ട് തുടങ്ങിയ പല സേനകളും ഇതേ ദൗത്യത്തിന്റെ ഭാഗമാണ്.


 
കാട്ടിൽ ഒളിഞ്ഞിരുന്ന സേനയെ ആക്രമിക്കുന്ന ഗറില്ലാ പ്രവർത്തന ശൈലികൊണ്ട് പലപ്പോഴും കേന്ദ്രസേനയ്ക്ക് മാവോയിസ്റ്റ് ആക്രമണങ്ങളിൽ കനത്ത ജീവനാശമുണ്ടായിട്ടുണ്ട്. 2010 ഫെബ്രുവരി 15 -ന് പശ്ചിമബംഗാളിലെ സിൽഡയിൽ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസിലെ 24 പേരെ വെടിവെച്ചുകൊന്നു. കിഷൻജി എന്നറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവായിരുന്നു ആ ആക്രമണത്തിന് പിന്നിൽ. 2010 ഏപ്രിൽ 6 -ന് ഛത്തീസ്ഗഢിലെ ദാന്തെവാഡയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 75  സിആർപിഎഫ് ജവാന്മാർ മരിച്ചു. മാവോയിസ്റ്റുകളുടെ കെണിയിലേക്ക് സിആർപിഎഫ് പാർട്ടി ചെന്ന് കയറുകയായിരുന്നു. രണ്ടു ലാൻഡ്‌മൈനുകൾ ആദ്യം അവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തകർത്ത് നിരവധിപേരുടെ മരണത്തിന് കാരണമായി. പിന്നാലെ, മുന്നൂറോളം പേരടങ്ങിയ മാവോയിസ്റ്റ് സംഘം അവശേഷിച്ചിരുന്നവരെ വധിക്കുകയായിരുന്നു. 2013 മെയ് മാസത്തിൽ മാവോയിസ്റ്റുകൾ ബസ്തറിൽ കോൺഗ്രസ് പാർട്ടിയുടെ ഒരു സംഘത്തെ ആക്രമിച്ച് പ്രാദേശിക നേതാക്കളടക്കം 27 പേരെ വധിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സദാ മാവോയിസ്റ്റ് ഭീതി നിലനിർത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.