വന്യം... വിചിത്രം... അതിശയകരം... തെക്കൻ വിയറ്റ്നാമിലെ ഒരു പട്ടണമായ ഡാ ലാറ്റിലെ പർവത റിസോർട്ടായ ക്രേസി ഹൗസിനെ കുറിച്ചുള്ള വിവരണങ്ങളാണിവ.  നമ്മളിതുവരെ കണ്ടിട്ടുള്ള, അല്ലെങ്കിൽ കേട്ടിട്ടുള്ള വീടുകളിൽനിന്ന് തികച്ചും വ്യത്യസ്‍തമാണ് ഡാ ലാറ്റിലെ ഈ വില്ല. ഫ്രഞ്ച് കൊളോണിയൽ മാതൃകയിൽ പണിത ഇത് ഏണിപ്പടികളാലും, വിചിത്ര ആകൃതിയിലുള്ള കിടപ്പുമുറികളാലും, ഇടുങ്ങിയ പാലങ്ങളാലും, ചായംപൂശിയ ചുവരുകളാലും മനോഹരമാണ്.

 

ഏതോ പഴയ നൂറ്റാണ്ടിലെ കൊട്ടാരത്തെ അനുസ്‍മരിപ്പിക്കുന്നതാണ് വീടിനകം. വിചിത്രം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വളവുംതിരിവുകളുമാണ് ഓരോ മുറികളിലും. യാഥാർത്ഥ്യവും സങ്കൽപ്പവും ഇഴചേരുന്ന ഇവിടം ഒരു പുതിയ അനുഭവം പകർന്നു നൽകുന്നു. 1990 -ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഹാംഗ് ങ്‌ഗ ഗസ്റ്റ്ഹൗസ്, വാസ്‍തുശില്‍പ്പിയായ ആംഗ് വിയറ്റ് എൻഗ പണിതതാണ്. ആംഗ് വിയറ്റ് എൻഗ മോസ്കോയിലെ ആർക്കിടെക്ചർ സർവകലാശാലയിലാണ് പഠിച്ചത്. പർവതത്തിന് ചുറ്റുപാടും കണ്ട പ്രകൃതി സൗന്ദര്യത്തെ മാതൃകയാക്കിയാണ് അവർ  ഈ പ്രശസ്‍തമായ ഗസ്റ്റ്ഹൗസ് നിർമ്മിച്ചത്. ഒരു ആൽമരത്തിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.  

വാസ്‍തുവിദ്യാ കാഴ്ചപ്പാടിൽ, ഗസ്റ്റ്ഹൗസിനെ ഒരു എക്സ്പ്രഷനിസ്റ്റ് സൃഷ്ടിയായാണ് വിശേഷിപ്പിക്കുന്നത്. വാൾട്ട് ഡിസ്‍നിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു സൃഷ്‍ടി നടത്തിയിട്ടുള്ളത്. യന്ത്രങ്ങളുടെ സഹായമൊന്നുമില്ലാതെ മനുഷ്യര്‍ തന്നെയാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വീടിന്‍റെ ഓരോ കോണുകളും പ്രകൃതിദത്ത ഘടകങ്ങളായ കൂൺ, ഷെല്ലുകൾ, ഗുഹകൾ, ചിലന്തിവലകൾ എന്നിവ പ്രതിഫലിപ്പിക്കാൻ രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ്.

 

വീട് നിർമ്മിക്കാനായി, സ്റ്റീൽ, മരം, കോൺക്രീറ്റ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. വിചിത്രമായ രൂപങ്ങൾ, വളഞ്ഞതും, തിരിഞ്ഞതുമായ തുരങ്കങ്ങൾ, മരത്തിൽ കൊത്തിയെടുത്ത ഫർണിച്ചറുകൾ, പരസ്‍പരബന്ധിതമായ വഴികൾ എന്നിവ എൻ‌ഗയുടെ രൂപകൽപ്പനയുടെ സവിശേഷതകളാണ്. റിസോർട്ടിനകത്ത് അഞ്ച് നിലകളുണ്ട്. ഓരോ മുറികളിലും ഓരോ വ്യത്യസ്‍തമായ മൃഗ തീമുകളുണ്ട്. കടുവ മുറി, ഉറുമ്പ് മുറി, കഴുകൻ മുറി എന്നിങ്ങനെയൊക്കെയാണ് മുറികളോരോന്നും അറിയപ്പെടുന്നത്. ഓരോ തീമിനോട് പൊരുത്തപ്പെടുന്ന അലങ്കാരങ്ങളും ഈ മുറികളിലുണ്ട്. സ്വപ്‍നങ്ങളുടെയും ബാല്യത്തിന്‍റെയും അസാധാരണതയുടെയും കയ്യൊപ്പ് പതിഞ്ഞ ഈ “മ്യൂസിയം” ലോകമെമ്പാടുമുള്ള ആയിരക്കണിക്കിന് വിനോദസഞ്ചാരികളെയാണ് പ്രതിവർഷം ആകർഷിക്കുന്നത്.

 

യു.കെ. ട്രാവൽ മാഗസിനായ ലോൺലി പ്ലാനറ്റ് ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ 120 മനുഷ്യ നിർമാണങ്ങളുടെ പട്ടികയിൽ  താജ്‍മഹലിനും, സിഡ്‍നി ഓപ്പറ ഹൗസിനും ഒപ്പം വിയറ്റ്നാമിലെ വിചിത്രമായ ഈ റിസോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.