Asianet News MalayalamAsianet News Malayalam

ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് കാരണക്കാരായ ജീവികൾ 

ജീവജാലങ്ങളിൽ ഏറ്റവും അപകടകാരികൾ ആയവർ അല്ലെങ്കിൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ ആ ജീവി ഏതാണെന്ന് അറിയാമോ?

creature killed most people in the world
Author
First Published Jan 26, 2023, 3:44 PM IST

മനുഷ്യനുൾപ്പടെയുള്ള ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ഭൂമി. തിരിച്ചറിഞ്ഞിട്ടുള്ളതും തിരിച്ചറിയപ്പെടാത്തതും ആയ നിരവധി ജീവജാലങ്ങൾക്ക് നടുവിലാണ് നമ്മൾ കഴിയുന്നത്. മനുഷ്യൻ ഇതുവരെ 2 ദശലക്ഷത്തിലധികം ജീവജാലങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ പറയുന്നത്. ഇനിയും നമ്മുടെ ഗ്രഹത്തിൽ കണ്ടെത്താത്ത അഞ്ചു മുതൽ 10 ദശലക്ഷം വരെ ജീവിവർഗങ്ങൾ വേറെയും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ സഹവാസികളായി ഈ ഭൂമിയിൽ കഴിയുന്ന ജീവജാലങ്ങളിൽ ഏറെ അപകടകാരികളായവരും അപകടകാരികൾ അല്ലാത്തവയും ഉണ്ട്.

ജീവജാലങ്ങളിൽ ഏറ്റവും അപകടകാരികൾ ആയവർ അല്ലെങ്കിൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ ആ ജീവി ഏതാണെന്ന് അറിയാമോ? അത് ആനയും കടുവയും പുലിയും സിംഹവും ഒന്നുമല്ല. എല്ലാ ദിവസവും നമ്മൾ കാണുന്ന നമ്മുടെ ചുറ്റുപാടുകളിലെ സ്ഥിരം സന്ദർശകരായ ഒരു ജീവിയാണ്. ഈ ലോകത്തിൽ ഇന്നോളം ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിന് കാരണമായി തീർന്നിട്ടുള്ള ആ ഭീകരൻ കൊതുകാണ്. a-z-animals.com എന്ന വെബ്സൈറ്റ് പറയുന്നത് അനുസരിച്ച് ഓരോ വർഷവും 750,000 മുതൽ 1 ദശലക്ഷം മനുഷ്യരെ കൊതുകുകൾ കൊല്ലുന്നുണ്ട്. 

110 ട്രില്യൺ കൊതുകുകൾ ഈ ഭൂമിയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു വ്യക്തിക്ക് 16,000 കൊതുകുകൾ ഈ ഭൂമിയിലുണ്ട്. ഈ ചെറുപ്രാണിയെ ഇത്രയേറെ അപകടകാരി ആക്കുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന വൈറസുകളെ വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് എന്നതാണ്. ഇത്തരം വൈറസുകളിൽ മലേറിയ, ഡെങ്കിപ്പനി, വെസ്റ്റ് നൈൽ വൈറസ്, സിക്ക തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച്, മലേറിയ, ലിംഫറ്റിക് ഫൈലേറിയസിസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ച ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് അരികിലൂടെ മൂളിപ്പറന്നെത്തുന്ന ഓരോ കൊതുകും അപകടകാരിയാണന്ന സത്യം എപ്പോഴും ഓർമ്മിക്കുക. 

ലോകത്തിലെ ഏറ്റവും ദേഷ്യക്കാരനും ആക്രമണകാരിയുമായ മൃഗമായി കണക്കാക്കുന്നത് നൈൽ മുതലയെയാണ് ഉപ-സഹാറൻ ആഫ്രിക്കയിലെ 26 രാജ്യങ്ങളിൽ ഇവയെ കാണാം. 1,650 പൗണ്ട് വരെ ഭാരമുള്ള ഇവ ചെറിയ പ്രകോപനം ഉണ്ടായാൽ പോലും ആക്രമിക്കും. ഓരോ വർഷവും നൂറുകണക്കിനാളുകൾ ഇവയുടെ ആക്രമണത്തിനിരയാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.

Follow Us:
Download App:
  • android
  • ios