Asianet News MalayalamAsianet News Malayalam

പുതിയ രാജ്യസഭാംഗങ്ങളുടെ 'ക്രിമിനൽ ഹിസ്റ്ററി' ഇങ്ങനെ, 44 % പേരും കേസുകളിൽ പ്രതികൾ

കൊലപാതകക്കുറ്റം ചുമത്തപ്പെട്ടിട്ടുള്ള ഉദയൻ രാജെ ഭോസ്ലെ മഹാരാഷ്ട്രയിൽ നിന്നാണ്. ഐപിസി 302 -നു പുറമെ കൊലപാതകശ്രമത്തിന് ഐപിസി 307 പ്രകാരം വേറെയും രണ്ട്‌ കേസുകൾ അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്

Criminal History of new rajya sabha members out, 44 percent has criminal cases
Author
Delhi, First Published Jun 25, 2020, 12:26 PM IST

പുതുതായി നാമനിർദേശം ചെയ്യപ്പെട്ട് രാജ്യസഭയിലേക്കെത്തിയ 62 എംപിമാരുടെ ക്രിമിനൽ കേസ് പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നാഷണൽ ഇലക്ഷൻസ് വാച്ച് (NEW), അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(ADR) എന്നിവ ചേർന്ന് നടത്തിയ ഒരു പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്ന 44 ശതമാനം എംപിമാരും ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരാണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. 62 -ൽ 11 ജനപ്രതിനിധികളും കൊലപാതകം, കൊലപാതക ശ്രമം, ബലാത്സംഗം, കൊള്ള, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്ക് വിചാരണ നേരിടുന്നവരാണ്. ബിജെപി, കോൺഗ്രസ്, എൻസിപി, വൈഎസ്ആർസിപി, തൃണമൂൽ കോൺഗ്രസ് എന്നിങ്ങനെ എല്ലാ പാർട്ടിയിൽ നിന്നും പാർലമെന്റിലേക്ക് പറഞ്ഞയക്കപ്പെട്ടിട്ടുണ്ട് ഇങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ളവർ. 

ഈ പതിനൊന്നു പേരിൽ ഒരാൾക്കെതിരെയാണ് കൊലപാതകകുറ്റം ആരോപിക്കപ്പെട്ടിട്ടുള്ളത്. രണ്ടുപേർക്കെതിരെ കൊലപാതകശ്രമമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. മൂന്നുപേർ സ്ത്രീകൾക്കെതിരെ അതിക്രമം പ്രവർത്തിച്ചു എന്ന പേരിൽ വിചാരണ നേരിടുന്നവരാണ്. അതിൽ ഒരെണ്ണം ബലാത്സംഗ ആരോപണമാണ്. 18 എംപിമാരെ രാജ്യസഭയിലേക്ക് പുതുതായി അയച്ചിട്ടുണ്ട് ബിജെപി, അതിൽ രണ്ടു പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്(18%). കോൺഗ്രസ് അയച്ച ഒൻപത് എംപിമാരിൽ മൂന്നു പേർക്കെതിരെ(33%) ക്രിമിനൽ കേസുണ്ട്. വൈഎസ്ആർസിപി അയച്ച നാലുപേരിൽ രണ്ടുപേർക്കെതിരെയും(50%), NCP അയച്ച രണ്ട്‌ രാജ്യസഭാ എംപിമാർക്കെതിരെയും(100%) ക്രിമിനൽ കേസുകളുണ്ട്. 

സംസ്ഥാനാടിസ്ഥാനത്തിൽ നോക്കിയാൽ, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഏറ്റവും കൂടുതലായി രാജ്യസഭയിലേക്ക് പറഞ്ഞുവിട്ടിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.അവിടെ നിന്നും വന്ന ഏഴ് എംപി മാരിൽ നാലും ക്രിമിനൽ കേസുകൾ ഉള്ളവരാണ്. 

കൊലപാതകക്കുറ്റം ചുമത്തപ്പെട്ടിട്ടുള്ള ഉദയൻ രാജെ ഭോസ്ലെ മഹാരാഷ്ട്രയിൽ നിന്നാണ്. ഐപിസി 302 -നു പുറമെ കൊലപാതകശ്രമത്തിന് ഐപിസി 307 പ്രകാരം വേറെയും രണ്ട്‌ കേസുകൾ അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ബിഹാർ അഞ്ചിൽ രണ്ടും, ആന്ധ്ര നാലിൽ രണ്ടും, ഗുജറാത്ത് നാളിൽ ഒന്നുമായി പിന്നിൽ തന്നെയുണ്ട്. കോൺഗ്രസിന്റെ തന്നെ ദിഗ്‌വിജയ് സിങ്ങിനെതിരെ ആയുധം പ്രയോഗിച്ച് പരിക്കേൽപ്പിച്ച ശ്രമിച്ചു (ഐപിസി 326)  എന്നൊരു കേസ് നിലവിലുണ്ട്. 

രാജ്യസഭയിലേക്ക് എംപിമാർ തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയാണ് ?

ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ. ഇവിടത്തെ പരമാവധി അംഗസംഖ്യ 250 ആണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും അസംബ്ലികളിലെ എംഎൽഎമാർ 'സിംഗിൾ ട്രാൻസ്ഫറബിൾ' വോട്ട് പ്രകാരം ആറു വർഷത്തേക്കാണ്  ഈ 250 പേരെ തിരഞ്ഞെടുക്കുന്നത്.നിയമസഭയിലെ സീറ്റെണ്ണത്തിന് ആനുപാതികമായി രാഷ്ട്രീയപാർട്ടികൾ നിശ്ചയിക്കുന്ന ഈ പ്രതിനിധികൾക്ക് പുറമെ സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും രാജ്യസഭയിലേക്കെത്തും. 

Criminal History of new rajya sabha members out, 44 percent has criminal cases

ഭരണഘടനയുടെ എൺപത്തിനാലാം അനുച്ഛേദം പ്രകാരം രാജ്യസഭയിലേക്ക് ഒരാളെ നാമനിർദേശം ചെയ്യാൻ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ യോഗ്യതകൾ ഇനി പറയുന്നവയാണ്. ആ വ്യക്തി ഇന്ത്യൻ പൗരൻ ആയിരിക്കണം. ചുരുങ്ങിയത് 30 വയസ്സെങ്കിലും പ്രായമുണ്ടാവണം. ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാൻ പാടില്ല. സാമ്പത്തിക കുറ്റങ്ങളിൽ കടപ്പെട്ടവർ ആയിരിക്കാൻ പാടില്ല. മറ്റൊരു ഔദ്യോഗിക ചുമതലകളും ഉള്ളവരാകാൻ പാടില്ല. മാനസികമായ തികഞ്ഞ ആരോഗ്യം ഉണ്ടായിരിക്കണം.  

Follow Us:
Download App:
  • android
  • ios