പ്രസ്തുത ഭാ​ഗത്തിന്റെ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

സാധാരണ അധ്യാപകർ വിദ്യാർത്ഥികളെ അറിവിന്റെ പാതയിലേക്ക് നയിക്കേണ്ടവർ ആണെന്നാണ് നാമെല്ലാം കരുതുന്നത്. അപ്പോൾ അതേ അധ്യാപകർ തന്നെ തെറ്റായ ചിന്താ​ഗതി കൊണ്ടുനടക്കുന്നവരാണ് എങ്കിലോ? അത് വിദ്യാർത്ഥികളെയും ബാധിക്കും അല്ലേ? അടുത്തിടെ റെഡ്ഡിറ്റിൽ ഒരു ചിത്രം വൈറലായി. അത് അധ്യാപകരിൽ ഏത് തരം ചിന്തകളൊക്കെ ആയിരിക്കും ഉണ്ടായിരിക്കുക എന്നതിനെ കുറിച്ചും, ദേശീയതലത്തിൽ തന്നെ നടത്തുന്ന അം​ഗീകരിക്കപ്പെട്ട ടെസ്റ്റുകളുടെ നിലവാരത്തെ കുറിച്ചും ചർച്ച ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുകയാണ്. 

ചിത്രത്തിൽ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള പ്രിപ്പറേഷൻ ബുക്കിലെ ഒരു ഭാ​ഗമാണ് നൽകിയിരിക്കുന്നത്. 'എന്തുമാത്രം വംശീയതയാണ് ഇതിൽ നിഴലിക്കുന്നത്', 'ഇങ്ങനെയൊക്കെ പഠിക്കുന്നവരാണോ സമൂഹത്തിൽ അധ്യാപകരുടെ സ്ഥാനം അലങ്കരിക്കേണ്ടത്' എന്നതടക്കമുള്ള നിരവധി ചോദ്യങ്ങളാണ് ആളുകൾ ഈ ചിത്രം കണ്ട ശേഷം ചോദിക്കുന്നത്. 

എന്തായിരുന്നു ആ വംശീയത നിറഞ്ഞ ആ ഭാ​ഗം എന്നല്ലേ? അതിൽ പറയുന്നത് ഇങ്ങനെ; തണുത്ത സ്ഥലങ്ങളിൽ നിന്നും വരുന്ന ആളുകൾ വെളുത്തവരും സുന്ദരന്മാരും മാന്യന്മാരും ആരോ​ഗ്യമുള്ളവരും ബുദ്ധിയുള്ളവരും ആയിരിക്കും. എന്നാൽ, ചൂടുള്ള പ്രദേശത്ത് വളരുന്ന ആളുകൾ കറുത്തവരും ബുദ്ധിമുട്ടുണ്ടാക്കുന്നവരും അക്രമസ്വഭാവം ഉള്ളവരും ആയിരിക്കും. ഇതാണ് പുസ്തകത്തിൽ ഒരു ഭാ​ഗത്ത് വിവരിച്ചിരിക്കുന്നത്. 

പ്രസ്തുത ഭാ​ഗത്തിന്റെ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇതെന്താണ് ഇങ്ങനെ എന്നാണ് മിക്കവരും അന്തം വിട്ടിരിക്കുന്നത്. വലിയ രോഷമാണ് ഇത് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. 

ഇത് ആദ്യമായല്ല ഇങ്ങനെ ഒരു പുസ്തകത്തിന്റെ ചിത്രം വൈറലാവുന്നത്. നേരത്തെ നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു പുസ്തകത്തിന്റെ ഒരു ഭാ​ഗത്തിന്റെ ചിത്രം ഇതുപോലെ വൈറലായിരുന്നു. അതിൽ പറഞ്ഞിരുന്നത് സ്ത്രീധനത്തിന്റെ മേന്മകൾ എന്തെല്ലാമാണ് എന്നതായിരുന്നു. അതിന്റെ വിശദീകരണമായി വീട്ടിലെ കാര്യങ്ങൾ നടക്കും, പെൺകുട്ടിക്ക് മാതാപിതാക്കളുടെ സ്വത്തിൽ നിന്നുള്ള അവളുടെ ഭാ​ഗം കിട്ടും, കാണാൻ ഭം​ഗി ഇല്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കും തുടങ്ങി അനേക വിഡ്ഢിത്തങ്ങളും എഴുതിയിരുന്നു. 

ഇതിനെതിരെയും സാമൂഹിക മാധ്യമങ്ങളിൽ വലിയ തരത്തിലുള്ള പ്രതിഷേധം തന്നെ ഉണ്ടായിരുന്നു. അന്നും നിരവധി പേരാണ് പുസ്തകത്തിലെ പ്രസ്തുത ഭാ​ഗത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും പുസ്തകത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തത്.