Asianet News MalayalamAsianet News Malayalam

യേശുവിനെ വഞ്ചിച്ച രണ്ടു വെള്ളിക്കാശ് കേരളത്തിലുണ്ടെന്നവകാശപ്പെട്ട മോൺസൺ മാവുങ്കൽ നടത്തിയ വഞ്ചനകൾ

യേശുക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നുപോലും  അവകാശപ്പെട്ടുകൊണ്ട്, ഒരു കഷ്ണം തുണിയും ഈ വീട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു മോൻസൺ.

curious case of monson mavunkal the conman who claimed he had jesus silver coins
Author
Kochi, First Published Sep 27, 2021, 3:28 PM IST

'ആർക്കിയോളജിക്കൽ ഫോർജറി' അഥവാ പുരാവസ്തു തട്ടിപ്പ് എന്നത് വർഷങ്ങൾ മുമ്പുതന്നെ പ്രചാരത്തിലുള്ള ഒരു പറ്റിപ്പാണ്. സാമ്പത്തിക ലാഭമുണ്ടാകുക എന്ന ലക്ഷ്യത്തോടെ, ആയിരക്കണക്കിന് വർഷം പഴക്കമുളളത് എന്ന അവകാശ വാദത്തോടെ ഇക്കൂട്ടർ പലപ്പോഴും വിറ്റു കാശാക്കുക, ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രീതിയിൽ വളരെ കൗശലത്തോടെ പണിതെടുത്ത വ്യാജനിർമ്മിതികളാവും. പുരാവസ്തു തട്ടിപ്പിലൂടെ ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മോൻസൺ മാവുങ്കൽ ആണ്. 

curious case of monson mavunkal the conman who claimed he had jesus silver coins

ചേർത്തല സ്വദേശിയായ മോൻസൺ സ്വയം വിളിക്കുന്ന പേര് ഡോ. മോൻസൺ മാവുങ്കൽ എന്നാണ്. കോട്ടും സ്യൂട്ടും ധരിച്ചുകൊണ്ട്, തോക്കടക്കം കൈകാര്യം ചെയ്യുന്ന മല്ലന്മാരായ പത്തുപതിനഞ്ചു അംഗരക്ഷകരുമായി ചിത്രീകരിക്കപ്പെട്ട ഒരു വീഡിയോ ആണ് ഇയാൾ അവനവനെ പരിചയപ്പെടുത്താൻ വേണ്ടി ഉപയോഗിക്കാറുള്ളത്. കലൂരാണ് ഇയാൾ താമസിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ഇപ്പോൾ ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത് പക്ഷെ പുരാവസ്തു തട്ടിപ്പിന്റെ പേരിൽ അല്ല, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ്. പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന്  ബാങ്കിലെത്തിയിട്ടുണ്ടെന്നും ഈ തുക വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്നും വിശ്വസിപ്പിച്ചുകൊണ്ട് പലരിൽ നിന്നായി ഇയാൾ പത്ത് കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് കേസ്. കോസ്മറ്റോളജിയിൽ ഉൾപ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ടിപ്പു സുൽത്താൻറെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോൻസൻ മാവുങ്കലിൻറെ പുരാവസ്തു വിൽപ്പന. എന്നാൽ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കം തൻറെ പക്കലുണ്ടെന്ന് മോൻസൻ അവകാശപ്പെട്ടിരുന്നു. എന്നാൽ താൻ ഒറിജിനലല്ല, അതിൻറെ പകർപ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്നാണ് മോൻസൻ പൊലീസിനോട് അവകാശപ്പെടുന്നത്. പുരാവസ്തുക്കൾ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങൾ അടക്കമുള്ളവർ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ്  തൻറെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരിൽ നിന്നായി കോടികൾ തട്ടിയത്.


മോശയുടെ അംശവടി മുതൽ യേശുവിനെ  വഞ്ചിച്ച വെള്ളിക്കാശു വരെ

കൊച്ചിയിലെ കലൂരിലുള്ള തന്റെ വീടുതന്നെ മ്യൂസിയമാക്കി മാറ്റി അവിടെയായിരുന്നു മോൻസൺ  വ്യാജ പുരാവസ്തുക്കൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നത്. വളരെ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഇയാൾ സന്ദർശകർക്കുവേണ്ടി ഇവിടെ ഒരുക്കിയിരുന്നത്. ലോകത്തിലെ അത്യപൂർവ്വങ്ങളായ പുരാവസ്തുക്കൾ തന്റെ പക്കൽ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോൻസൺ അത് കാണാൻ വരുന്നവരുടെ മൊബൈൽ ഫോണുകൾ ആദ്യം തന്നെ സ്വീകരണ മുറിയിലെ ഒരു ലോക്കറിൽ വെച്ച് പൂട്ടും. അകത്തു ചെന്നാൽ  ഈ വസ്തുക്കൾക്കൊക്കെ കാവലായി തലങ്ങും വിലങ്ങും സുരക്ഷാ കാമറകൾ ഉണ്ട്. നിരവധി സെക്യൂരിറ്റി സ്റ്റാഫും മോൻസനുണ്ടായിരുന്നു. 

"യേശുവിനെ ഒറ്റുകൊടുക്കാൻ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം നമ്മുടെ കേരളത്തിലുണ്ട്" എന്നതായിരുന്നു മോൻസൺ മാവുങ്കലിന്റെ  പ്രധാന അവകാശവാദം. ഒരു പെട്ടിക്കുള്ളിൽ  ആമാടപ്പെട്ടിയുടെ രൂപത്തിലുള്ള മറ്റൊരു കുഞ്ഞുപെട്ടിക്കുള്ളിലായി സൂക്ഷിച്ച ഈ രണ്ടു നാണയങ്ങൾ ഭക്ത്യാദര പൂർവം മോൻസന്റെ അനുയായികളിൽ ഒരാൾ പുറത്തെടുത്ത് കാണിക്കുമ്പോൾ പലരും അത് വിശ്വസിച്ചു പോകും. മോൻസന്റെ വീട്ടിൽ കാമറ ടീമിനെയും കൊണ്ട് ചെന്ന്, ഈ നാണയം ഇങ്ങനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത ഭക്തിസാന്ദ്രമായ പശ്ചാത്തല സംഗീതത്തോടെ കാണിച്ചിട്ടുള്ളവരിൽ പ്രസിദ്ധ യൂട്യൂബർമാരായ ഒരു അമ്മയും മകനും വരെയുണ്ട്. "കയ്യിൽ ഈ നാണയങ്ങൾ തൊടാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം" എന്നാണ് അന്ന് അവർ വിഡിയോയിൽ പറഞ്ഞത്. 

curious case of monson mavunkal the conman who claimed he had jesus silver coins

ഈശോയുടെ തിരുവസ്ത്രങ്ങൾ ഭാഗിച്ചെടുത്തു എന്നുള്ള ബൈബിൾ വചനത്തിന്റെ ചുവടു പിടിച്ച്, യേശുക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നുപോലും  അവകാശപ്പെട്ടുകൊണ്ട്, ഒരു കഷ്ണം തുണിയും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു മോൻസൺ. കുരിശിലേറ്റിയ നേരത്ത്, ഉപയോഗിച്ചിരുന്ന തിരുവസ്ത്രമാണ് ഇതെന്നാണ് ഇയാൾ സന്ദർശകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. യേശുവിന്റെ ചോരയുടെ കറ ഈ വസ്ത്രക്കീറിൽ പറ്റിയത് മ്യൂസിയം സ്റ്റാഫ് വരുന്നവരെ കാണിക്കുമ്പോൾ അത് കാണുന്ന പലരും വീർപ്പുമുട്ടൽ വരെ അനുഭവിച്ചു. 

curious case of monson mavunkal the conman who claimed he had jesus silver coins

 

ഇതിനു പുറമെ അന്തോണീസ് പുണ്യാളന്റെ നഖത്തിന്റെ ഒരു ചെറിയ കഷ്ണം എന്നവകാശപ്പെട്ടുകൊണ്ട് മറ്റൊരു വസ്തുവും, ചുവന്ന ഒരു തുണിയിൽ പൊതിഞ്ഞ്  മോൻസൺ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. അൽഫോൻസാമ്മയുടെ തിരുശേഷിപ്പായി, അവരുടെ മുഖാവരണത്തിന്റെ ഒരു കഷ്ണം എന്നവകാശപ്പെട്ടുകൊണ്ട്  ഒരു  തുണിക്കീറും ഈ മ്യൂസിയത്തിൽ സന്ദർശകർക്ക് കാണാമായിരുന്നു. അതിനും പുറമെ ഗാഗുൽത്താ മലകളിലെ മണ്ണെടുത്ത് ഉണ്ടാക്കിയ ഒരു കുഞ്ഞു കുരിശും ഇയാൾ പ്രദർശിപ്പിക്കുന്നത് ചില വീഡിയോകളിൽ കാണാം. ഈ കുരിശുമാലയുടെ മുത്തുകൾ കോർത്തിരിക്കുന്ന നൂലിൽ യേശുദേവന്റെ ചോരക്കറകൾ ഉണ്ട് എന്നും ഇയാൾ വരുന്നവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഈ കുരിശിന്റെ ഉള്ളിൽ അടക്കം ചെയ്ത രീതിയിൽ സ്വർണം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും ചെറിയ ബൈബിൾ  എന്നവകാശപ്പെട്ടുകൊണ്ടുള്ള ഒരു നിർമിതിയും കാണാം. ലെൻസിന്റെ സഹായത്തോടെ മാത്രം വായിക്കാനാവുന്ന ഈ പുസ്തകവും ഒറ്റനോട്ടത്തിൽ കാണികളെ അതിശയിപ്പിച്ചിരുന്നു.

 

curious case of monson mavunkal the conman who claimed he had jesus silver coins

സാധാരണ ഗതിയിൽ ഏതെങ്കിലും മ്യൂസിയത്തിൽ ചെന്നാൽ അവിടത്തെ പ്രദർശന വസ്തുക്കളിൽ ഒന്നും ആരെയും തൊടാൻ അനുവദിക്കാറില്ല. വരുന്ന അതിഥികളെ പലരെയും, 'നിങ്ങൾ വളരെ വേണ്ടപ്പെട്ടവർ ആയതുകൊണ്ട് മാത്രം അനുവദിക്കുന്നു' എന്ന മട്ടിൽ അതിന് സമ്മതിക്കുമ്പോൾ അവർ മോൻസൺ അടുത്തതായി പറയാൻ പോവുന്ന തട്ടിപ്പുകളിൽ വിശ്വസിക്കാനുള്ള മാനസിക നിലയിലേക്ക് അറിയാതെ വന്നെത്തുന്നു. 

'മോശയുടെ അംശവടി' എന്നപേരിൽ മറ്റൊരു ശില്പവും ഇയാൾ വരുന്നവർക്ക് മുന്നിൽ പ്രദർശിപ്പിക്കുമായിരുന്നു. ഈ വടി ഒരു സർപ്പമായി മാറി മോശയുടെ അടുത്ത് രോഗശാന്തി തേടി എത്തുന്നവർക്ക് ശമനം നൽകിയിരുന്നു എന്നും, അതുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചിഹ്നമായി വടിയിൽ കയറുന്ന സർപ്പം ഇന്നുമുളളത് എന്നും മോൻസന്റെ അനുയായികൾ വർണ്ണിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചാവറയച്ചന്റെ തിരുവസ്ത്രങ്ങളും അദ്ദേഹം തിരുവോസ്തിക്ക് ഉപയോഗിച്ചിരുന്ന കാസ, പീലാസ തുടങ്ങിയവയും ഇയാൾ പ്രദർശിപ്പിച്ചിരുന്നു. ഒപ്പം ഒരു ലോഹ കോൺ വെച്ചാൽ മാത്രം ദൃശ്യമാവുന്ന ചാവറയച്ചന്റെ തന്നെ വിശേഷപ്പെട്ട ഒരു ചിത്രവും ഇയാളുടെ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ കൈകൊണ്ടെഴുതിയതടക്കമുള്ള പുരാതന കാലത്ത് എഴുതപ്പെട്ടത് എന്നവകാശപ്പെട്ടുകൊണ്ട് നിരവധി ബൈബിളുകളും  മോൻസൺ പ്രദർശിപ്പിച്ചിരുന്നു. കാനായിലെ കല്യാണത്തിന്റെ വിരുന്നിൽ വെള്ളം വീഞ്ഞാക്കി കർത്താവ് അത്ഭുതം പ്രവർത്തിച്ചത് എന്നവകാശപ്പെട്ടുകൊണ്ട് ഒരു കൽ ഭരണിയും ഇയാൾ വരുന്നവരെ കാണിക്കുമായിരുന്നു. 

curious case of monson mavunkal the conman who claimed he had jesus silver coins

താൻ അടിസ്ഥാനപരമായി ഒരു ഡോക്ടറാണ്, തന്റെ മേഖല മെഡിക്കൽ ഫീൽഡ് ആണ് എന്നാണ് മോൻസൺ അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്. എങ്ങനെ പുരാവസ്തു ശേഖരണം ഒരു ഭ്രാന്തായി എന്നത് സംബന്ധിച്ച ഒരു ട്വിസ്റ്റും പല അഭിമുഖങ്ങളിലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ദില്ലിയിൽ പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ ഇയാൾ ഫ്ലൈറ്റിൽ വരുമായിരുന്നത്രെ. അങ്ങനെ ഒരു യാത്രയിൽ തൊട്ടടുത്തിരുന്നു യാത്ര ചെയ്തത് മൈസൂർ മഹാരാജാവായിരുന്ന നരസിംഹ വാഡിയാർ ആയിരുന്നു എന്നും, ബാംഗ്ളൂരിലേക്കുള്ള യാത്രാമധ്യേ പരിചയപ്പെട്ട രാജാവിന്റെ ക്ഷണം സ്വീകരിച്ച് താൻ മൈസൂർ കൊട്ടാരത്തിലേക്ക് ചെന്ന് എന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. അങ്ങനെ കൊട്ടാരത്തിൽ ഇടയ്ക്കിടെ വന്നും പോയും ഇരിക്കുന്നതിനിടയിലാണത്രെ ഇയാൾക്ക് രത്നങ്ങളുടെയും വജ്രങ്ങളുടെയും പുരാവസ്തുക്കളുടെയും ഒക്കെ കമ്പം കയറുന്നത്. അങ്ങനെ കമ്പം അതിരുകടന്നപ്പോൾ ഒടുവിൽ മെഡിക്കൽ ഫീൽഡിലെ പ്രാക്ടീസ് ഒഴിവാക്കി മുഴുവൻ സമയവും പുരാവസ്തു ശേഖരണത്തിനും ഇടപാടിനും വേണ്ടി നീക്കി വെക്കുകയായിരുന്നു എന്നാണ് മോൻസൺ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

ക്രിസ്തുമതത്തിലെ പുരാവസ്തുക്കൾ മാത്രമല്ല ഇയാൾ പ്രദർശിപ്പിച്ചിരുന്നത്. മാനിന്റെ തോളിൽ അല്ലാഹുവിന്റെ 99 നാമങ്ങൾ ഏതോ അജ്ഞാതമായ ഉപകരണം കൊണ്ട് എഴുതിയതും, രണ്ടു തലമുറകൊണ്ട്, ഒരു പിതാവും പുത്രനും ചേർന്ന് സൂചി കൊണ്ട് കുത്തിക്കുത്തി എഴുതിയുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആനും തന്റെ പക്കലുണ്ട് എന്ന് മോൻസൺ അവകാശപ്പെട്ടിരുന്നു. ഇസ്ലാമിക് പുരാവസ്തുക്കൾ തുർക്കിയിൽ നിന്നും, ക്രിസ്ത്യൻ പുരാവസ്തുക്കൾ ക്രിസ്റ്റീസിൽ നിന്ന് ലേലത്തിൽ പിടിച്ചുമാണ് ശേഖരിച്ചു കൊണ്ടുവന്നത് എന്നും ഇയാൾ പറഞ്ഞിരുന്നു. ക്രിസ്റ്റീസ് കലണ്ടറിൽ വന്നതാണ് എന്നായിരുന്നു വെള്ളിക്കാശടക്കമുള്ളവയുടെ ആധികാരികത ഉറപ്പിക്കാൻ വേണ്ടി ഇയാൾ ഉദ്ധരിച്ചു പറഞ്ഞിരുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ സ്വർണത്തിൽ എഴുതിയ ഭഗവദ് ഗീത, ഹിമാലയത്തിൽ നിന്ന് കണ്ടെടുത്ത ഏകമുഖ രുദ്രാക്ഷത്തിൽ ശിവലിംഗവും പാമ്പും ചേർന്നുള്ള സ്വയംഭൂവായിട്ടുള്ള ശിൽപം, കൊല്ലങ്കോട്, തിരുവിതാംകൂർ, മൈസൂർ രാജാക്കന്മാരുടെ ഉടവാൾ, മൈസൂരിലെ നന്ദി, ടിപ്പുസുൽത്താന്റെ സിംഹാസനം എന്നിങ്ങനെ പലതും ഇയാൾ തന്റെ ശേഖരത്തിൽ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ചിലതൊക്കെ തന്നോടുള്ള സ്നേഹം നിമിത്തം രാജാക്കന്മാരുടെ പിന്മുറക്കാർ സമ്മാനമായി തന്നിട്ടുണ്ടെങ്കിലും, മിക്കതിനും വളരെ വലിയ വില നൽകിയാണ് താൻ കൊണ്ടുവന്നിട്ടുള്ളത് എന്നും മോൻസൺ പറഞ്ഞിരുന്നു. 

 

curious case of monson mavunkal the conman who claimed he had jesus silver coins

സർവ്വമതങ്ങളുടെയും സാരം ഉള്ളിൽ ആവാഹിച്ചു കൊണ്ട് സാർവലൗകിക സ്നേഹത്തിന്റെ സന്ദേശം പകർന്നു നല്കാൻ വേണ്ടിയാണ് താൻ ഇങ്ങനെ എല്ലാ മതത്തിലും പെട്ട പുരാവസ്തുക്കൾ ശേഖരിക്കുന്നത് എന്ന് പറയുന്ന മോൻസൺ, അതിനു ബലത്തിനായി വയലാറിന്റെ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..." എന്ന ചലച്ചിത്ര ഗാനം പോലും എടുത്തുദ്ധരിക്കുന്നുണ്ട് ഒരു അഭിമുഖത്തിൽ. 'നാനാത്വത്തിൽ ഏകത്വ'മെന്ന തത്വം ഉള്ളിലേക്കെടുക്കാനും പുരാവസ്തുക്കളുമായുള്ള സഹവാസം തന്നെ സഹായിച്ചിട്ടുണ്ട് എന്നും ഇയാൾ അവകാശപ്പെട്ടിരുന്നു .

കഴിഞ്ഞ വർഷം കൊച്ചിയിൽ ന‍ടന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥൻറെ വിവാഹത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റയടക്കമുളള ആളുകളെ തൻറെ മ്യൂസിയം കാണാൻ മോൻസൺ ക്ഷണിച്ചു. പുരവസ്തുക്കളെന്ന് പറഞ്ഞ് ഇവയൊക്കെ കാണിച്ചുകൊടുത്തു. 

കാണാൻ വന്നവരല്ലാം മോൻസണെ അകമഴിഞ്ഞ് അഭിനന്ദിച്ചു. മോശയുടെ അംശവടി എങ്ങനെ മോൻസൻറെ കൈവശമെത്തിയെന്ന സംശയം ഇക്കൂട്ടത്തിൽ ഒരു ഉദ്യോദഗസ്ഥനുണ്ടായി. ഈ സംശയം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. മോൻസൻറെ ഇടപാടുകൾ സംശയാസ്പദമാണെന്ന് ഇവരും റിപ്പോർട്ടും നൽകി. പക്ഷേ അതിനിടെ ഉന്നത പൊലീസ് ബന്ധങ്ങൾ മോൻസൻ ഉപയോഗിച്ചുതുടങ്ങിയിരുന്നു. കൊച്ചി നോർത്ത് പൊലീസിൻറെ രാത്രികാല ബീറ്റ് പൊയിൻറുകളിലൊന്ന് ഇയാളുടെ വീടാണ്. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സന്നദ്ധതയറിയിച്ച് മാസങ്ങൾക്കുമുന്പ് ഇയാൾ പൊലീസ് ആസ്ഥാനത്തും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിലെത്തി. അടുത്ത ബന്ധുവിൻറെ മനസമ്മതച്ചടങ്ങ് നടക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥർ ഈ സമയം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒടുവിൽ ചടങ്ങ് അവസാനിച്ച് എല്ലാവരും പോയതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

 


 

Follow Us:
Download App:
  • android
  • ios