ന്യൂ ഇയര്‍ തലേന്ന് രാത്രിയില്‍ ഡെലിവറിക്കെത്തിയ യുവാവിന് 501 രൂപ ടിപ്പ് നല്‍കി. എല്ലാവരും ആഘോ,ത്തിലായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന യുവാക്കള്‍. ഈ ടിപ്പ് പുതുവത്സര സമ്മാനമെന്ന് കസ്റ്റമര്‍. ശ്രദ്ധേയമായി കുറിപ്പ്.

മിക്കവാറും ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പമായിരിക്കും ന്യൂ ഇയർ ആഘോഷിച്ചിട്ടുണ്ടാകുക. എന്നാൽ, ഡെലിവറി ഡ്രൈവർമാരടക്കമുള്ള ചില തൊഴിലാളികൾ ആ സമയത്തും തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരുന്നിരിക്കും. ഒരു കസ്റ്റമർ ഇതറിഞ്ഞുകൊണ്ട് തന്നെ തന്റെ ഓർഡറെത്തിക്കാൻ വന്ന ഡ്രൈവറിന് ഒരു നല്ല തുക ടിപ്പ് നൽകി ആ യുവാവിനെ സന്തോഷിപ്പിച്ചു. ഈ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. ഈറ്റ് ക്ലബ്ബ് (EatClub ) ഡെലിവറി ഡ്രൈവറായ ബിട്ടുവിന് ഒരാൾ ടിപ്പായി നൽകിയത് 501 രൂപയാണ്. ആ അനുഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിൽ പറയുന്നത്, ഓർഡർ ഡെലിവറി വൈകിയേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രാത്രി 8:30 ഓടെ ഭക്ഷണം ഓർഡർ ചെയ്തത് എന്നാണ്. 90 മിനിറ്റ് കഴിഞ്ഞാണ് ഭക്ഷണം എത്തിക്കാൻ ബിട്ടു എന്ന ഡെലിവറി ഡ്രൈവർ എത്തിയത്. അയാൾക്ക് ബാക്കി 30 ഓർഡറുകൾ കൂടി എത്തിക്കാനുള്ളതിന്റെ പരിഭ്രമവുമുണ്ടായിരുന്നു. 'മിക്കയാളുകളും അവധിയെടുത്ത് ആഘോഷിക്കുമ്പോൾ വർഷത്തിലെ അവസാനത്തെ ദിവസം പോലും, ഈ ചെറുപ്പക്കാരൻ ഒരു പുഞ്ചിരിയോടെ ഭക്ഷണം എത്തിക്കുകയാണ്. എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്' എന്നാണ് എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Scroll to load tweet…

താൻ ബിട്ടുവിന് വെള്ളം നൽകിയെന്നും പോസ്റ്റിൽ കാണാം. പിന്നീട്, ബിട്ടുവിന്റെ നമ്പർ എടുത്ത ശേഷം ബിട്ടു മടങ്ങിയതിന് പിന്നാലെ പുതുവത്സരസമ്മാനമായി യുപിഐ വഴി 501 രൂപ അയച്ചുനൽകിയതായും പോസ്റ്റിൽ കാണാം. പിന്നീട്, ബിട്ടു നന്ദി അറിയിച്ചുകൊണ്ട് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചു. ആ പണം തനിക്ക് പെട്രേളടിക്കാൻ ഉപയോ​ഗിക്കാമല്ലോ എന്നും ബിട്ടു പറഞ്ഞതായി പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. വളരെ വലിയ കാര്യമാണ് യുവാവ് ചെയ്തത് എന്ന് പലരും കുറിച്ചു.