2009 -ൽ കാസർഗോഡ് വെച്ച് ഒരു മലയാളി യുവതിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ കുപ്രസിദ്ധ സീരിയൽ കില്ലറായ 'സയനൈഡ്' മോഹൻ കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇതോടെ പ്രതിക്കുമേൽ ചാർത്തപ്പെട്ടിരുന്ന അവസാനത്തെ കേസിന്റെയും വിചാരണ തീർന്നിരിക്കുകയാണ്. 

കാസർകോട്ടെ ഒരു ലേഡീസ് ഹോസ്റ്റലിൽ കുക്കായി ജോലി ചെയ്തിരുന്ന യുവതിയെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച മോഹൻ, വിവാഹവാഗ്ദാനം നൽകി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അതിനു ശേഷം ഒരു ദിവസം മോഹൻ ആ യുവതിയെ സുലിയയിലെ ഒരു ക്ഷേത്രത്തിലേക്ക് വിവാഹം ചെയ്യാൻ എന്നും പറഞ്ഞ് കൂടെ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു ലോഡ്ജെടുത്ത് ഒരിക്കൽ കൂടി യുവതിയുമൊത്ത് ബന്ധപ്പെട്ട ശേഷം അവിടത്തെ ബസ്റ്റാന്റ് പരിസരത്തുവെച്ച് യുവതിക്ക് സയനൈഡ് പുരട്ടിയ ഗുളിക നൽകി കൊലപ്പെടുത്തുകയായിരുന്നു മോഹൻ. 

'സയനൈഡ് മോഹന്റെ' കൊലപാതക പരമ്പര ഇങ്ങനെ 

കൊലയാളിയുടെ പേര് മാസ്റ്റർ മോഹൻ കുമാർ. അധ്യാപകനാണ്. മംഗളൂരുവിന് അടുത്തുള്ള ഷിരാദി പ്രൈമറി സ്‌കൂളിൽ ഇംഗ്ലീഷും, സയൻസും, കണക്കും ഒക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന മോഹൻ മാസ്റ്ററെ 2010-ൽ ലോക്കൽ പോലീസ് അറസ്റ്റു ചെയ്തു. മാസ്റ്റർ ചെയ്ത കുറ്റമെന്തെന്ന് കേട്ടപ്പോൾ അതുവരെ അയാളെ അടുത്തറിഞ്ഞിരുന്ന സകലരും മൂക്കത്ത് വിരലുവെച്ചുപോയി. മുപ്പത്തിരണ്ട് യുവതികളെയാണ് വിവാഹ വാഗ്ദാനം നൽകി അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം മോഹൻ സയനൈഡ് പുരട്ടിയ ഗർഭനിരോധന ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ച് വകവരുത്തിയത്. 

 

പൊലീസ് ശ്രദ്ധിക്കാതെ പോയ കൊലപാതക പരമ്പര 

2003 -നും 2009 -നുമിടയിൽ ദക്ഷിണ കർണാടകയിലെ പല പട്ടണങ്ങളിൽ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എല്ലാം തന്നെ ഇരുപതിനും മുപ്പതിനും ഇടയിൽ വയസ്സ് പ്രായമുള്ളവരായിരുന്നു. എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാൻഡിലെ ശുചിമുറികൾക്ക് ഉള്ളിൽ നിന്നായിരുന്നു. എല്ലാം തന്നെ ഉള്ളിൽ നിന്ന് കുറ്റിയിട്ട അവസ്ഥയിൽ ആയിരുന്നതിനാൽ വാതിൽ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്. എല്ലാവരും ധരിച്ചിരുന്നത് പട്ടുസാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നായിരുന്നു. 

ഇത്രയും കാര്യങ്ങൾ ഈ കൊലപാതകങ്ങൾക്കിടയിൽ പൊതുവായി ഉണ്ടായിരുന്നിട്ടും ആറു വർഷത്തോളം പൊലീസുകാർ അതേപ്പറ്റി അന്വേഷിച്ചില്ല. സയനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകൾക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടുകൂടി അന്വേഷണങ്ങളുണ്ടായില്ല. പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാർ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിക്കുന്നത്.  അതിനു കാരണമാകുന്നത് ഒരു വർഗീയ കലാപത്തിന്റെ പടപ്പുറപ്പാടും. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തിൽ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്‌ലിം യുവാവുമായാണ് എന്നാരോപിച്ച് സംഗതി ഒരു ലഹളയുടെ വക്കുവരെ എത്തി. ബാംഗെറകൾ സംഘടിച്ച് പൊലീസ് സ്റ്റേഷൻ വളയുകയും, സ്റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ അവരെ മടക്കിയയച്ചു. എന്തായാലും, അന്വേഷണം അതോടെ ചൂടുപിടിച്ചു. 

പോലീസ് അനിതയുടെ കാൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. കാണാതാവുന്നതിന് മുമ്പുള്ള  ദിവസങ്ങളിൽ അനിത രാത്രി ഏറെ വൈകിയും ഒരു അജ്ഞാത നമ്പറിലേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തു വന്നതോടെ പൊലീസ് വീണ്ടും കുഴങ്ങി. അത് കാവേരി മങ്കു എന്ന മടിക്കേരി സ്വദേശിയായ ഒരു യുവതിയുടേതായിരുന്നു. ആ യുവതിയെയും മാസങ്ങളായി കാണ്മാനില്ല എന്നതായിരുന്നു പൊലീസിനെ കൂടുതൽ സംശയത്തിലാക്കിയത്. പൊലീസ് അടുത്തതായി പരിശോധിച്ചത് ആ നമ്പറിന്റെ കോൾ റെക്കോർഡുകളാണ്. അതിൽ, കാവേരിയുടെ കുടുംബക്കാർക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് നിരവധി കോളുകൾ വന്നതായി കണ്ടു. ഈ നമ്പറാകട്ടെ കാസർകോട് സ്വദേശി പുഷ്പ വാസുകോടയുടേതായിരുന്നു. അതും മാസങ്ങളായി കാണ്മാനില്ലാത്ത ഒരു യുവതി. അതിലെ കോൾ റെക്കോർഡുകൾ പൊലീസിനെ കാണാതായ മറ്റൊരു യുവതി, വിനുത പിജിന എന്ന പുത്തൂർ സ്വദേശിയിലേക്കെത്തിച്ചു. അങ്ങനെ ആ ലീഡുകൾ ഒന്നിന് പിറകെ ഒന്നായി കാണ്മാനില്ലാത്ത പല യുവതികളിലേക്കും നീണ്ടു. 

 

 

അതോടെ പൊലീസിന് ഒരു കാര്യം ബോധ്യമായി. ഇത് ഒരു 'സീരിയൽ കില്ലിങ്ങ്' ആണ്. അതോടെ സൈബർ അനലിറ്റിക്‌സ് വിങ്ങിന്റെ സഹായം പൊലീസ് തേടി. അതുവരെ ലഭ്യമായ സകല കോൾ റെക്കോർഡുകളും ഒന്നിച്ചു ചേർത്ത് ശാസ്ത്രീയമായ വിശകലനങ്ങൾ നടത്താൻ പൊലീസ് തയ്യാറായി. അതിൽ നിന്നാണ് നിർണായകമായ മറ്റൊരു വിവരം പൊലീസിന് കിട്ടുന്നത്. ഈ സിമ്മുകൾ എല്ലാം തന്നെ എന്നെങ്കിലും ഒരിക്കൽ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തിൽ വെച്ച്  ആക്റ്റീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും കേറിയിറങ്ങി പരിശോധിച്ചു. 

ആ ഘട്ടത്തിൽ പോലീസ് കരുതിയത് അത് ഏതോ ഒരു 'പ്രോസ്റ്റിട്യൂഷൻ റാക്കറ്റ്' ആണെന്നായിരുന്നു. അതായിരുന്നു അവരുടെ ഹോട്ടൽ റെയ്ഡുകൾക്ക് പിന്നിലെ പ്രേരണ. ആ റെയ്ഡുകൾ പുരോഗമിക്കെ പൊലീസിന് സൈബർ സെല്ലിൽ നിന്ന് ഏറെ നിർണായകമായ ഒരു വിവരം കിട്ടുന്നു. മേൽപ്പറഞ്ഞ സിമ്മുകളിൽ ഒന്ന്, കാവേരിയുടെ ഫോൺ,  ഏതാനും നിമിഷങ്ങൾക്ക് മുമ്പ്, ദേരളകട്ടയിൽ വെച്ച് ആക്റ്റീവ് ആയിട്ടുണ്ട്. ആ വിവരത്തെ പിന്തുടർന്ന് ചെന്ന പൊലീസ് പിടികൂടിയത്, ധനുഷ് എന്ന ഒരു ചെറുപ്പക്കാരനെയാണ്. 

പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ വിരണ്ടുപോയ ആ പയ്യൻ, തനിക്ക് കാണാതായ യുവതികളെപ്പറ്റി യാതൊന്നുമറിയില്ല എന്ന് വ്യക്തമാക്കി. ആ ഫോണും സിമ്മും തനിക്ക് തന്റെ അമ്മാവനായ മോഹൻ കുമാർ എന്ന മോഹൻ മാസ്റ്റർ തന്നതാണ് എന്നും അവൻ പൊലീസിനോട് പറഞ്ഞു. അതോടെ, ഒന്നുകിൽ ഒരു മാംസക്കച്ചവടറാക്കറ്റ്, അല്ലെങ്കിൽ ഒരു സീരിയൽ കില്ലർ. രണ്ടിലൊന്നിന്റെ തൊട്ടടുത്ത് തങ്ങളെത്തി എന്ന് പൊലീസിന് ഉറപ്പായി. അത് രണ്ടാമത്തേതായിരുന്നു. ഒരു സീരിയൽ കില്ലർ. മോഹൻ മാസ്റ്റർ എന്ന സീരിയൽ കില്ലർ. ആ സമയത്ത് പുതുതായി പരിചയപ്പെട്ട യുവതിയുമായുള്ള പ്രണയഭാഷണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്ന മോഹൻ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ന ഭാവേന വിളിച്ചു വരുത്തി, അറസ്റ്റുചെയ്തു. 

അതോടെ വെളിപ്പെട്ടത് വളരെ വലിയ ഒരു കൊലപാതകപരമ്പരയുടെ വിശദാംശങ്ങളായിരുന്നു. ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതോടെ അവർ മോഹൻ മാസ്റ്റർക്ക് മറ്റൊരു വിളിപ്പേര് നൽകി, 'സയനൈഡ് മോഹൻ'.!

ജയിലിൽ നിന്ന് പരിചയപ്പെട്ട സയനൈഡ് എന്ന ആയുധം 

അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയെ  പുഴയിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി മോഹന്റെ ജീവിതവഴികളിൽ നിയമം കുറുകെ നിൽക്കുന്നത്. മുങ്ങിത്താണുകൊണ്ടിരുന്ന അവരെ ആ വഴി യദൃച്ഛയാ വന്ന ചില മത്സ്യത്തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു. ആ സ്ത്രീയുടെ പരാതിയിന്മേൽ പോലീസ് മോഹൻ മാസ്റ്ററെ കൊലപാതകശ്രമക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലടച്ചു. വിചാരണകാലയളവിൽ ഏറെനാൾ ജയിലിൽ കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും, അയാൾ ഒടുവിൽ കുറ്റവിമുക്തനായി പുറത്തിറങ്ങി. 

ജയിലിലെ സെല്ലിൽ അയാളുടെ സഹതടവുകാരൻ ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. സ്വർണ്ണപ്പണിക്ക് ഉപയോഗിക്കുന്ന പൊട്ടാസ്യം സയനൈഡ് എന്ന രാസവസ്തുവിനെപ്പറ്റി അയാളാണ് മോഹൻ മാസ്റ്ററോട് ആദ്യമായി പറയുന്നത്.  അറിയാതെ ചെയ്തുപോയ ഒരു കുറ്റത്തിനാണ് ആ തട്ടാൻ ജയിലിലായത്. സ്വർണ്ണപ്പണിക്ക് ഉപയോഗിച്ചിരുന്ന സാധനങ്ങളുടെ വേസ്റ്റുകൾ അശ്രദ്ധമായി പറമ്പിൽ വാരിയിട്ടിരുന്നത് തിന്ന് എട്ടുപശുക്കളും ചില ആടുകളും ചത്തുപോയിരുന്നു. ആ വേസ്റ്റിൽ അടങ്ങിയിരുന്ന സയനൈഡിന്റെ അംശമായിരുന്നു മരണകാരണം. എത്ര വലിയ വിഷമാണ് സ്വർണ്ണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സയനൈഡ് എന്ന് അയാളാണ് മോഹൻ മാസ്റ്ററോട് ആദ്യമായി പറഞ്ഞുകൊടുക്കുന്നത്. വളരെ വിലപ്പെട്ട ആ വിവരം മനസ്സിൽ കുറിച്ചിട്ടു കൊണ്ടാണ് മോഹൻ ജയിലിൽ നിന്നിറങ്ങുന്നത്. 

 

ഇത് നടക്കുന്നത് 2003-ലാണ്. കർണ്ണാടകത്തിൽ സ്വർണ്ണപ്പണിക്ക് സയനൈഡ് വാങ്ങുന്ന കാര്യത്തിൽ പ്രത്യേകിച്ച് ഒരു നിയന്ത്രണവുമില്ലാതിരുന്ന കാലമാണ് അത്. കിലോക്ക് 250  രൂപ എന്ന നിരക്കിൽ അത് വിപണിയിൽ ലഭ്യമായിരുന്നു. അബ്ദുൽ സലാം എന്ന കെമിക്കൽ വ്യാപാരിയിൽ നിന്ന് സ്വർണ്ണപ്പണിക്കാരൻ എന്ന വ്യാജേന, മോഹൻ മാസ്റ്റർ സയനൈഡ് വാങ്ങി. അതിനു ശേഷമായിരുന്നു മോഹന്റെ കൃത്യമായ ഓപ്പറേഷനുകൾ.

ആരെയും അമ്പരപ്പിക്കുന്ന പ്ലാനിങ്ങ് 

മോഹൻ മാസ്റ്ററുടെ നയം വളരെ ലളിതമായിരുന്നു. സാമ്പത്തികമായി ശരാശരിയിലും താഴെ നിൽക്കുന്ന കുടുംബങ്ങളിലെ, വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന  പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുക. അവരെ ഹോട്ടലുകളിൽ എത്തിച്ച്  ലൈംഗികബന്ധത്തിൽ ഏർപ്പെടുക. അതിനുശേഷം  നിർബന്ധിച്ച് ഗർഭനിരോധ ഗുളിക കഴിപ്പിക്കുക. നേരത്തെ സയനൈഡ് പുരട്ടി വെച്ചിട്ടുള്ള ഈ ഗുളിക കഴിക്കുന്നതോടെ ഇവർ മരണപ്പെടും. അപ്പോൾ അവരുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന് കടന്നുകളയുക. 

യുവതികളോട് അവരുടെ കയ്യിലുള്ള സ്വർണവും പണവുമെല്ലാം എടുത്ത് തന്റെ കൂടെ അവരുടെ പട്ടണത്തിൽ നിന്ന് വിദൂരമായ മറ്റൊരു നഗരത്തിലേക്ക് ഒളിച്ചോടാൻ അവരെ നിർബന്ധം പിടിക്കുകയാണ് പതിവ്. അവിടെ ചെന്ന് വിവാഹം കഴിച്ച് ആരുമറിയാതെ ജീവിക്കാം എന്നാണ് വാഗ്ദാനം. ആ നഗരത്തിലെ ഏതെങ്കിലും ബസ് സ്റ്റാൻഡിന്  അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്ന് ചെക്ക് ഇൻ ചെയ്യും. അകത്തു കേറിയ ഉടനെ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവരെ നിർബന്ധിക്കും.  അത്  കഴിയുന്നതിന് തൊട്ടുപിന്നാലെ, അയാൾ രാത്രിയിൽ ഒരു റൊമാന്റിക് വാക്കിനായി തന്റെ കാമുകിയെ ക്ഷണിക്കും. 

 മരണം തൊട്ടടുത്തെത്തി നിൽക്കുകയാണ് എന്നത് തിരിച്ചറിയാതെ, ആ യുവതി അയാൾക്കൊപ്പം നടക്കാനിറങ്ങും . ബസ് സ്റ്റാൻഡിന് അടുത്തെത്തുമ്പോൾ അയാൾ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം, അവർക്ക്  നേരത്തെ കയ്യിൽ കരുതിയിരുന്ന ഗർഭനിരോധ ഗുളിക കൈമാറും. വളരെ വിശദമായ പ്ലാനിങ്ങ് തന്നെ ഈ കൊലപാതകങ്ങൾക്ക് പിന്നിലുണ്ടായിരുന്നു. ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളുടെ ആർത്തവത്തിന്റെ സമയം പോലും കൃത്യമായി ഇയാൾ ചോദിച്ചു മനസിലാക്കി വെക്കുമായിരുന്നു. ഗർഭധാരണത്തിന് സാധ്യതയുള്ള ഏതെങ്കിലുമൊരുനാൾ തന്നെയാണ് മോഹൻ തന്റെ ഒളിച്ചോട്ടത്തിന് തെരഞ്ഞെടുക്കുന്നത് എന്നതുകൊണ്ട് ഇരകൾ മരുന്ന് കഴിക്കാൻ മടി കാണിക്കുകയുമില്ല.  മോഹൻ അവരോട് നേരെ കാണുന്ന ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് പോയി ആ ഗുളിക കഴിച്ചിട്ടു വരാൻ ആവശ്യപ്പെടും. നേരത്തെ സയനൈഡ് പുരട്ടിവെച്ചിട്ടുള്ള ആ ഗുളിക കഴിക്കുന്നതോടെ അവർക്ക് തൽക്ഷണം അസ്വസ്ഥതകൾ അനുഭവപ്പെടുകയും അവർ ആ ശുചിമുറിക്ക് ഉള്ളിൽ തന്നെ മരിച്ചു വീഴുകയും ചെയ്യും. 

 

യുവതികൾ ശുചിമുറിയിലേക്ക് പോവുന്നതിനു പിന്നാലെ മോഹൻ മാസ്റ്റർ തിരികെ ഹോട്ടലിലേക്ക് ചെന്ന് അവരുടെ വിലപിടിപ്പുള്ള  സ്വർണ്ണവും പണവും  എല്ലാമെടുത്തുകൊണ്ട് മുറി ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങും. അതിനു ശേഷം തിരികെ വീണ്ടും പഴയ പണി തുടങ്ങും. അടുത്ത യുവതിയെ കണ്ടെത്തും. വീണ്ടും അടുപ്പം സ്ഥാപിക്കും. അങ്ങനെ 32  ഇരകൾ. 

എല്ലാവരോടും വെവ്വേറെ പേരുകളാണ് മോഹൻ പറഞ്ഞിരുന്നത്. എന്നാൽ മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. സ്ഥിരമായ ശമ്പളമുള്ള ഒരു സർക്കാർ ജോലി. അത് കാണിച്ചാണ് അയാൾ അവരെയൊക്കെ തന്റെ വലയിൽ വീഴ്ത്തിയിരുന്നത്. 

മൂന്നുവട്ടം  വിവാഹം ചെയ്തയാളാണ് മോഹൻ മാസ്റ്റർ. തന്റെ സ്‌കൂളിൽ തന്നെയുള്ള ഒരു വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി, ആ കുട്ടിക്ക് പതിനെട്ടു വയസ്സ് തികഞ്ഞ് അവരെ വിവാഹം കഴിക്കുന്നുണ്ട് മോഹൻ മാസ്റ്റർ.  ദീർഘകാലം പ്രണയിച്ചു നടത്തിയ വിവാഹമാണെങ്കിലും പൊരുത്തക്കേടുകൾ കാരണം അയാളിൽ നിന്ന് വിവാഹമോചനം നേടിപ്പോയി. രണ്ടാമത്തെ ഭാര്യയിൽ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ ഭാര്യയോടായിരുന്നു മോഹന് ഏറെ അടുപ്പമുണ്ടായിരുന്നത്.  എന്നാൽ അവർ, മോഹനെ സന്ദർശിക്കാൻ വേണ്ടി ജയിലിൽ വരുന്ന കാലത്ത് അവിടെ കണ്ടു പരിചയിച്ച ഒരു സഹതടവുകാരനുമായി പ്രണയത്തിലാവുകയും, അയാളോടൊപ്പം പോവുകയും ചെയ്തു. 

 തന്റെ കുറ്റകൃത്യങ്ങൾ ഇന്നും മോഹൻ നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്. കൊലപാതകക്കേസുകളൊക്കെയും കേസുകളെല്ലാം സ്വന്തം നിലയിലാണ് മോഹൻ മാസ്റ്റർ വാദിക്കുന്നതും.  " ഞാൻ ആരെയും കൊന്നിട്ടില്ല, അവരൊക്കെ ഒന്നിച്ചൊരു ജീവിതം സാധ്യമല്ല എന്ന് മനസ്സിലാവുമ്പോൾ സയനൈഡ് കഴിച്ച് ജീവനൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. സത്യം പറഞ്ഞാൽ അവർക്ക് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്" എന്നാണ് അയാൾ ഒരു കന്നഡ പത്രത്തോട് പറഞ്ഞത്. 

പേരുകൾ ഓർമിച്ചെടുക്കാൻ വലിയ പ്രയാസമാണ് മോഹൻ മാസ്റ്ററിന്. അതുകൊണ്ടുതന്നെ തന്റെ പേരിലുള്ള കേസുകളുടെ വിവരങ്ങളും മറ്റും ഒരു നോട്ടുപുസ്തകത്തിൽ കുറിച്ച് വെച്ചിരിക്കുകയാണ്. ഒപ്പം താൻ പ്രണയബന്ധം സ്ഥാപിച്ച സ്ത്രീകളുടെ പേരും, ഫോൺ നമ്പറും ഒക്കെയുള്ള ഒരു തടിച്ച ഡയറിയും അയാളുടെ പക്കലുണ്ട്. ഈ ഡയറി തന്നെയായിരുന്നു പിന്നീട് കേസിന്റെ വിചാരണയ്ക്കിടെ അയാൾക്കെതിരെയുള്ള ഒരു പ്രധാന തെളിവായി കോടതി പരിഗണിച്ചതും. 

കൊലപാതകങ്ങൾ നടത്തുമ്പോൾ മനസ്താപമുണ്ടാകാറില്ലേ എന്നൊരിക്കൽ  ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ മോഹൻ പറഞ്ഞ മറുപടി ഇതായിരുന്നു, " ഉണ്ട്.. മരിച്ചു കഴിഞ്ഞുള്ള ആദ്യത്തെ രണ്ടാഴ്ച  ഞാൻ ആകെ വിഷാദത്തിലാകാറുണ്ട്. എന്നാൽ അപ്പോഴേക്കും ഞാൻ അടുത്ത ആളെ കണ്ടുപിടിച്ചു കഴിഞ്ഞിട്ടുണ്ടാകും.  ആ പെൺകുട്ടിയുമായി അടുത്ത് ഇടപഴകിക്കഴിയുമ്പോഴേക്കും അതുവരെയുള്ള സങ്കടമെല്ലാം പോകും. "  

മംഗളൂരുവിലും പ്രാന്തപ്രദേശങ്ങളിലുമായി മോഹൻ മാസ്റ്റർ എന്ന 'സയനൈഡ് മോഹൻ' ഏഴു വർഷത്തോളം നിർബാധം തുടർന്ന ഈ സീരിയൽ കൊലപാതകങ്ങൾക്ക് യാദൃച്ഛികമായ പൊലീസ് ഇടപെടൽ കൊണ്ട് അറുതി വന്നു.  ഈ കേസിലെ ശിക്ഷ, വരുന്ന 24 -ന് പ്രഖ്യാപിച്ച ശേഷം, വേണമെങ്കിൽ മോഹന് മേൽക്കോടതികളിൽ അപ്പീൽ നൽകാം. ഇതിനു മുമ്പ് മോഹനുമേൽ ചാർജ് ചെയ്യപ്പെട്ടിരുന്ന സമാനമായ പത്തൊമ്പത് 'ബലാത്സംഗം- കൊല' കേസുകളിൽ അഞ്ചെണ്ണത്തിൽ വധശിക്ഷയും, മൂന്നെണ്ണത്തിൽ  ജീവപര്യന്തം കഠിനതടവും വിചാരണക്കോടതികൾ വിധിച്ചിരുന്നു.