സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് അവന്തി ബായി, മഹാബിരി ദേവി, ജൽകാരി ദേവി, ഉദാ ദേവി, ആശാദേവി.
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ച ധീരരായ രാജാക്കന്മാരെയും റാണിമാരെയും നവാബുമാരെയും ബീഗംമാരെയും എല്ലാവർക്കും അറിയാം. പക്ഷെ, ആ മഹാസമരത്തിൽ ഒരു വലിയ വിഭാഗം പിന്നാക്കസമുദായക്കാർ, അതും സ്ത്രീകൾ ഉണ്ടായിരുന്നത് സമീപകാലത്ത് മാത്രമേ വെളിപ്പെട്ടിട്ടുള്ളൂ. നാടോടിക്കഥകളിലൂടെയാണ് ഇവർ അമരത്വം നേടിയത്.
അവന്തി ബായി, മഹാബിരി ദേവി, ജൽകാരി ദേവി, ഉദാ ദേവി, ആശാദേവി തുടങ്ങിയവരാണ് ഈ ബഹുജൻ വീരാംഗനകൾ. ഇവരിൽ അവന്തി ബായി പിന്നാക്കാസമുദായമായ ലോധി രാജ്പുട്ട് വംശം ഭരിച്ച മധ്യപ്രദേശിലെ രാംഗഡിലെ റാണി ആയിരുന്നുവെങ്കിൽ മഹാബിരി മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ഭംഗി സമുദായക്കാരിയും ജൽകാരി കോരി സമുദായക്കാരിയും ഉദാ ദേവി പാസി സമുദായക്കാരിയും ആശാ ദേവി ഗുർജറി സമുദായക്കാരിയും ആയിരുന്നു.
അവന്തി രാംഗഡിലെ ലോധി രാജ്പുട്ട് സമുദായക്കാരനായ രാജാവ് വിക്രമാദിത്യന്റെ റാണി. ഭരണകാര്യത്തിലും സൈനികകാര്യത്തിലുമൊക്കെ അവന്തി ബായി നായകസ്ഥാനത്തായിരുന്നു. 1857 -ലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് അധികാരികൾക്കു നികുതി കൊടുക്കരുതെന്ന് അവന്തി കർഷകരോട് പറഞ്ഞു. മാത്രമല്ല നാലായിരത്തോളം വരുന്ന സൈന്യത്തെ നയിച്ചുകൊണ്ട് അവർ ബ്രിട്ടീഷ് പാളയത്തെ ആക്രമിച്ചു. ഒട്ടേറെ ബ്രിട്ടീഷ് സൈനികരെ വകവരുത്തിയ റാണി പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് അംഗരക്ഷകന്റെ വാൾ വലിച്ചൂരി സ്വയം നെഞ്ചിൽ കുത്തിയിറക്കി രക്തസാക്ഷി ആകുകയായിരുന്നു.
ഉത്തർ പ്രദേശിലെ മുസാഫർനഗരിൽ മനുഷ്യമാലിന്യങ്ങൾ നീക്കം ചെയ്യുന്ന അതീവ പിന്നാക്ക സമുദായമായ ഭംഗി സമുദായത്തിൽ ആണ് മഹാബിരിയുടെ ജനനം. കുട്ടി ആയിരിക്കുമ്പോൾ തന്നെ അവൾ ബുദ്ധിശക്തിയിലും ധീരതയിലും മുന്നിലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ജാതി ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ മഹാബിരി ഒരു സംഘടന തന്നെ രൂപീകരിച്ച് ആയുധപ്രയോഗത്തിലും കുതിരസവാരിയിലും പരിശീലനം നൽകി. വിപ്ലവ കാലത്ത് ഒന്നിലേറെ ഇടത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ മിന്നലാക്രമണം നടത്തി മഹാപിരിയുടെ ദളിത് പെൺപട. അവസാനം പിടിയിലായ മഹാബിരി വെടി വെച്ചുകൊല്ലപ്പെടുകയായിരുന്നു.
ഒന്നാം സ്വാതന്ത്ര്യസമരനായികയായ ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ സൈന്യത്തിൽ അംഗമായിരുന്നു ജൽകാരിയുടെ ഭർത്താവ് പുരാൻ. ഭാര്യയ്ക്കും കുതിരസവാരിയിലും തോക്ക് പ്രയോഗത്തിലും മല്പിടുത്തത്തിലും പുരാൻ പരിശീലനം നൽകി. തുടർന്ന് ഝാൻസി റാണിയുടെ പെൺപടയായിരുന്ന ദുർഗ്ഗ ദളിൽ അംഗമായി അവൾ. ജാൻസി കോട്ട ബ്രിട്ടീഷ് പട്ടാളം വളഞ്ഞപ്പോൾ റാണിയെ രക്ഷപ്പെടാൻ സഹായിച്ചത് ജൽകാരി. റാണി ലക്ഷ്മി ബായിയുമായി രൂപസാദൃശ്യമുണ്ടായിരുന്ന ജൽകാരിക്ക് ബ്രിട്ടീഷ് സൈനികരെ പല തവണ കബളിപ്പിക്കാൻ കഴിഞ്ഞു.
ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മറ്റൊരു നായികയായിരുന്ന ഔദ് റാണി ബീഗം ഹസ്രത്ത് മഹലിന്റെ സഹായി ആയിരുന്നു പാസി സമുദായക്കാരി ഉദാ ദേവി. ബീഗത്തിന്റെ നിർദ്ദേശപ്രകാരം ഒരു വനിതാ സൈന്യം രൂപീകരിച്ചത് ഉദാ ദേവി. സിക്കന്ദർ ബാഗ് ആക്രമിക്കാൻ ബീഗത്തിന്റെ ഒപ്പമുണ്ടായിരുന്ന ഉദാ ദേവി ഒരു പീപ്പൽ വൃക്ഷത്തിന്റെ മുകളിൽ കയറി ഒട്ടേറെ ബ്രിട്ടീഷ് സൈനികരെ വകവരുത്തിയെന്നാണ് കഥ.
