ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട യുവതിയെ കാണാൻ പോയ യുവാവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. സമാനമായ അനുഭവങ്ങളെ കുറിച്ച് കമന്‍റുകളും. 

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി തന്നെ കബളിപ്പിച്ചതായി യുവാവ് പറയുന്ന അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. യുവാവിനെ യുവതി കബളിപ്പിച്ച് ബാറിലെത്തിച്ച് വൻ തുക ബില്ല് അടപ്പിക്കുകയായിരുന്നു. ഗുരുഗ്രാം സ്വദേശിയായ യുവാവ് 'ബംബിൾ' ലാണ് യുവതിയെ പരിചയപ്പെട്ടത്. ജിയ നേഗി എന്നായിരുന്നു യുവതിയുടെ പേര് നൽകിയിരുന്നത്. ബംബിളിൽ പരിചയപ്പെട്ട യുവതിയെ കാണാനായി യുവാവ് ഗുരുഗ്രാമിൽ നിന്നും രാജൗരി ഗാർഡനിൽ എത്തി. എന്നാൽ അവിടെ എത്തിയപ്പോൾ ആ സ്ഥലത്തിന് 'വൈബ്' അത്ര പോരെന്ന കാരണം പറഞ്ഞ് യുവതി നിർബന്ധിച്ച് യുവാവിനെ ജി.ടി.ബി നഗറിലെ 'ബഘീര' എന്ന കഫേയിലെത്തിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കഫേയിലെത്തിയ ഉടൻ യുവാവ് പാസ്ത ഓർഡർ ചെയ്തപ്പോൾ, യുവതി തുടർച്ചയായി മദ്യം ഓർഡർ ചെയ്യാൻ തുടങ്ങി. തനിക്ക് മദ്യം കഴിക്കാനുള്ള മൂഡില്ലെന്ന് യുവാവ് അറിയിച്ചു. എന്നാൽ, യുവതി തുടരെതുടരെ മദ്യം ഓർഡർ ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് സഹോദരൻ വിളിച്ചപ്പോൾ ഫോണെടുക്കാനായി പുറത്തിറങ്ങിയപ്പോൾ ഒരാൾ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് യുവാവിന് മനസ്സിലായി. അപ്പോഴെല്ലാം യുവതി മദ്യം ഓർഡർ ചെയ്യുകയും കഴിക്കുകയും ചെയ്തു. അപ്പോൾ തന്റെ സുഹൃത്ത് വിളിച്ചു. സുഹൃത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് യുവാവ് വേഗം ബില്ല് ആവശ്യപ്പെട്ടു. 22,000 രൂപയായിരുന്നു ബില്ല്!

ഇതിൽ യുവാവ് കഴിച്ച ഭക്ഷണത്തിന് വെറും 800 രൂപ മാത്രമായിരുന്നു ചിലവ്. ബാക്കിയെല്ലാം യുവതി ഓർഡർ ചെയ്ത മദ്യത്തിനായിരുന്നു. ഇത്രയും വലിയ തുക നൽകാൻ യുവാവ് തയ്യാറായില്ല. തനിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ് ജീവനക്കാർ അയഞ്ഞത്. ഒടുവിൽ തർക്കത്തിനൊടുവിൽ 4,000 രൂപ മാത്രം നൽകി യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വൈറലായതോടെ സമാനമായ തട്ടിപ്പുകൾ ഡൽഹിയിൽ വ്യാപകമാണെന്ന് നിരവധി പേർ കമന്റ് ചെയ്തു. ഡേറ്റിം​ഗ് ആപ്പുകൾ വഴി പരിചയപ്പെടുന്ന അപരിചിതരായ ആളുകളെ കാണാൻ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കണമെന്നും യുവാവ് മുന്നറിയിപ്പ് നൽകുന്നു.