മരിച്ചുപോയ അമ്മ സൂക്ഷിച്ചുവെച്ച 1935 -ലെ ചോക്ലേറ്റ് കണ്ടെത്തി മകൾ, അതിന് പിന്നിലെ ഹൃദയസ്പർശിയായ കഥ
മരിക്കുന്നതിന് ഏതാനും വർഷങ്ങൾ മുൻപ് അമ്മ ആ ചോക്ലേറ്റിനെ കുറിച്ച് ഓർത്തിരുന്നുവെന്നും അത് വീട്ടിൽ തിരയാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നും മകള്‍ പറയുന്നു. പക്ഷേ, അന്ന് ഏറെ തിരഞ്ഞിട്ടും ചോക്ലേറ്റ് കിട്ടാതെ വന്നതോടെ അമ്മ വളരെയധികം ദുഃഖിതയായി എന്നും ആരെങ്കിലും അതെടുത്ത് കളഞ്ഞിരിക്കും എന്നാണ് കരുതിയതെന്നും അവർ പറയുന്നു.

കുട്ടികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിച്ചു വെക്കുന്നത് പതിവാണ്. ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കാനും വീണ്ടും വീണ്ടും സന്തോഷിക്കാനും ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, ഭദ്രമായി സൂക്ഷിച്ചുവെച്ച ഒരു സാധനം എവിടെയാണ് വെച്ചത് എന്ന് മറന്നുപോയാൽ എന്ത് ചെയ്യും. അതിൽപരം സങ്കടം മറ്റൊന്നുണ്ടാകില്ല അല്ലേ? അത്തരത്തിൽ ഒരു സംഭവത്തിന്റെ ഹൃദയസ്പർശിയായ ഒരു കഥ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
കഥയുടെ ചുരുക്കം ഇങ്ങനെയാണ്; വർഷങ്ങൾക്കു മുൻപ് ഒരു എട്ടുവയസ്സുകാരിക്ക് അവളുടെ അച്ഛൻ ഒരു ചോക്ലേറ്റ് വാങ്ങി നൽകി. അത് അവൾ ഭദ്രമായി സൂക്ഷിച്ചുവെച്ചു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ പിന്നീട് ആ ചോക്ലേറ്റ് എവിടെയാണ് വെച്ചത് എന്ന് ആ പെൺകുട്ടി മറന്നുപോയി. അതേക്കുറിച്ച് ഓർത്ത് നിരവധി തവണ അവൾ സങ്കടപ്പെട്ടു. ഒടുവിൽ ആ ചോക്ലേറ്റ് കണ്ടുകിട്ടി, എപ്പോഴാണെന്നോ വർഷങ്ങൾ കഴിഞ്ഞ് അവളുടെ മരണശേഷം അവളുടെ മകൾക്കാണ് ആ ചോക്ലേറ്റ് കിട്ടിയത്.
റിപ്പോർട്ടുകൾ പ്രകാരം ഈ കഥയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്, ഇംഗ്ലണ്ടിലെ ലീഡ്‌സിൽ താമസിക്കുന്ന വെറാ പെറ്റ്‌ചെല്ലിന് അവളുടെ പിതാവ് 1935 -ൽ ഒരു ചോക്ലേറ്റ് സമ്മാനിച്ചു. അന്ന് വെറയ്ക്ക് 8 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും രജത ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച ഒരു പ്രത്യേക ചോക്ലേറ്റ് ആയിരുന്നു അത്. അച്ഛൻ അവൾക്ക് ചോക്ലേറ്റ് നൽകിയപ്പോൾ, അത് കഴിക്കരുതെന്ന് വെറയോട് ആവശ്യപ്പെട്ടു, പകരം അത് സൂക്ഷിച്ചു വെക്കാനും ആവശ്യപ്പെട്ടു. കാരണം ഇത് വളരെ സവിശേഷമായ ഒന്നായതിനാൽ ഭാവിയിൽ അതിന് വളരെ വിലമതിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അവൾ പിതാവിന്റെ ഉപദേശം അംഗീകരിക്കുകയും വർഷങ്ങളോളം ചോക്ലേറ്റ് ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. അങ്ങനെ വർഷങ്ങൾ പിന്നിട്ടു, ഒടുവിൽ 95 -ാം വയസ്സിൽ വെറ മരിച്ചു. മരണശേഷം മക്കളും കൊച്ചുമക്കളും അവളുടെ മുറി വൃത്തിയാക്കുന്നതിനിടയിൽ ഒരു ബോക്സിൽ സൂക്ഷിച്ച നിലയിൽ ചോക്ലേറ്റ് കണ്ടെത്തി. കട്ടിൽ ഡ്രോയറിനുള്ളിൽ ആയിരുന്നു അത് സൂക്ഷിച്ചിരുന്നത്.
വെറയുടെ നാല് മക്കളിൽ ഒരാളായ 71 വയസ്സുള്ള നദീൻ മക്കഫെർട്ടിയാണ് അമ്മ സൂക്ഷിച്ചുവച്ച ചോക്ലേറ്റ് ബോക്സ് കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. മരിക്കുന്നതിന് ഏതാനും വർഷങ്ങൾ മുൻപ് അമ്മ ആ ചോക്ലേറ്റിനെ കുറിച്ച് ഓർത്തിരുന്നുവെന്നും അത് വീട്ടിൽ തിരയാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നും അവർ പറയുന്നു. പക്ഷേ, അന്ന് ഏറെ തിരഞ്ഞിട്ടും ചോക്ലേറ്റ് കിട്ടാതെ വന്നതോടെ അമ്മ വളരെയധികം ദുഃഖിതയായി എന്നും ആരെങ്കിലും അതെടുത്ത് കളഞ്ഞിരിക്കും എന്നാണ് കരുതിയതെന്നും അവർ പറയുന്നു. എന്നാൽ, ഇപ്പോൾ ചോക്ലേറ്റ് കിട്ടിയ വിവരം അമ്മ അറിയാതെ പോയതിൽ തനിക്ക് ഏറെ ദുഃഖം ഉണ്ടെന്നും നദീൻ പറഞ്ഞു. ഏതായാലും ചോക്ലേറ്റ് ലേലത്തിൽ വിൽക്കാനാണ് ഇവരുടെ തീരുമാനം.
വായിക്കാം: ഉറുമ്പ് ഒരു 'ഭീകരജീവി'യല്ലെന്ന് ആരാ പറഞ്ഞേ??? സോഷ്യൽ മീഡിയയെ ഞെട്ടിച്ച ആ ചിത്രം..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: