പ്രായപൂര്‍ത്തിയായാല്‍ കോടിക്കണക്കിന് സ്വത്തുകളുടെ അവകാശിയാണ് ദേവാന്‍ഷി . മുഴുവന്‍ സ്വത്തുക്കളും  ആഡംബര ജീവിതവും ഉപേക്ഷിച്ചു കൊണ്ടാണ് ഈ 9 വയസ്സുകാരി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. 

ഗുജറാത്തിലെ കോടീശ്വരനായ വജ്ര വ്യാപാരിയുടെ ഒമ്പത് വയസ്സുള്ള മകള്‍ തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസിയായി. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളില്‍ ഒന്നായി അറിയപ്പെടുന്ന ഗുജറാത്തിലെ സാംഘ്വി ആന്‍ഡ് സണ്‍സിന്റെ അനന്തര അവകാശിയായ ദേവാന്‍ശി സംഘ്വിയാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. സാംഘ്വി ആന്‍ഡ് സണ്‍സിന്റെ ഇപ്പോഴത്തെ ഉടമയായ ധനേഷ് സാംഘ്വിയുടെയും ഭാര്യ ആമിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളാണ് ഒന്‍പതു വയസ്സുകാരിയായ ദേവാന്‍ശി. ദേവാന്‍ഷിയുടെ സന്യാസ ജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ സൂറത്തില്‍ കഴിഞ്ഞദിവസം നടന്നു. ഈ ചടങ്ങില്‍ വച്ച് ദേവാന്‍ശി ദീക്ഷ സ്വീകരിച്ചതായാണ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പ്രായപൂര്‍ത്തിയായാല്‍ കോടിക്കണക്കിന് സ്വത്തുകളുടെ അവകാശിയാണ് ദേവാന്‍ഷി . എന്നാല്‍ തനിക്ക് അവകാശപ്പെട്ട മുഴുവന്‍ സ്വത്തുക്കളും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആഡംബര ജീവിതവും ഉപേക്ഷിച്ചു കൊണ്ടാണ് ഈ 9 വയസ്സുകാരി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. എന്നാല്‍ ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് പോലും വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്. ആനകളും ഒട്ടകങ്ങളും അണിനിരന്ന ഘോഷയാത്ര ഏറെ ആഡംബരങ്ങള്‍ നിറഞ്ഞതായിരുന്നു. നിരവധി ആളുകളാണ് ഈ ഘോഷയാത്രയില്‍ പങ്കെടുത്തത്.

സന്യാസ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ പഠിക്കുന്നതിനായി ദീക്ഷ ചടങ്ങിന് മുന്‍പായി സന്യാസിമാരോടൊപ്പം 600 കിലോമീറ്ററിലധികം ദേവാന്‍ശി കാല്‍നടയായി നടന്നിരുന്നു. ചെറുപ്പം മുതല്‍ വളരെ ലളിതമായ ജീവിതം ആയിരുന്നു പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. ഓരോ ദിവസവും നിരവധി സമയം പ്രാര്‍ത്ഥനയ്ക്ക് ചിലവഴിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ദേവാന്‍ശി ടിവി കാണുകയോ സിനിമയ്ക്ക് പോവുകയോ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇവരുടെ കുടുംബാംഗങ്ങളുമായി അടുത്ത് ബന്ധമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.