'തന്റെ കുഞ്ഞിനെ സഹപാഠികളെല്ലാം കൂടി തകർത്തു കളഞ്ഞു. അവർ അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. അവളെന്തൊക്കെ അനുഭവിച്ചു എന്നത് തനിക്ക് ഓർക്കാൻ പോലും വയ്യ.'

മക്കൾ ആത്മഹത്യ ചെയ്താൽ രക്ഷിതാക്കളുടെ അവസ്ഥ എന്തായിരിക്കും? അവർക്ക് അത് ഒരു തരത്തിലും താങ്ങാൻ കഴിയില്ല അല്ലേ? ആ നഷ്ടത്തെയും അതുണ്ടാക്കുന്ന വേദനകളെയും വളരെ കഷ്ടപ്പെട്ടാണ് അവർ അതിജീവിക്കുന്നത്. ചിലർക്കാവട്ടെ അത് അതിജീവിക്കാൻ സാധിക്കണം എന്നുമില്ല. ന്യൂയോർക്ക് സിറ്റിയിലുള്ള ഒരമ്മ മകൾ ആത്മഹത്യ ചെയ്ത് രണ്ട് വർഷത്തിന് ശേഷം ആ ആഘാതത്തിൽ നിന്നും കര കയറാൻ സാധിക്കാതെ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

സ്റ്റാറ്റൻ ഐലൻഡിൽ നിന്നുള്ള സ്റ്റെഫാനി സ്റ്റൈലിന്റെ 14 വയസുള്ള മകൾ വെരാ മേരി 2020 -ലാണ് ആത്മഹത്യ ചെയ്തത്. സഹപാഠികൾ നിരന്തരം ഒറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തത് എന്ന് സ്റ്റെഫാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

'രക്ഷിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ മനസിലാക്കുകയും സംരക്ഷിക്കുകയും വേണം. അവർ സ്കൂളിൽ നിന്നും ബുള്ളി ചെയ്യപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കണം. അതുപോലെ തങ്ങളുടെ മക്കളോട് മറ്റ് കുട്ടികളെ ഉപദ്രവിക്കരുത് എന്നും ഒറ്റപ്പെടുത്തരുത് എന്നും പറഞ്ഞ് മനസിലാക്കണം. തന്റെ കുഞ്ഞിനെ സഹപാഠികളെല്ലാം കൂടി തകർത്തു കളഞ്ഞു. അവർ അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. അവളെന്തൊക്കെ അനുഭവിച്ചു എന്നത് തനിക്ക് ഓർക്കാൻ പോലും വയ്യ ' എന്നും സ്റ്റെഫാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ, വെറും ആഴ്ചകൾക്ക് ശേഷം അവരും സ്വന്തം ജീവനെടുക്കുകയായിരുന്നു. 

എന്നാൽ, വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും ഒറ്റപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നത് തുടരുകയാണ് എന്നാണ് പലരും പറയുന്നത്. സ്റ്റെഫാനിയുടെ സുഹൃത്തായ ജാനറ്റ് പറയുന്നത് തന്റെ മക്കൾക്കും സ്കൂളിൽ നിന്നും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നാണ്. മൂർ കാത്തലിക് ഹൈസ്കൂളിൽ ചേർന്നതിന് പിന്നാലെ വലിയ സൈബർ ബുള്ളിയിം​ഗാണ് വെരായ്ക്ക് നേരിടേണ്ടി വന്നത് എന്നും ജാനറ്റ് പറയുന്നു. 

പുതിയ സ്കൂളിൽ ചേരുന്നതിന് തൊട്ടുമുമ്പാണ് താൻ 'ബൈസെക്ഷ്വലാ'ണ് എന്ന കാര്യം വെരാ തന്റെ അമ്മയോട് പറഞ്ഞത്. എന്നാൽ, പുതിയ സ്കൂളിൽ ചേരുകയായതിനാൽ തന്നെ ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തണ്ട എന്നായിരുന്നു സ്റ്റെഫാനി മകളോട് പറഞ്ഞത്. എന്നാൽ വെരാ തന്റെ സെക്ഷ്വൽ ഐഡന്റിറ്റി ഒരു സുഹൃത്തിനോട് പറയുകയും അതുവഴി മറ്റ് സഹപാഠികളും അറിയുകയുമായിരുന്നു. പിന്നാലെ വലിയ കളിയാക്കലുകളും പരിഹാസവും ഒറ്റപ്പെടലും അവൾക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് അവൾ ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു. 

2020 ഡിസംബർ ഒന്നിനാണ് വെരാ ആത്മഹത്യ ചെയ്തത്. ഈ വർഷം മാർച്ചിൽ സ്റ്റെഫാനിയും ജീവനൊടുക്കി. 

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)