ഹൈസ്കൂളിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, കോളേജിൽ വച്ച് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതോടെ ജീവിതമാകെ മാറിമറിഞ്ഞു. ഒന്നാം വർഷത്തിലാണ് അക്രമം നടത്തിയതിന് മാത്യൂസ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്.

ജീവിതത്തിൽ ഒരിക്കൽ എന്തെങ്കിലും ക്രിമിനൽ കുറ്റകൃത്യം ചെയ്തു എന്നതുകൊണ്ട് ജീവിതം അവിടെ അവസാനിക്കണം എന്നില്ല. ഒരു പുതിയ തുടക്കത്തിനുള്ള മനസുണ്ടായാൽ മതി. അങ്ങനെ ജീവിതം വിജയത്തിലേക്കെത്തിച്ച ഒരാളാണ് യുഎസ്സിൽ നിന്നുള്ള ഡോവൺ മാത്യൂസ്. ഡോവൺ മാത്യൂസിനെ സംബന്ധിച്ചിടത്തോളം, ബിസിനസ്സുകാരനാവുക എന്നത് എല്ലായ്പ്പോഴും ബുദ്ധിശൂന്യമായ ഒരു കാര്യമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. എന്നാലിപ്പോൾ ഒരു വിജയിച്ച ബിസിനസുകാരനാണ് അദ്ദേഹം. സി‌എൻ‌ബി‌സിയുടെ റിപ്പോർട്ട് അനുസരിച്ച്, 19 -ാം വയസ്സിൽ ഒരു കുറ്റകൃത്യം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നതിനാൽ ഡോവണിന്റെ മുന്നിൽ കോർപ്പറേറ്റ് വാതിലുകളെല്ലാം അടഞ്ഞു കിടന്നു. പിന്നാലെയാണ് സ്വന്തമായി ബിസിനസ് എന്നതിലേക്ക് അയാളെത്തിപ്പെടുന്നത്.

'ഒരിക്കൽ ഒരാൾ ഒരു കുറ്റകൃത്യം ചെയ്താൽ, പിന്നീട് നിങ്ങൾ എന്ത് യോ​ഗ്യത നേടി എന്നതുപോലും ആരും ശ്രദ്ധിക്കില്ല. ഈ സമൂഹത്തിൽ നിങ്ങൾക്ക് സ്വീകാര്യത ലഭിക്കില്ല' -മാത്യൂസ് പറയുന്നു. 32 -കാരനായ അദ്ദേഹത്തിന് ഇന്ന് അഞ്ച് ബിസിനസുകൾ സ്വന്തമായുണ്ട്. ഫുഡ് ട്രക്കായ 'ഗുഡീസ് സോൾ കിച്ചൺ' അതിൽ വളരെയേറെ വിജയം കൈവരിച്ച ഒന്നാണ്. മാത്യൂസിന്റെ ബിസിനസുകൾ ഇപ്പോൾ ഓരോ വർഷവും ഒരു മില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കുന്നവയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫിലാഡൽഫിയയിലാണ് മാത്യൂസ് ജനിച്ചത്. പിന്നീട് കുടുംബം നോറിസ്‌ടൗണിലേക്ക് താമസം മാറി. 'അതിന് മുമ്പ് തനിക്ക് ജീവിതം ദുഷ്കരമായിരുന്നു. കാര്യങ്ങൾ പറഞ്ഞുതരാനോ, മാതൃകയാക്കാനോ പറ്റുന്ന ആരും തനിക്ക് ചുറ്റുമുണ്ടായിരുന്നില്ല, ഇവരെ പോലെയാകരുത് എന്ന് തോന്നിക്കുന്ന കുറച്ചുപേരാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നത്' എന്നും മാത്യൂസ് പറഞ്ഞു. ഹൈസ്കൂളിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, കോളേജിൽ വച്ച് ഒരു കേസില്‍ ഉൾപ്പെട്ടതോടെ ജീവിതമാകെ മാറിമറിഞ്ഞു. ഒന്നാം വർഷത്തിലാണ് അക്രമം നടത്തിയതിന് മാത്യൂസ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. പിന്നാലെ ആറ് മാസം ജയിൽ ശിക്ഷ. പ്രൊബേഷനിൽ ആയിരുന്നപ്പോൾ ഒരു ഡിയുഐയും (മദ്യപിച്ചോ മയക്കുമരുന്നുപയോ​ഗിച്ചോ വാഹനമോടിക്കുക) ചുമത്തി. അതോടെ എവിടെയും ജോലി കിട്ടാത്ത അവസ്ഥയായി. മാനർ കോളേജിൽ നിന്ന് അസോസിയേറ്റ് ബിരുദവും ലാ സാലെ സർവകലാശാലയിൽ നിന്ന് ബിസിനസ് ബിരുദവും നേടിയതിനുശേഷവും, ആരും ഒരവസരവും കൊടുക്കാത്ത അവസ്ഥ.

പിന്നാലെയാണ് ബാല്ല്യകാലത്തെ കൂട്ടുകാരനുമായി ചേർന്ന് 2017 -ൽ 'വണ്ടർഫുൾ ക്ലീനിം​ഗ്' എന്നൊരു ബിസിനസ് സംരംഭം തുടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ട് വർഷത്തിനുള്ളിൽ കമ്പനി പ്രതിമാസം ഏകദേശം പന്ത്രണ്ടായിരം ഡോളർ സമ്പാദിച്ചു. തുടർന്ന് മാത്യൂസ് 2020 -ൽ ആർ & ആർ ജങ്ക് റിമൂവൽ ആരംഭിച്ചു, ആദ്യ വർഷം തന്നെ ഒരു ലക്ഷത്തിലധികം ഡോളർ സമ്പാദിച്ചു. പിന്നീട്, റിയൽ എസ്റ്റേറ്റ് അടക്കം മറ്റ് പല ബിസിനസുകളും. ഇന്ന് വിവിധ ബിസിനസുകൾ നടത്തി വിജയിച്ച ഒരാളാണ് അദ്ദേഹം. ഒരിക്കൽ കുറ്റകൃത്യത്തിൽ പെട്ടാലും മുന്നോട്ട് നടക്കാൻ സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് മാത്യൂസിന്റെ ജീവിതം.