കഴിഞ്ഞ ദിവസം 'നാടോടിക്കാറ്റ്' എന്ന ചിത്രം കാണുകയായിരുന്നു. പുറത്തുപോയി വന്ന രാമദാസ് എന്ന ദാസൻ (മോഹൻലാൽ), കയ്യൊന്നും കഴുകാതെ നേരെ വന്ന് കുടത്തിലുള്ള വെള്ളം, കപ്പുകൊണ്ട് കയ്യിട്ടു കോരി കുടിക്കുന്നു. കൈ വെള്ളത്തിൽ മുങ്ങി വെള്ളം വൃത്തികേടാകും എന്നൊന്നും അന്നത്തെക്കാലത്ത് ദാസന് അറിവുണ്ടാവില്ല. COVID-19 -നു ശേഷമുള്ള രാമദാസൻമ്മാർ ഒരിക്കലും ഇങ്ങനെ ചെയ്യാൻ വഴിയില്ല. കൊറോണ വൈറസ് നൽകിയ ഏറ്റവും നല്ല പാഠങ്ങളിൽ ഒന്ന് നല്ല ശുചിത്വബോധമാണ്. മറ്റുള്ള പ്രധാനപ്പെട്ടവ.

 

1. അന്തരീക്ഷ മലിനീകരണം കുറഞ്ഞു: മാർച്ച് പതിമൂന്നിന് Tomas Aftalion എന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സാറ്റലൈറ്റ് ഡേറ്റ ഉപയോഗിച്ചുള്ള പഠനത്തിൽ അന്തരീക്ഷ മലിനീകരണം സാരമായി കുറഞ്ഞു എന്ന് കണ്ടെത്തി.

2. ഒരു മഹാമാരി വന്നാൽ എങ്ങിനെ ആരോഗ്യരംഗം തയ്യാറെടുക്കണം എന്നതും ലോകരാജ്യങ്ങൾക്ക് കൊറോണ വൈറസ് കാട്ടിക്കൊടുത്തു. ഈ രംഗത്ത് കേരളം ലോകത്തിന് മാതൃക ആയതും വളരെ ശ്രദ്ധേയമാണ്.

3. ഒദ്യോഗിക യാത്രകൾ പലതും ഒഴിവാക്കാമായിരുന്നു: വീഡിയോ കോൺഫറസിൻസിം​ഗ് സൗകര്യങ്ങളുടെ ഉപയോഗം പലരും കൃത്യമായി മനസ്സിലാക്കിയത് ഈ ലോക്ക് ഡൗൺ കാലത്താണ്. നേരത്തെ നടത്തിയ പല ഒദ്യോഗിക മീറ്റിംഗുകൾ വീഡിയോ കോൺഫറസുകൾ മുഖേന നടത്താമായിരുന്നു എന്ന ബോധവും നമുക്ക് കൊറോണ വൈറസ് നൽകി.

4. ലോകം മുഴുവൻ എത്രമാത്രം പരസ്പരം ബന്ധപ്പെട്ടതാണ് എന്ന ബോധം: ഡിസംബറിൽ വുഹാൻ സിറ്റിയിൽ തുടങ്ങിയ അസുഖം ഏതാനും മാസങ്ങൾക്കകം, 190 -ൽ പരം രാജ്യങ്ങളിലേക്ക് പകരാൻ ആഴ്ചകളെ എടുത്തുള്ളൂ. മാത്രമല്ല, ഇതേപോലെയുള്ള മഹാമാരികൾ ഒഴിവാക്കാൻ യോജിച്ചുള്ള പ്രവർത്തനം ഉണ്ടായാലേ പൂർണ്ണമായ രോഗനിർമ്മാജ്ജനം നടക്കൂ എന്ന ബോധവും കൊറോണ വൈറസിന്റെ സംഭാവനയാണ്.

5. ഡാറ്റ ഈസ് കിംഗ് ഓഫ് ദി വേൾഡ്: വ്യക്തി വിശ്വാസങ്ങളോ, മാനസികവിക്ഷോഭങ്ങളോ, വികാരങ്ങളോ അല്ല ഡാറ്റയാണ് നമ്മളുടെ തീരുമാനങ്ങളെ നയിക്കുന്നത് എന്നത് കൊറോണ വൈറസ് കാട്ടിത്തന്നു. പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ ഒക്കെ ഡാറ്റയെ ആശ്രയിച്ചായിരുന്നു. തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് ഡാറ്റയാണ് എന്നും ഇപ്പോളാണ് നമുക്ക് പൂർണ്ണമായ ബോധ്യം ഉണ്ടായത്.

ഏറ്റവും പ്രധാനപ്പെട്ടത് പൊതുജനാരോഗ്യം എത്രമാത്രം ബന്ധിപ്പിക്കപ്പെട്ടതാണ് എന്നും ഒരു മഹാമാരി പടരാൻ അധികം സമയം വേണ്ട എന്നതും, ഒരാൾക്കോ, ഒരു സമൂഹത്തിനോ, ഒരു രാജ്യത്തിനോ മാത്രം ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല എന്നതും ഒരു ലോകരാജ്യങ്ങൾ എല്ലാം കൂടിയുള്ള ഒരു സംഘടിത നീക്കത്തിലൂടെയേ COVID19 പോലുള്ള മഹാമാരികളെ തളയ്ക്കാൻ പറ്റൂ എന്നും കൊറോണ നമുക്ക് കാട്ടിത്തന്നു.