തൻ്റെ മരണത്തെക്കുറിച്ചുള്ള വ്യാജവാർത്തകളോട് പ്രതികരിച്ച് 'എംബിഎ ചായവാല' എന്നറിയപ്പെടുന്ന പ്രഫുൽ ബില്ലോരെ. താൻ ജീവനോടെയുണ്ടെന്നും ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. 

തന്റെ മരണത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി 'എംബിഎ ചായവാല' എന്ന പേരിൽ പ്രശസ്തനായ പ്രഫുൽ ബില്ലോരെ. ഇത്തരം കിംവദന്തികൾ അപകീർത്തികരവും വേദനാജനകവുമാണെന്ന് പ്രഫുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. 'ഇത് തികച്ചും പരിഹാസ്യവും അധിക്ഷേപകരവും വേദനാജനകവുമാണ്. ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഞാൻ ജീവനോടെയുണ്ട്' എന്നാണ് ഒരു ഗൂഗിൾ സെർച്ചിന്റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പ്രഫുൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പ്രഫുൽ ബില്ലോരെ ഡെത്ത്' എന്ന് ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ 'ഫൈനൽ ട്രിബ്യൂൺ' എന്ന സൈറ്റിൽ വന്ന വാർത്തയുടെ ഭാഗമാണ് സ്ക്രീൻഷോട്ടിൽ ഉള്ളത്. 'പ്രഫുൽ ബില്ലോരെയുടെ മരണവാർത്തകൾ ഓൺലൈനിൽ പ്രചരിക്കുന്നു, ഔദ്യോഗിക സ്ഥിരീകരണമില്ല - എംബിഎ ചായവാലയുടെ സ്ഥാപകനും സിഇഒയുമായ പ്രഫുൽ ബില്ലോരെ അന്തരിച്ചുവെന്ന അവകാശവാദത്തോടെയുള്ള റിപ്പോർട്ടുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നു. ഇത് ഫോളോവേഴ്സിനും ഉപഭോക്താക്കൾക്കും സംരംഭകർക്കുമിടയിൽ ആശങ്കയുണ്ടാക്കുകയാണ്...' എന്നാണ് വാർത്തയിൽ പറയുന്നത്.

നേരത്തെ, എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വ്യാജ ട്വീറ്റുകൾ പ്രചരിച്ചിരുന്നു. പ്രഫുൽ മരിച്ചുവെന്ന് കരുതി നിരവധി പേർ ഇതിനോടകം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയുടെ പ്രതികരണം

വ്യാജവാർത്തകൾക്കെതിരെയുള്ള പ്രഫുൽ ബില്ലോരെയുടെ പോസ്റ്റിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. 'കരുത്തോടെയിരിക്കൂ ഭായ്, ഇത് പുതിയ ലോകമാണ്. ഇവിടെ വെറുപ്പ് എന്നതിപ്പോൾ സാധാരണയായി മാറിയിരിക്കുന്നു' ഒരാൾ കുറിച്ചു. 'ഇതൊരു തമാശയല്ല' എന്ന മറ്റൊരാളുടെ കമന്റിന് 'ശരിയാണ് ഭായ്' എന്ന് പ്രഫുൽ മറുപടിയും നൽകി.

View post on Instagram

ആരാണ് പ്രഫുൽ ബില്ലോരെ?

മധ്യപ്രദേശിൽ ജനിച്ച പ്രഫുൽ ബില്ലോരെ, എംബിഎ പഠിച്ചുകൊണ്ടിരിക്കെയാണ് അത് തന്റെ വഴിയല്ലെന്ന് തിരിച്ചറിയുന്നത്. തുടർന്ന് എംബിഎ പഠനം ഉപേക്ഷിച്ച അദ്ദേഹം, സ്വന്തമായി ഒരു വഴി കണ്ടെത്താനായി വെറും 8,000 രൂപയുമായി ഒരു ചായക്കട തുടങ്ങി.

രാജ്യത്തുടനീളം ചായക്കടകളുടെ ശൃംഖല കെട്ടിപ്പടുക്കുക മാത്രമല്ല, തന്റെ മികച്ച മാർക്കറ്റിംഗ് കഴിവുകളിലൂടെയും വ്യത്യസ്തമായ ബ്രാൻഡിംഗിലൂടെയും അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറുകയും ചെയ്തു. പ്രഫുലിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, 'എല്ലാ പ്രതിസന്ധികളോടും പോരാടി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ചായ്-ഫ്രാഞ്ചൈസികളിലൊന്ന് കെട്ടിപ്പടുത്ത ഒരു 'ചായ്-പ്രണർ' (CHAI-PRENEUR) ആയി മാറിയ ഒരു എംബിഎ ഡ്രോപ്പ്ഔട്ട്' ആണ് അദ്ദേഹം.