Asianet News MalayalamAsianet News Malayalam

മഹാമാരിക്കുശേഷം ലോകത്തിനെന്ത് സംഭവിക്കും, വരാൻ പോകുന്നത് നല്ല വർഷങ്ങളോ, ചീത്തയോ; ചരിത്രം തരുന്ന സൂചനകളെന്ത്?

സ്പാനിഷ് ഫ്ലൂവിനെപ്പോലെ നിലവിലെ മഹാമാരിയും ആളുകളെ പുറത്ത് പോകുന്നതില്‍ നിന്നും മറ്റുള്ളവരെ കാണുകയും ഇടപെടുകയും ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. 

debate on roaring 20s in twitter
Author
Thiruvananthapuram, First Published Dec 24, 2020, 2:15 PM IST

ചരിത്രത്തിൽ മഹാമാരികളുണ്ടാവുന്നത് ആദ്യമായിട്ടല്ല. ഇതിന് മുമ്പും മഹാമാരികൾക്കും യുദ്ധങ്ങൾക്കുമെല്ലാം ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, അതിനുശേഷം സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെന്തെല്ലാമാണ്? 

റോറിംഗ് 20s എന്ന് കേട്ടിട്ടുണ്ടോ, 20 -ാം നൂറ്റാണ്ടില്‍ കല, സാംസ്കാരം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളില്‍ പാശ്ചാത്യ സമൂഹത്തിലുണ്ടായ വളര്‍ച്ചയേയും മാറ്റങ്ങളേയുമാണ് റോറിംഗ് 20 കൊണ്ട് ഉദ്ദേശിക്കുന്നത്. കലാ-സാംസ്കാരിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പോലെതന്നെ ജീവിതരീതിയിലും ഫാഷനിലുമെല്ലാം അത് മാറ്റങ്ങളുണ്ടാക്കി. സ്ത്രീകള്‍ കൂടുതലായി ഒരുങ്ങി പുറത്തിറങ്ങുകയും പൊതുവിടങ്ങളിലേക്കിറങ്ങാനും തുടങ്ങി. അതുപോലെ ഓട്ടോമൊബൈല്‍, ആശയവിനിമയരംഗം എന്നിവയിലെല്ലാം ഇത് പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാക്കി. അടുത്തിടെ ജെന്നിഡിജിറ്റല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് റോറിംഗ് 20 -യെ കുറിച്ചുള്ള സംവാദം വീണ്ടും തുടങ്ങി വച്ചത്. ഈ മഹാമാരിക്ക് ശേഷം അതുപോലെ വീണ്ടും ഒരു മാറ്റത്തിലേക്ക് ലോകം സഞ്ചരിക്കുമോ എന്നാണ് ജെന്നി സൂചിപ്പിച്ചത്. 1918 -ലെ മഹാമാരിക്ക് ശേഷം എന്തുകൊണ്ടാണ് റോറിം​ഗ് 20 ഉണ്ടായത് എന്ന് തനിക്ക് മനസിലായി. ആളുകൾ എവിടേയും പോകാൻ വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും വളരെ വ്യക്തമായി എന്നാണ് ജെന്നി കുറിച്ചത്. 

1918 -ൽ, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, സ്പാനിഷ് ഇൻഫ്ലുവൻസ വ്യാപിക്കുകയും അത് വലിയ നാശത്തിന് കാരണമാവുകയും എണ്ണമറ്റ ജീവനെടുക്കുകയും ചെയ്തു. അസുഖം നിയന്ത്രിക്കാൻ രണ്ട് വർഷമെടുത്തു, 1920 -ൽ സുഖം പ്രാപിക്കാൻ തുടങ്ങി. പിന്നീട് വന്ന ദശകം സാംസ്കാരികവും കലാപരവുമായ പുരോഗതിക്കൊപ്പം ആധുനികതയെയും കൊണ്ടുവന്നു. വളരെ നീണ്ട നിരാശയ്ക്കും നഷ്ടത്തിനും ശേഷം സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു ആഘോഷവേളയായിരുന്നു ഇത്. അമേരിക്കയിൽ, റോറിംഗ് 20 -കളില്‍ ജാസ് ആരംഭിക്കുകയും സമ്പത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. മുൻ കാലഘട്ടങ്ങളിലേതിനേക്കാൾ നിയന്ത്രണം കുറവായിരുന്നത് സ്ത്രീകൾക്ക് ആസ്വദിക്കാനായി. 

debate on roaring 20s in twitter

സ്പാനിഷ് ഫ്ലൂവിനെപ്പോലെ നിലവിലെ മഹാമാരിയും ആളുകളെ പുറത്ത് പോകുന്നതില്‍ നിന്നും മറ്റുള്ളവരെ കാണുകയും ഇടപെടുകയും ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ലോകം ഈ മഹാമാരിയില്‍ നിന്നും മുക്തമായിക്കഴിഞ്ഞാല്‍ ലോകം വീണ്ടും അത്തരത്തിലൊരു സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മാറ്റത്തിലേക്ക് പോകുമോ എന്നാണ് ചിലരെങ്കിലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍, ജെന്നി പങ്കുവച്ച ഈ ആശയം ട്വിറ്ററില്‍ പിന്നീട് വലിയ സംവാദത്തിന് തന്നെ വഴിവച്ചു. മഹാമാരിയെ പിന്തുടര്‍ന്നെത്തിയ മാന്ദ്യത്തെ മറന്നുപോകരുത് തുടങ്ങിയ കാര്യങ്ങള്‍ ചിലര്‍ പങ്കുവച്ചപ്പോള്‍ ചിലര്‍ ജീവിതരീതികളിലടക്കം മാറ്റങ്ങളുണ്ടാകുമെന്നാണ് പരാമര്‍ശിച്ചത്. 

ഇതില്‍ പ്രധാനമായും ചിലര്‍ ട്വിറ്ററിലൂടെ ജെന്നിക്കുള്ള മറുപടിയായി പങ്കുവച്ച കാര്യങ്ങള്‍ ഇവയാണ്: 

@XaviorOnassis1: മഹാമാരിക്ക് ശേഷം ഏറ്റവും ദുരന്തപൂര്‍ണമായ വംശീയാതിക്രമത്തിന് കൂടി നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തവണ അതുണ്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

@LeiMRob: അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ദിവസത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. മറ്റൊരു മഹാസാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. 

@mariamariaxo1: ആഗസ്ത് മുതല്‍ തുടര്‍ച്ചയായി ജോലിക്ക് അപേക്ഷിക്കുന്നുണ്ട്. ഇതുവരെയും ഒരു ജോലി കിട്ടിയിട്ടില്ല. എന്‍റെ സമ്പാദ്യത്തിലിനി ഒരു മാസത്തെ വാടക കൂടി കൊടുക്കാനുള്ള കാശ് മാത്രമാണുള്ളത്. എന്‍റെ മാതാപിതാക്കള്‍ക്ക് എന്നെ സഹായിക്കാനാവില്ല. കാരണം, മാര്‍ച്ച് മുതല്‍ എന്‍റെ അച്ഛന്‍ ജോലി ചെയ്യുന്നില്ല. ഇത് തന്നെയാണ് മഹാ സാമ്പത്തിക മാന്ദ്യം. 

@Blacklvy1: റോറിംഗ് 20 -നുശേഷമുള്ള മഹാസാമ്പത്തികമാന്ദ്യത്തെ കുറിച്ച് മറന്നുപോകരുത്. അതുപോലെ അതിനുശേഷമാണ് നാം അസുഖം ബാധിച്ച മനുഷ്യരെ തനിച്ചാക്കിത്തുടങ്ങിയത്. അവരെ ആരോഗ്യമുള്ളവര്‍ക്ക് രോഗം ബാധിക്കാതിരിക്കാനായി മാറ്റിനിര്‍ത്തി തുടങ്ങിയത്. 

എന്നാല്‍, ചിലരെല്ലാം റോറിംഗ് 20 -ല്‍ സംഭവിച്ചതുപോലെ മനോഹരമായ വസ്ത്രം ധരിച്ച് പുറത്തുപോകുന്നതിനെ കുറിച്ചും മറ്റും പരാമര്‍ശിച്ചു. 

@RottenPapi: കഴിഞ്ഞയാഴ്ച ഞാന്‍ കടയില്‍ പോയി. പാര്‍ട്ടിക്ക് പോകുമ്പോള്‍ ഒരുങ്ങുന്നതുപോലെ ഒരുങ്ങിയാണ് ഞാന്‍ പോയത്. അവിടെ ചെന്നപ്പോള്‍ ഞാന്‍ രണ്ടുപേരെ കണ്ടു. ഇതൊന്നവസാനിക്കാനായി എനിക്കിനിയും കാത്തിരിക്കാന്‍ വയ്യ. ഇതൊന്ന് തീര്‍ന്നിട്ട് വേണം എനിക്ക് കൂടുതലൊരുങ്ങാനും കൂടുതലായി പുറത്തുപോവാനും. 

@andrealegan: എന്‍റെ ഭര്‍ത്താവ് ഇന്നലെ കൊവിഡ് പൊസിറ്റീവായി. ഇന്ന് ഞാനും പൊസിറ്റീവായി. എന്‍റെ കുടുംബത്തിലുള്ളവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനെനിക്കതുകൊണ്ട് പറ്റില്ല. എനിക്ക് റോറിംഗ് 20 വേണം. 

Follow Us:
Download App:
  • android
  • ios