കഴിഞ്ഞ ഏഴ് വര്‍ഷമായി ചൈനയിലെ വിവാഹനിരക്ക് തുടര്‍ച്ചയായി കുത്തനെ ഇടിയുകയാണ് എന്നാണ് ഈയിടെ പുറത്തുവന്ന ചൈന സ്റ്റാറ്റിസ്റ്റിക്‌സ് ഇയര്‍ബുക്ക് 2021-ലെ രേഖകള്‍ വ്യക്തമാക്കുന്നത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

വിവാഹനിരക്കും ജനനനിരക്കും കുറഞ്ഞതോടെ ലോകത്ത ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന പ്രതിസന്ധിയില്‍. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്ക് ചൈന വളര്‍ന്നതില്‍ ജനസംഖ്യ പ്രധാനഘടകമായിരുന്നു. ലോകത്തെ ഏറ്റവും വലിയ വിപണി, ഏറ്റവുമധികം മനുഷ്യവിഭവശേഷിയുള്ള രാജ്യം തുടങ്ങിയ ഘടകങ്ങളാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ ജനസംഖ്യ എന്ന ഘടകത്തെ ബാധിക്കുന്ന വിധമാണ് അവിടത്തേത് പുതിയ സാമൂഹ്യ സാഹചര്യങ്ങള്‍ എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ ഏഴ് വര്‍ഷമായി ചൈനയിലെ വിവാഹനിരക്ക് തുടര്‍ച്ചയായി കുത്തനെ ഇടിയുകയാണ് എന്നാണ് ഈയിടെ പുറത്തുവന്ന ചൈന സ്റ്റാറ്റിസ്റ്റിക്‌സ് ഇയര്‍ബുക്ക് 2021-ലെ രേഖകള്‍ വ്യക്തമാക്കുന്നത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 2021-ലെ ആദ്യ മൂന്ന് പാദങ്ങളില്‍ 58 ലക്ഷം പേരാണ് ചൈനയില്‍ വിവാഹിതരായത്. സിവില്‍ അഫയേഴ്‌സ് മന്ത്രാലയം പുറത്തിറക്കിയ രേഖകള്‍ പ്രകാരം ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാര്‍ വളരെ കുറഞ്ഞ നിരക്കാണ്. ഇതേ നിലയില്‍ പോയാല്‍ അടുത്ത മൂന്ന് മാസങ്ങളിലും വിവാഹ നിരക്ക് കുറഞ്ഞുതന്നെയിരിക്കാനാണ് സാദ്ധ്യതയെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനനനിരക്കിലും വലിയ കുറവാണ് ചൈനയിലുണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 0.852 ശതമാനമായിരുന്നു ചൈനയിലെ ജനനനിരക്ക്. 1978-നു ശേഷം ചൈനയില്‍ ഒരിക്കലും ഒരു ശതമാനത്തിലേക്ക് ഇത് താഴ്ന്നിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനനനിരക്ക് കുത്തനെ ഇടിയുകയാണ് . ജനനനിരക്കിലെ ഇടിവ് സമ്പദ് വ്യവസ്ഥയുടെയും പുരോഗതിയെയും ബാധിക്കുമെന്ന തിരിച്ചറിവിലാണ് ചൈന പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന് ഒരു കുഞ്ഞ് മാത്രമേ പാടുള്ളൂ എന്ന നിയമം 2016-ല്‍ എടുത്തുകളഞ്ഞത്. മൂന്ന് കുട്ടികളെങ്കിലും ആവാമെന്നാണ് പുതിയ ചൈനീസ് സര്‍ക്കാര്‍ നയം. എന്നാല്‍, ഈ നിയമമാറ്റത്തോട് ജനങ്ങളുടെ പ്രതികരണം ആശാവഹമല്ല. 

രാജ്യത്ത് ചെറുപ്പക്കാരുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നതാണ് വിവാഹനിരക്കിലുള്ള കുറവിനു കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടായി ജനനനിരക്കില്‍ ഈ ഇടിവ് പ്രകടമാണെന്ന കണക്കുകള്‍ വിദഗ്ധര്‍ എടുത്തുകാട്ടുന്നു. ചൈനയില്‍ 60 വയസ്സിനു മീതെയുള്ളവരുടെ എണ്ണം നിലവില്‍ 26.4 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 18.7 ശതമാനമാണിത്.

എന്നാല്‍, ഇതുമാത്രമല്ല വിവാഹത്തോടുള്ള ചൈനക്കാരുടെ താല്‍പ്പര്യമില്ലായ്മക്ക് കാരണമെന്നാണ് നിഗമനം. ഉയര്‍ന്ന ജോലി സമ്മര്‍ദ്ദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ വമ്പന്‍ മുന്നേറ്റം, സ്ത്രീകള്‍ക്ക് കൈ വന്ന സാമ്പത്തിക സ്വാതന്ത്ര്യം എന്നിങ്ങനെ അനേകം ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീ-പുരുഷ എണ്ണത്തിലുണ്ടായ അസമത്വവും ഇതിനു കാരണമായി പറയുന്നുണ്ട്. 

കൂടാതെ, ഉയര്‍ന്ന ജീവിതച്ചെലവ്, ഭവനവിലയിലുണ്ടായ കുതിപ്പ് എന്നിവയും ഇതിനു കാരണമാവുന്നുണ്ട്. വിവാഹിതരായി കുടുംബ ജീവിതമാരംഭിക്കുന്നതില്‍നിന്നും ചൈനീസ് ജനതയെ ഇക്കാരണങ്ങള്‍ തടയുന്നതായി വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ മറ്റ് പല ഏഷ്യന്‍ രാജ്യങ്ങളിലുമുള്ളതുപോലെ വിവാഹവും ജനനനിരക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. വിവാഹത്തിന് പുറത്ത് കുഞ്ഞുങ്ങളുണ്ടാവുന്നത് ഇവിടെ വളരെ കുറവാണ്. അതിനാല്‍, വിവാഹനിരക്കിലുണ്ടാവുന്ന കുറവ് ജനനനിരക്കിനെ നേരിട്ടു ബാധിക്കുന്ന സാഹചര്യമാണ്- വിദഗ്ധര്‍ പറയുന്നു. 

ഈ അവസ്ഥയുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നിലവില്‍ ചൈന ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ചെറുപ്പക്കാര്‍ക്ക് വീടുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ സബ്‌സിഡികള്‍. വിവാഹത്തിനും പ്രസവത്തിനുമുള്ള അവധികള്‍ എല്ലായിടങ്ങളിലും നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്.