റോഡിലിറങ്ങിയാൽ പിടി വീഴില്ലേ? ഇത് സ്‍കൂട്ടറോ അതോ വല്ല കല്ല്യാണവീടോ?
ഈ സ്‌കൂട്ടറിന്റെ ചക്രങ്ങളിൽ പോലും അലങ്കാരങ്ങളാണ്. അവ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഒക്കെ നിറങ്ങളാൽ തിളങ്ങുകയാണ്.

വാഹനങ്ങളിൽ വല്ലാതെ മോഡിഫിക്കേഷൻ വരുത്തിയാൽ കേരളത്തിൽ പണി കിട്ടും അല്ലേ? എന്നാൽ, മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ഈ സ്കൂട്ടർ കണ്ടാൽ ആരുടെയും കണ്ണ് തള്ളിപ്പോകും. അമ്മാതിരി അലങ്കാരമാണ് സ്കൂട്ടറിൽ വരുത്തിയിരിക്കുന്നത്. രത്നങ്ങളും മുത്തുകളും വെളിച്ചവും ഒക്കെയായി ഇത് വല്ല കല്യാണവീടുമാണോ എന്ന് തോന്നിപ്പോകും.
സ്കൂട്ടറിന്റെ മുന്നിൽ തൂവലുകളൊക്കെ ഘടിപ്പിച്ചിട്ടുണ്ട്. സീറ്റ് നീലനിറത്തിലാണ്. സ്കൂട്ടർ ഓടിക്കുമ്പോൾ ചുറ്റും ലൈറ്റുകൾ തെളിയുന്നത് കാണാം. രാജകീയമായ രീതിയിലാണ് സ്കൂട്ടറുള്ളത്. മാത്രമല്ല, സ്കൂട്ടറിൽ ഒരു മൊബൈലും ഘടിപ്പിച്ചിട്ടുണ്ട്. അതിൽ മ്യൂസിക് കേൾക്കുകയോ സിനിമ കാണുകയോ എന്തു വേണമെങ്കിലും ചെയ്യാം. ഈ സ്‌കൂട്ടറിന്റെ ചക്രങ്ങളിൽ പോലും അലങ്കാരങ്ങളാണ്. അവ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഒക്കെ നിറങ്ങളാൽ തിളങ്ങുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഇതെല്ലാം വളരെ വ്യക്തമായിക്കാണാം. ജബൽപൂരിൽ ഈ സ്കൂട്ടർ പ്രശസ്തമാണ് എന്നത് കാപ്ഷനിൽ വ്യക്തമാണ്. my_love_jabalpur എന്ന പേജിലാണ് സ്കൂട്ടറിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ ഒരാൾ സ്കൂട്ടർ ഓടിക്കുകയാണ്. ആ സമയത്ത് സ്കൂട്ടർ തിളങ്ങുന്നത് കാണാം. ആരായാലും കണ്ടാൽ wow എന്ന് പറഞ്ഞു പോകുന്ന തരത്തിലാണ് സ്കൂട്ടർ.
ഏതായാലും വളരെ പെട്ടെന്ന് തന്നെ സ്കൂട്ടർ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഒരാൾ പറഞ്ഞത് രൺവീർ സിങ് കി സ്കൂട്ടർ എന്നാണ്. മറ്റൊരാൾ തമാശയായി പറഞ്ഞത് അതിൽ സെക്യൂരിറ്റി സിസ്റ്റം, വൈ ഫൈ, ഇൻവർട്ടർ, സാറ്റലൈറ്റ് തുടങ്ങി കുറച്ചുകൂടി അധികം സാധനങ്ങൾ ഘടിപ്പിക്കാമായിരുന്നു എന്നാണ്. ഏതായാലും ഈ സ്കൂട്ടർ എങ്ങനെയാണ് റോഡിലിറങ്ങുന്നത് എന്ന കാര്യത്തിൽ യാതൊരു പിടിയുമില്ല.