പല കുട്ടികളും ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതുമെല്ലാം താന്‍ കാണുന്നുണ്ടായിരുന്നു. അവരെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറയുന്നു.

കൊവിഡ് 19 സമൂഹത്തില്‍ എല്ലാത്തരം ആളുകളെയും ബാധിച്ചു. അതുപോലെ തന്നെയാണ് അത് വിദ്യാര്‍ത്ഥികളെ ബാധിച്ചതും. ക്ലാസുകള്‍ ഓണ്‍ലൈനിലായി. ചില കുട്ടികള്‍ ഓഫ്‍ലൈനായി. കേരളത്തിലിപ്പോള്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നവംബറില്‍ സ്കൂള്‍ തുറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എങ്കിലും ഇത് സംബന്ധിച്ച് ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. എന്നാൽ, ഇവിടെ, വെസ്റ്റ് ബംഗാളിലെ (West Bengal ) ഒരു അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കണ്ടെത്തിയ വേറിട്ട മാര്‍ഗമാണ് വാര്‍ത്തയാവുന്നത്. 

'തെരുവിലെ അധ്യാപകന്‍' എന്നാണ് അദ്ദേഹത്തെ ഇപ്പോഴെല്ലാവരും വിളിക്കുന്നത് തന്നെ. കൊവിഡ് 19 (covid 19) സാഹചര്യം മുന്‍നിര്‍ത്തി ദീപ് നാരായണ്‍ നായിക് (Deep narayan Naik ) എന്ന അധ്യാപകന്‍ തെരുവുകളെ ക്ലാസ്‍മുറികളാക്കിയിരിക്കുകയാണ്. അവിടെയുള്ള വീടുകളുടെ ചുമരുകള്‍ ബ്ലാക്ക്ബോര്‍ഡുകളാക്കിയാണ് അദ്ദേഹത്തിന്റെ അധ്യാപനം. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ദേശീയതലത്തിലുണ്ടായ ലോക്ക്ഡൗണിന്‍റെ ഭാഗമായി അടച്ചത് തന്നെയാണ് ഇവിടെയും സ്കൂളുകള്‍. 

'ലോക്ക്ഡൗണ്‍ ആയതോടെ നമ്മുടെ കുട്ടികളുടെ പഠനം നിന്നു. അവര്‍ അവിടെയും ഇവിടെയും അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ തുടങ്ങി. അപ്പോഴാണ് ഈ അധ്യാപകന്‍ വന്ന് അവരെ പഠിപ്പിക്കാന്‍ തുടങ്ങിയത്' എന്ന് കിരണ്‍ തുരി എന്ന രക്ഷിതാവ് പറയുന്നു. അദ്ദേഹത്തിന്‍റെ മകനും ദീപ് നാരായണിന്‍റെ അടുത്ത് പഠിക്കുന്നുണ്ട്. 

ഏകദേശം അറുപതോളം കുട്ടികള്‍ ദീപ് നാരായണിന്റെ അടുത്ത് പഠിക്കാനെത്തുന്നു. അവിടെ അദ്ദേഹം അവരെ എല്ലാം പഠിപ്പിക്കുന്നു. നഴ്സറി പാട്ടുകള്‍ മുതല്‍ മാസ്ക് ധരിക്കേണ്ടുന്നതിന്‍റെയും ഇടയ്ക്കിടെ കൈകഴുകേണ്ടുന്നതിന്‍റെയും പ്രാധാന്യത്തെ കുറിച്ചടക്കം അദ്ദേഹം വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നു. 

വിദൂരഗ്രാമങ്ങളിലുള്ള പല കുട്ടികളും ഇന്‍റര്‍നെറ്റോ, ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസത്തിന് പുറത്താകുന്ന വാര്‍ത്തകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു വേറിട്ട പ്രയത്നം എന്നത് എടുത്തു പറയേണ്ടതാണ്. തന്‍റെ കുട്ടികള്‍ പഠനത്തില്‍ നിന്നും പിന്നോട്ട് പോകുമോ എന്ന ഭയം കൊണ്ടാണ് ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയത് എന്ന് ദീപ് നാരായണ്‍ പറയുന്നു. പല കുട്ടികളും ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതുമെല്ലാം താന്‍ കാണുന്നുണ്ടായിരുന്നു. അവരെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറയുന്നു. മിക്ക രക്ഷിതാക്കളും സ്കൂള്‍ എത്രയും പെട്ടെന്ന് തുറക്കണം എന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹികാകലം പാലിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് അദ്ദേഹത്തിന്‍റെ ക്ലാസ്. കുട്ടികളും രക്ഷിതാക്കളും അദ്ദേഹത്തിന്റെ ക്ലാസിൽ ഹാപ്പിയാണ്.