ഫോൺ കയ്യിലില്ലാതെ കുറച്ച് മണിക്കൂറുകൾ പോലും പറ്റാത്ത രീതിയിലേക്ക് മനുഷ്യർ മാറിയിട്ടുണ്ട്. എല്ലാത്തിനും പകരമായി ഇന്ന് നാം ആശ്രയിക്കുന്നത് മൊബൈലിനെയാണ്. ടോർച്ചായും കാൽക്കുലേറ്ററായും പണമിടപാടുകൾക്കും എല്ലാം മൊബൈൽ മതി എന്നാണ് അവസ്ഥ. എന്നാൽ, മൊബൈൽ പോയിട്ട് ക്ലോക്കോ, വാച്ചോ, സമയമറിയാൻ എന്തെങ്കിലുമോ ഇല്ലാതെ ഒരു ഇരുട്ടു​ഗുഹയിൽ നാൽപത് ദിവസം കഴിയുന്നതിനെ കുറിച്ച് ആലോചിക്കാൻ ഒക്കുമോ? സമയം അറിയാൻ ഒരു മാർ​ഗവുമില്ല, കൂട്ടുകാരായോ, കുടുംബക്കാരായോ പുറം ലോകത്തെ ആരുമായോ ഒരു തരത്തിലും ബന്ധപ്പെടാനാവില്ല. രാത്രിയേതാ പകലേതാ എന്ന് അറിയണമെങ്കിൽ ഉറങ്ങാൻ തോന്നുന്നത് രാത്രിയും ഉണരാൻ തോന്നുന്നത് പകലും. വിശക്കുമ്പോൾ ആഹാരം കഴിക്കാനുള്ള സമയം. ഏതായാലും ഏഴ് സ്ത്രീകളടങ്ങുന്ന 15 പേരാണ് നാൽപത് ദിവസം ഇങ്ങനെയൊരു പരീക്ഷണ ജീവിതം ഒരു ​ഗുഹയ്ക്കകത്ത് ജീവിച്ചത്. 

നാല്‍പത് ദിവസം കഴിഞ്ഞിട്ടാണ് 15 പേരടങ്ങുന്ന അവരുടെ സംഘം ആ ഗുഹയില്‍ നിന്നും പുറത്തിറങ്ങിയത്. ആ ഗുഹയില്‍ സമയം അറിയാനുള്ള ക്ലോക്കോ, വാച്ചോ, ഫോണോ പോലുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ വെളിച്ചവും. അവിടെ സമയം വളരെ പതിയെ ആണ് കടന്നുപോയത് എന്ന് ഇവര്‍ പറയുന്നു. പതിനഞ്ചുപേരും പരീക്ഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞത് ഫ്രാൻസിലെ ലോംബ്രൈവ്സ് ഗുഹയിലാണ്. വലിയ അഭിനന്ദനങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. 40 ദിവസത്തിനു ശേഷം വെളിച്ചത്തിലേക്ക് ഇറങ്ങിയപ്പോള്‍ അത്രയും കാലം ഇരുട്ടില്‍ കഴിഞ്ഞ് വെളിച്ചത്തിലേക്ക് ഇറങ്ങിയതിനാല്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സണ്‍ഗ്ലാസ് ഉപയോഗിക്കുകയുണ്ടായി. 

'ജീവിതത്തില്‍ ഒരു താല്‍ക്കാലികമായ നിര്‍ത്തിവയ്പ്പ്' എന്നാണ് തോന്നിയത് എന്ന് ഈ അനുഭവത്തെ കുറിച്ച് മുപ്പത്തിമൂന്നുകാരിയായ മറീന ലങ്കണ്‍ പറയുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത ഏഴ് സ്ത്രീകളില്‍ ഒരാളായിരുന്നു മറീന. എന്തെങ്കിലും ചെയ്യാനുള്ളതായ ഒരു തിരക്കും അവിടെ ഇല്ലായിരുന്നുവെന്നും മറീന പറയുന്നു. കാറ്റ് കവിളില്‍ തൊടുന്നതും എല്ലാ ദിവസവും കിളികളുടെ പാട്ടും ഉണ്ടായിരുന്ന ആ ദിവസങ്ങള്‍ കുറച്ചുകൂടി നീണ്ടുനിന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു എന്നും അവള്‍ പറയുന്നു. 

40 രാത്രികളും 40 പകലുകളും സംഘം ഗുഹയില്‍ കഴിഞ്ഞത് 'ഡീപ് ടൈം' എന്ന പ്രൊജക്ടിന്‍റെ ഭാഗമായാണ്. അതിനകത്ത് സൂര്യപ്രകാശം എത്തില്ലായിരുന്നു. ടെംപറേച്ചര്‍ 10 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഗുഹയിലിറങ്ങിയവര്‍ക്ക് പുറം ലോകവുമായി യാതൊരു തരത്തിലുള്ള ബന്ധവും ആ ദിവസങ്ങളില്‍ ഉണ്ടായിരുന്നില്ല. മഹാമാരിയെ കുറിച്ചോ ഒന്നും തന്നെ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കൂട്ടുകാരുമായോ കുടുംബവുമായോ ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ല. ഹ്യുമന്‍ അഡാപ്റ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ പറയുന്നത് ഈ ഡീപ് ടൈം പ്രൊജക്ട് എങ്ങനെയാണ് പെട്ടെന്ന് ഒരു ജീവിതരീതിയില്‍ നിന്നും നേരെ വിഭിന്നമായ മറ്റൊരു ജീവിതരീതിയില്‍ തുടരുമ്പോള്‍ അനുഭവപ്പെടുക എന്ന് മനസിലാക്കാനുതകും എന്നാണ്. 

ഗുഹയ്ക്കകത്തായിരുന്നപ്പോള്‍ സമയബോധം മുഴുവനായും നഷ്ടപ്പെട്ടിരുന്നു എന്ന് അതിനകത്ത് കഴിഞ്ഞിരുന്നവര്‍ പറയുന്നു. നാല്‍പത് ദിവസം കഴിഞ്ഞപ്പോള്‍ അതിലുള്‍പ്പെട്ടിരുന്ന ഒരാള്‍ പറഞ്ഞത് 25 ദിവസം നമ്മളവിടെ കഴിഞ്ഞു എന്നാണ്. നാല്‍പത് ദിവസം പിന്നിട്ടുവെന്നത് ശരിക്കും സര്‍പ്രൈസ് ആയിരുന്നു എന്ന് പ്രൊജക്ട് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ക്ലോട്ടും പറയുന്നു. ഫ്രാന്‍സിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ലാബുകളില്‍ പ്രൊജക്ടില്‍ പങ്കെടുത്തവരുടെ ഉറക്കരീതികള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവയെല്ലാം സെന്‍സര്‍ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

ഒരു ഗുളികയ്ക്കുള്ളിൽ ഒരു ചെറിയ തെർമോമീറ്ററായിരുന്നു സെൻസറുകളിലൊന്ന്, പങ്കെടുക്കുന്നവർ അത് വിഴുങ്ങി. ക്യാപ്‌സൂളുകൾ ശരീര താപനില അളക്കുകയും സ്വാഭാവികമായും പുറത്താക്കപ്പെടുന്നതുവരെ ഡാറ്റ പോർട്ടബിൾ കമ്പ്യൂട്ടറിലേക്ക് കൈമാറുകയും ചെയ്യുന്നു. ഉറക്കം, ഭക്ഷണം കഴിക്കല്‍, ഉണരല്‍ എന്നിവയെല്ലാം ബയോളജിക്കല്‍ ക്ലോക്ക് അനുസരിച്ചാണ് നടന്നത്. ഓരോ ഉറക്കമുണരുന്നതിനും അനുസരിച്ചാണ് ദിവസം എണ്ണി കണക്കാക്കിയത്. മിക്കവരും കണക്ക് കൂട്ടിയിരുന്ന തീയതികള്‍ തെറ്റായിരുന്നു. 

“ഈ ഗ്രൂപ്പ് സ്വയം എങ്ങനെ സമന്വയിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കുന്നത് വളരെ രസകരമായിരുന്നു” ഗുഹയ്ക്കുള്ളിൽ നിന്നുള്ള ഒരു റെക്കോർഡിംഗിൽ ക്ലോട്ട് നേരത്തെ പറഞ്ഞു. ഒരു പ്രത്യേക സമയം നിശ്ചയിക്കാതെ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചുമതലകൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് പ്രത്യേകിച്ചും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്തവര്‍ കാണുമ്പോള്‍ ക്ഷീണിതരാണെന്ന് തോന്നാമെങ്കിലും, പര്യവേഷണ വേളയിൽ ആരംഭിച്ച ഗ്രൂപ്പ് പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിന് മൂന്നിൽ രണ്ട് ഭാഗവും ഗുഹയില്‍ തന്നെ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഗവേഷണത്തിൽ ഉൾപ്പെട്ട ക്രോണോബയോളജിസ്റ്റ് ബെനോയിറ്റ് മൌവിയക്സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.