Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ മാറ്റം ലോകത്തെ വിഴുങ്ങുമ്പോഴും ആമസോണ്‍ മഹാവനം വെട്ടിത്തീര്‍ക്കുന്നു

വനനശീകരണം കാലാവസ്ഥാ മാറ്റത്തിനൊപ്പം കൊവിഡ് പോലുള്ള മഹാമാരികള്‍ക്ക് സഹായകമാവുന്ന വിധം വന്യമൃഗങ്ങളിലുള്ള വൈറസുകള്‍ മനുഷ്യരിലെത്താന്‍ സഹായിക്കുമെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ ബ്രസീലില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. 

Deforestation in Amazon rainforest hit its highest level
Author
Amazon Rainforest - Codajás, First Published Nov 19, 2021, 6:24 PM IST

വനനശീകരണം കാലാവസ്ഥാ മാറ്റത്തിനൊപ്പം കൊവിഡ് പോലുള്ള മഹാമാരികള്‍ക്ക് സഹായകമാവുന്ന വിധം വന്യമൃഗങ്ങളിലുള്ള വൈറസുകള്‍ മനുഷ്യരിലെത്താന്‍ സഹായിക്കുമെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ ബ്രസീലില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കാലാവസ്ഥാ മാറ്റം ലോകത്തെ മുഴുവന്‍ ദുരന്തത്തിലേക്ക് നയിക്കുമ്പോഴും ആമസോണ്‍ മഹാവനം ഇല്ലാതാവുകയാണെന്നാണ് ബ്രസീലിലെ ബഹിരാകാശ ഏജന്‍സി നടത്തിയ പഠനം വ്യക്തമാക്കുന്നത്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വനനശീകരണമാണ് ആമസോണില്‍ കഴിഞ്ഞ വര്‍ഷം നടന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. 22 ശതമാനമായി വനനശീകരണം വര്‍ദ്ധിച്ചതായും ഈ പഠനം വെളിപ്പെടുത്തുന്നു. 

ഇക്കഴിഞ്ഞ ആഴ്ച ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ 2030 -ഓടെ വനനശീകരണം ഇല്ലാതാക്കുമെന്നും പുതിയ വനങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നുമുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ബ്രസീല്‍. മുമ്പൊരിക്കലും ഇല്ലാത്തവിധം വനനശീകരണത്തിന് അനുകൂലമായ നടപടികളാണ് പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ ഭരണകൂടം സ്വീകരിക്കുന്നത്. അതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. 

സസ്യങ്ങളും ജന്തുജാലങ്ങളും അടക്കം 30 ലക്ഷം ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇടമാണ് ആമസോണ്‍ മഹാവനം. ആഗോള താപനം കുറയ്ക്കുന്നതിന് സഹായകമാവുന്ന ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന വനമേഖലയാണ് ഇത്. ഇവിടെ 2020-21 വര്‍ഷം മാത്രം 13,325 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് വെട്ടിമാറ്റിയതഎ് എന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2006-നു ശേഷം ഏറ്റവുമേധികം വനം കൊള്ള നടന്ന വര്‍ഷമാണിത്. 

രാഷ്ട്രത്തിനു മുന്നില്‍ വലിയ വെല്ലുവിളി മുന്നോട്ടുവെക്കുന്നതാണ് പുതിയ കണക്കെന്ന് ബ്രസീല്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ജോക്വിം ലെയിറ്റെ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകള്‍ പുതിയ റിപ്പോര്‍ട്ടില്‍ കാര്യമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യവാസമില്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ആമസോണ്‍ അടക്കമുളള വനങ്ങള്‍ക്കരികെയുള്ള പുതിയ ആവാസകേന്ദ്രങ്ങളിലാവും പുത്തന്‍ വൈറസുകള്‍ ഉണര്‍ന്നെണീക്കുക എന്നാണ് നിഗമനം. ഭക്ഷണത്തിനടക്കം വന്യമൃഗങ്ങളുമായി നിരന്തരം ഇടപഴകുന്ന വനമേഖലയിലെ കുടിയേറ്റക്കാരില്‍നിന്നായിരിക്കും ലോകത്തിന് ഭീഷണിയാവുന്ന പുതിയ മഹാമാരി ഉണ്ടാവുകയെന്ന് ലോസ് ഏഞ്ചലസ് ടൈംസ് നടത്തിയ അന്വേഷണം ഈയിടെ വ്യക്തമാക്കിയിരുന്നു.  ആമസോണ്‍ വനം കൈയേറി താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ വനമേഖലകളില്‍ വൈറസ് ബാധയുടെ സാദ്ധ്യതകള്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios