ഡെൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 നായകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. നായകളുടെ ഫോട്ടോ, പേര്, സ്ഥലം എന്നിവ ഉടമകൾ സമർപ്പിക്കണം. അതിൽ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.
ഡെൽഹിയിലെ നായപ്രേമികൾക്കിടയിൽ കൗതുകമുണർത്തി 'ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി' മത്സരം. ഒരു ഇൻസ്റ്റഗ്രാം പേജിന്റെ നേതൃത്വത്തിലാണ് ഈ ഓൺലൈൻ മത്സരം നടക്കുന്നത്. ഡെൽഹിയിലെ ഏറ്റവും തടിയുള്ള നായയെ (Chonkiest Canine) കണ്ടെത്തുക, ഓൺലൈനിൽ ആളുകൾ നൽകുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും. അമേരിക്കയിലെ പ്രശസ്തമായ 'ഫാറ്റ് ബെയർ വീക്ക്' മാതൃകയാക്കിയാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 24 മുതൽ 29 വരെയാണ് മത്സരം നടക്കുന്നത്.
മത്സരത്തിന്റെ പ്രത്യേകതകൾ
ഡെൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 നായകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. നായകളുടെ ഫോട്ടോ, പേര്, സ്ഥലം എന്നിവ ഉടമകൾ സമർപ്പിക്കണം. അതിൽ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. നോക്കൗട്ട് റൗണ്ടുകളിലൂടെയാണ് മത്സരം പുരോഗമിക്കുന്നത്. ഒടുവിൽ വിജയിയെ കിരീടം അണിയിക്കും. കുത്ത സിംഗ്, മഹാകുത്തേശ്വർ, ഗജീന്ദർ, ഗോഗോ, ഗൂഗൂ, മോണ്ടി, ബെയർ, ലീല തുടങ്ങിയ രസകരമായ പേരുകളുള്ള നായകളാണ് മത്സരത്തിലുള്ളത്. ഇതിൽ 'ചെബ്‌ഡാക്ക റാസ സിംഗ്' എന്ന മത്സരാർത്ഥിയും വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
പ്രത്യേകിച്ച് 'കുത്ത സിംഗ്' എന്ന നായയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. പിന്തുണയറിയിച്ച് ആരാധകർ പോസ്റ്ററുകൾ ഇറക്കുകയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. പ്രമുഖ ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റും (Blinkit) കുത്ത സിംഗിന് പിന്തുണയുമായി എക്സിൽ (X) രംഗത്തെത്തിയിട്ടുണ്ട്. 'ഡെൽഹി രോഹിണിയിലെ കുത്ത സിംഗിന് ഫുൾ സപ്പോർട്ട്' എന്ന് കുറിച്ച കമ്പനി, വിജയിക്കുന്ന നായയ്ക്ക് ഫ്രീ ട്രീറ്റ്സ് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ രസകരമായ മത്സരം സോഷ്യൽ മീഡിയയിൽ വലിയ ചിരിയും കൗതുകവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. 'ഡെൽഹിയിലെ തടിയൻ നായകളെ കണ്ടിട്ട് എനിക്ക് തിരഞ്ഞെടുക്കാൻ കഴിയുന്നില്ല, അവരെല്ലാം എന്റെ ഹൃദയം കവർന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, എന്റെ ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് പോലും ഞാൻ വോട്ട് ചെയ്യുന്നുണ്ട്' എന്ന് മറ്റൊരാൾ തമാശയായി കുറിച്ചു.
