ഇത് കൃത്യമായും ഒരു തട്ടിപ്പാണ്, അവിടെ അവർ ആളുകളെ ഡേറ്റിംഗ് ആപ്പുവഴി വലയിലാക്കുകയും പിന്നീട് കനത്ത ബില്ലുകൾ നൽകി അവരെ പറ്റിക്കുകയും ചെയ്യുകയാണ് എന്നും യുവാവ് പറയുന്നു.
ഡേറ്റിന് പോയി പറ്റിക്കപ്പെട്ടതിന്റെ കഥ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്ത് യുവാവ്. മറ്റുള്ളവരോട് ജാഗ്രത വേണം എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കർക്കാർഡൂമയിലെ ഒരു കഫേയിൽ വെച്ചാണ് ടിൻഡറിലൂടെയുള്ള ഡേറ്റ് തട്ടിപ്പിന് ഇരയായത് എന്നും അവിടെ വെച്ച് 50,000 രൂപയുടെ ബിൽ അടയ്ക്കേണ്ടി വന്നു എന്നുമാണ് ഡൽഹിയിൽ നിന്നുള്ള യുവാവ് പോസ്റ്റിൽ ആരോപിക്കുന്നത്. കഴിഞ്ഞ ആഴ്ച ഷെയർ ചെയ്ത പോസ്റ്റ് വലിയ ചർച്ചയായി മാറുകയും ചെയ്തു.
യുവാവ് പറയുന്നത്, ഡേറ്റിംഗ് ആപ്പിൽ ഒരു പെൺകുട്ടിയുമായി മാച്ചായി. അങ്ങനെ ഒരു കഫേയിൽ വെച്ച് അവളെ കാണാം എന്ന് സമ്മതിച്ചു എന്നാണ്. കഫേയിലെത്തി ആദ്യം എല്ലാം സാധാരണ പോലെ തന്നെ ആയിരുന്നു. പക്ഷേ കുറച്ച് സമയം കഴിഞ്ഞപ്പോൾ, ജീവനക്കാർ വിലകൂടിയ സാധനങ്ങൾ കൊണ്ടുവരാൻ തുടങ്ങി. മെനുവും ശരിക്കും കാണിച്ചിരുന്നില്ല. അവസാനം, ബില്ല് വന്നപ്പോൾ 50,000 രൂപ ആയിരുന്നു എന്നും യുവാവ് എഴുതുന്നു.
ഇത് കൃത്യമായും ഒരു തട്ടിപ്പാണ്, അവിടെ അവർ ആളുകളെ ഡേറ്റിംഗ് ആപ്പുവഴി വലയിലാക്കുകയും പിന്നീട് കനത്ത ബില്ലുകൾ നൽകി അവരെ പറ്റിക്കുകയും ചെയ്യുകയാണ് എന്നും യുവാവ് പറയുന്നു. മറ്റാരും ഇതിൽ കുടുങ്ങരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്നാണ് യുവാവ് പറയുന്നത്. അറിയാത്ത കഫേകളിൽ ഇത്തരം കൂടിക്കാഴ്ചകൾക്ക് ചെല്ലരുതെന്നും മെട്രോ സ്റ്റേഷനരികിലുള്ള അറിയാത്ത കഫേയിൽ ചെല്ലുമ്പോൾ റിവ്യൂ നോക്കാൻ മറക്കരുത് എന്നും യുവാവ് മുന്നറിയിപ്പ് നൽകി.
അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് നേരത്തെ തന്നെ ഉള്ള തട്ടിപ്പാണ് എന്നും ഇതിൽ നിന്നും എന്താണ് ആരും പഠിക്കാത്തത് എന്നുമായിരുന്നു ഒരാളുടെ സംശയം. അതേസമയം, ഡേറ്റിംഗ് ആപ്പ് വഴിയുള്ള ഇത്തരം തട്ടിപ്പുകളെ കുറിച്ച് നേരത്തെ തന്നെ ആരോപണങ്ങളുയരുന്നുണ്ട്.
