ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വസിച്ചാൽ ദില്ലിയിലെ മുസ്‌ലിം വോട്ടുബാങ്കിന്റെ 69 ശതമാനവും പിന്തുണച്ചിരിക്കുന്നത് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളെയാണ്. നാളെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തു വരുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കപ്പെട്ടാൽ, ആ ട്രെൻഡ് സൂചിപ്പിക്കുന്ന മാറ്റം എന്തായിരിക്കും?

ദില്ലിയിലെ ഒരു ബൂത്തിൽ നിന്ന് വോട്ടുചെയ്ത ശേഷം പുറത്തിറങ്ങി വന്ന ഒരു മുസ്‌ലിം വോട്ടർ ഇംഗ്ലീഷ് ദിനപത്രമായ 'ദി പ്രിന്റി'ന്റെ ലേഖകനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു," കഴിഞ്ഞ 40 വർഷത്തിനിടെ എന്റെ വോട്ട് കോൺഗ്രസിനല്ലാതെ മറ്റൊരാൾക്കും പോയിട്ടില്ല. ഇന്ന്, ആദ്യമായി ഞാനാ ശീലം തെറ്റിച്ചു" അത് പറഞ്ഞു തീർന്നപ്പോൾ അയാളുടെ കണ്ണിന്റെ കോണിൽ ഒരു തുള്ളി കണ്ണീരുണ്ടായിരുന്നു. അങ്ങനെ ഒരു കൂറുമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച ചേതോവികാരം വളരെ ലളിതമാണ്, " ഇല്ലെങ്കിൽ, എന്റെ വോട്ടു വെറുതെ പാഴാവും... ബിജെപിയോട് ദില്ലിയിൽ ഇന്ന് എതിരിട്ടു ജയിക്കാനുള്ള പ്രാപ്‍തി കോൺഗ്രസിനില്ല, അത് ആം ആദ്മിക്ക് മാത്രമേയുള്ളൂ. അതാണ് ഞാൻ അങ്ങനെ ചെയ്തത്" അയാൾ തുടർന്നു.

ഇങ്ങനെയൊരു മാറ്റത്തിനു പിന്നിൽ 

കാര്യം മറ്റൊന്നുമല്ല. തികച്ചും പ്രയോഗികരാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു തീരുമാനം മാത്രമാണ് ദില്ലിയിലെ മുസ്ലീങ്ങളുടേത്. CAA-NRC-NPR
എന്നിങ്ങനെ ആകെ കലുഷിതമായി, ഏറെക്കുറെ മുസ്ലിം വിരുദ്ധമായി എന്നുപോലും പറയാവുന്ന അവസ്ഥയിലാണ് ദില്ലിയിലെ രാഷ്ട്രീയം. ആം ആദ്മി പാർട്ടിയുടെ നയം, പൗരത്വ നിയമ ഭേദഗതിക്ക് താത്വികമായി എതിരാണ്. സിഎഎ ദില്ലി തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ല എന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. അവർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ദില്ലിയിലെ സമഗ്രവികസനത്തിലാണ്. അതിൽ മാത്രമാണ്.  ദില്ലിയിൽ, ആം ആദ്മി പാർട്ടി കഴിഞ്ഞാൽ ബിജെപിക്കെതിരായി, ഒരു മത്സരം കാഴ്ചവെക്കാൻ ശേഷിയുണ്ട് എന്ന് കരുതപ്പെടുന്ന പാർട്ടിയായ കോൺഗ്രസിന്റെ അവസ്ഥയെന്താണ്? അവർ ഷാഹീൻബാഗിലെ സമരങ്ങളെ പിന്തുണച്ചുകൊണ്ട് സജീവമായി, പരസ്യമായി രംഗത്തുവരും എന്ന മുസ്ലീങ്ങളുടെ പ്രതീക്ഷ കഴിഞ്ഞ കുറെ ആഴ്ചകളായി തികച്ചും അസ്ഥാനത്താണ് എന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്തുണച്ചില്ല എന്നുമാത്രമല്ല, സമരപ്പന്തലുകൾക്ക് കിലോമീറ്ററുകൾ അടുത്തേക്കുപോലും കോൺഗ്രസിലെ ആരും ചെല്ലുന്നില്ലായിരുന്നു. ആകെ പിന്തുണച്ചുകൊണ്ട് എന്തെങ്കിലും പറഞ്ഞിട്ടുള്ളത് ശശി തരൂർ, ദിഗ്‌വിജയ് സിംഗ് പോലുള്ള ചുരുക്കം പേരാണ്. സോണിയ, പ്രിയങ്ക, രാഹുൽ ഗാന്ധിമാർ ഒന്നും തന്നെ വ്യക്തമായ പിന്തുണ അറിയിച്ചിട്ടില്ല ഇന്നുവരെ.

ഒരു കാര്യം വ്യക്തമാണ് ഷാഹീൻ ബാഗ് അടക്കമുള്ള ദില്ലിയിലെ സമരങ്ങൾ എല്ലാം തന്നെ ബിജെപി വിരുദ്ധ സമരങ്ങളാണ്. ബിജെപിയുടെ പൗരത്വ നിയമ ഭേദഗതി തന്നെ പ്രഥമദൃഷ്ട്യാ മുസ്‌ലിം വിരുദ്ധമാണ് എന്നാണ് ദില്ലിയിലെ സമരപ്പന്തലുകളിൽ വന്നിരിക്കുന്ന മുസ്ലീങ്ങൾ ഒന്നടങ്കം പറയുന്നത്. ' പാകിസ്ഥാനിൽ നിന്ന് ഇങ്ങോട്ടിണി ഒരു ഹിന്ദുവും വരേണ്ട, മുസ്ലീമും വരേണ്ട' എന്ന് അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി കേജ്‌രിവാൾ പറയുമ്പോൾ അത് വികസന കാംക്ഷികളായ, മൃദുവലതുപക്ഷ ഹിന്ദു വോട്ടർമാർക്ക് കേജ്‌രിവാളിനെ പ്രിയങ്കരനാക്കുന്നു. അതേസമയം സ്വയം അവിടേക്ക് പോയില്ല എങ്കിലും, തന്റെ പാർട്ടിയിലെ പ്രോ- മുസ്‌ലിം മുഖമായ അമാനത്തുള്ളാ ഖാനെ ഇടയ്ക്കിടെ പന്തലിലേക്ക് പറഞ്ഞയച്ച് പിന്തുണയറിയിച്ചുകൊണ്ടിരുന്നു കേജ്‌രിവാൾ.  സലിം ഷെർവാണി, നസിറുദ്ദീൻ സിദ്ദിഖി തുടങ്ങിയ കോൺഗ്രസിലെ ഒരു മുസ്‌ലിം നേതാവ് പോലും ഷാഹീൻ ബാഗിലോ പരിസരങ്ങളിലോ പോയിട്ടില്ല എന്നിരിക്കെയാണ് ഇത്. 

കേജ്‌രിവാളിന്റെ മുസ്‌ലിം പ്രീണനനയങ്ങൾ 

മുസ്ലിങ്ങൾക്ക് പ്രിയം തോന്നാവുന്ന ചില നടപടികൾ വേറെയും ആം ആദ്മി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ അരവിന്ദ് കെജ്‌രിവാൾ ദില്ലിയിലെ ഇമാമുമാരുടെ ശമ്പളം 10,000 -ൽ നിന്ന് 18,000 ആക്കി ഉയർത്തിയിരുന്നു. പള്ളികളിലെ ഹെൽപ്പർമാരുടെ ശമ്പളം 9,000 ൽ നിന്ന് 16,000 ആയും. തങ്ങളുടെ കീഴിലുള്ള 185 പള്ളികളിലുള്ള ജീവനക്കാർക്ക് പുതുക്കിയ നിരക്കിലുള്ള ഈ ശമ്പളം കൊടുക്കുന്നത് ദില്ലി വഖഫ് ബോർഡ് ആയിരിക്കും.  ദില്ലി വഖഫ് ബോർഡിന്റെ കീഴിൽ അല്ലാത്ത പള്ളികളിലെ ഇമാമുമാരുടെയും സഹായികളുടെയും ശമ്പളം കൂടി കേജ്‌രിവാൾ ഗവണ്മെന്റ് വർധിപ്പിച്ചു നൽകിയത് ദില്ലിയിലെ മുസ്ലീങ്ങളെ ഒരളവുവരെ പ്രീതിപ്പെടുത്തിയിട്ടുണ്ട്. 

ആം ആദ്മി പാർട്ടി ഗ്യാലറിക്ക് കണക്കാക്കി ഇങ്ങനെ ചില കളികൾ കളിക്കുമ്പോൾ അവിടെ വോട്ടുബാങ്കിൽ കനത്ത ഇടിവുണ്ടാകുന്നത് ഇന്നുവരെ മുസ്ലീങ്ങളുടെ പക്ഷക്കാർ എന്ന് അവകാശപ്പെട്ടിരുന്ന ദില്ലിയിലെ കോൺഗ്രസുകാർക്കാണ്. മുസ്‌ലിം ലീഗ് കോൺഗ്രസ് എന്നുള്ള ബിജെപിയുടെ പരിഹാസം കേട്ട് ചൂളിത്തുടങ്ങിയ കോൺഗ്രസുകാർ മുസ്ലീങ്ങളിൽ നിന്ന് അകന്നപ്പോഴുണ്ടായ ശൂന്യതയിലേക്കാണ് ഇപ്പോൾ ആം ആദ്മി പാർട്ടി തങ്ങളുടെ സ്വാധീനം വളർത്തിയിരിക്കുന്നത്. മാത്രവുമല്ല, ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ കോൺഗ്രസ് പൊതുവിൽ അതിനെ എതിർത്തിരുന്നു എങ്കിലും, മുതിർന്ന കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജനാർദ്ദൻ ദ്വിവേദി, ദീപേന്ദർ സിംഗ് ഹൂഡ പോലുള്ള നേതാക്കൾ അതിനെ ദേശീയതയുടെ പേരും പറഞ്ഞ് പിന്തുണച്ച് രംഗത്തെത്തിയത് മുസ്ലീങ്ങളുടെ മനസ്സിൽ കോൺഗ്രസിന്റെ സ്ഥാനം ഇടിച്ചുതാഴ്ത്തി. 

ന്യൂനപക്ഷവോട്ടുബാങ്ക് ആം ആദ്മി പാർട്ടിക്കൊപ്പമോ?

ദില്ലി വോട്ടുബാങ്കിന്റെ  12 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണ മാത്രമല്ല കോൺഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യാ ടുഡേയുടെ സർവേ വിശ്വസിച്ചാൽ ഒബിസി, പട്ടികജാതി, പട്ടിക വർഗ വോട്ടുകളും കോൺഗ്രസ് പക്ഷത്തുനിന്ന് ചോർന്നു പോയിരിക്കുന്നു എന്നാണ് കരുതേണ്ടത്. ദില്ലിയിലെ ന്യൂനപക്ഷ വോട്ടുബാങ്ക് ഉറപ്പായും ബിജെപിക്ക് എതിരാണ്. അവർക്കുവേണ്ടത് ബിജെപിയെ തോൽപ്പിക്കാൻ പോന്ന ഒരു എതിരാളിയാണ്. ആ റോളിൽ ഇനി കോൺഗ്രസിന് തിളങ്ങാനാവില്ല എന്ന് വോട്ടർമാർക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നുവേണം, ഈ ട്രെൻഡ് സത്യമാണെങ്കിൽ, മനസ്സിലാക്കാൻ.