ദില്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി, തന്‍റെ യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കോളേജിലെ ഒന്നാം വർഷ ഫീസ് അടച്ചു. സ്ഥിരോത്സാഹത്തിലൂടെയും ക്രിയാത്മകതയിലൂടെയും വിദ്യാർത്ഥികൾക്ക് എങ്ങനെ സ്വയം പര്യാപ്തത നേടാമെന്ന് ഈ അനുഭവം തെളിയിക്കുന്നു.
യൂട്യൂബിൽ ഇങ്ങനെ വീഡിയോകൾ ഇട്ടിട്ട് എന്ത് കാര്യമെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, കണ്ടന്‍റ് തെരഞ്ഞെടുക്കാനുള്ള കഴിവും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ അത് നല്ലൊരു വരുമാനമാർഗം ആണെന്ന് തുറന്നു പറയുകയാണ് ദില്ലി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനി. തന്‍റെ യൂട്യൂബ് ചാനലിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് കോളേജിലെ ഒന്നാം വർഷത്തെ ഫീസ് മുഴുവനായും അടച്ചുവെന്നാണ് ഇഷാനി ശർമയുടെ വെളിപ്പെടുത്തൽ.
പഠന വീഡിയോകൾ
ദില്ലി യൂണിവേഴ്സിറ്റിയിലെ കിരോരിമാൽ കോളേജിൽ പഠിക്കുന്ന ഈ വിദ്യാർത്ഥിനി തന്‍റെ യൂട്യൂബ് യാത്ര ആരംഭിച്ചത് ഒരു ലളിതമായ അഞ്ച് മിനിറ്റ് വീഡിയോയിലൂടെയാണ്. ഇക്കണോമിക്സ് പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണമെന്ന് വീഡിയോയിലൂടെ ഇഷാനി അന്ന് പങ്കുവെച്ചു. വീഡിയോ ചിത്രീകരിക്കാൻ പ്രത്യേക തയ്യാറെടുപ്പുകളോ പ്ലാനിംഗോ ഒന്നുമുണ്ടായിരുന്നില്ല. പിന്നാലെ പതിയെ പതിയെ പഠന സംബന്ധമായ പല സംശയങ്ങൾക്കും ഇഷാനി തന്‍റെ യൂട്യൂബിലൂടെ വീഡിയോകൾ പങ്കുവച്ച് തുടങ്ങി. പതുക്കെ ഈ വീഡിയോകൾ നിരവധി പേരിലേക്ക് എത്തി. ചാനലിന് മോണിറ്റൈസേഷനും വരുമാനവും ലഭിക്കാൻ തുടങ്ങി.
കോളേജ് ഫീസിന് യൂട്യൂബ് വരുമാനം
ഞാൻ എന്‍റെ ഒന്നാം വർഷത്തെ കോളേജ് ഫീസ് യൂട്യൂബ് വരുമാനം കൊണ്ട് അടച്ചു തീർത്തു. ഞാൻ പഠിക്കുന്നത് ഒരു സർക്കാർ കോളേജിലായത് കൊണ്ട് വലിയ തുകയൊന്നും ഉണ്ടായിരുന്നില്ലെന്നും ഇഷാനി കൂട്ടിച്ചേര്‍ക്കുന്നു, എന്നാല്‍ തന്നെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണെന്നും ഇഷാനി സമൂഹ മാധ്യമത്തിൽ കുറിച്ചു. 10,000 -ത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ഉള്ള ഇഷാനി തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇതുവരെ 47 വീഡിയോകളാണ് പങ്കുവെച്ചിട്ടുള്ളത്. സ്വന്തം താല്പര്യങ്ങൾ പിന്തുടരാനും അത് അവസരങ്ങളാക്കി മാറ്റാനും കാത്തിരിക്കരുതെന്നാണ് ഇഷാനിയുടെ അഭിപ്രായം. സ്ഥിരമായ പരിശ്രമവും സർഗാത്മകതയും ഉണ്ടെങ്കിൽ യൂട്യൂബ് വിദ്യാർത്ഥികൾക്ക് സ്വയം പര്യാപ്തതയിലേക്കുള്ള വഴി കാണിച്ചുതരുമെന്ന് വ്യക്തമാക്കുകയാണ് ഈ വിദ്യാർഥിനിയുടെ അനുഭവം.
