ഒരേ കമ്പനി, ഒരേ ജോലി പക്ഷേ രണ്ട് രാജ്യത്താണെന്ന് മാത്രം. ഒന്ന് ദില്ലിയിലെങ്കില്‍ മറ്റേത് സ്കാന്‍റിവേനിയന്‍ രാജ്യത്ത്. രണ്ടും തമ്മിലെ ജീവിതത്തിലെ അന്തരം വെളിപ്പെടുത്ത യുവതിയുടെ കുറിപ്പ് വൈറല്‍.
തന്‍റെ അതേ പ്രായവും ജോലിയുമുള്ള യൂറോപ്യൻ സഹപ്രവർത്തകയുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്ത് ദില്ലി സ്വദേശിനി പങ്കുവെച്ച സമൂഹ മാധ്യമ കുറിപ്പ് വൈറലാകുന്നു. 'ദില്ലിയിലെ 28 വയസ്സുള്ള സ്ത്രീയുടെയും യൂറോപ്പിലെ 28 വയസ്സുള്ള സ്ത്രീയുടെയും ജീവിതം" എന്ന തലക്കെട്ടിലുള്ള റെഡ്ഡിറ്റ് പോസ്റ്റിലാണ് ജീവിത വിദ്യാഭ്യാസങ്ങൾ അക്കമിട്ട് നിരത്തിയത്. താനും തന്‍റെ സ്കാൻഡിനേവിയൻ ടീമംഗവും ഒരേ പ്രായക്കാരും ഒരേ ജോലി ചെയ്യുന്നവരുമാണെന്നും എന്നാൽ, തങ്ങൾ ഇരുവരുടെയും ജീവിതം രണ്ട് ലോകങ്ങൾ പോലെ വ്യത്യസ്തമാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
ഇരുവരും ദിവസവും ഒന്നര മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. എന്നാൽ, യൂറോപ്യൻ രാജ്യത്തുള്ള തന്‍റെ സഹപ്രവർത്തക ദിവസവും റിസർവ് ചെയ്ത സീറ്റിൽ സുഖപ്രദമായ യാത്ര ചെയ്യുമ്പോൾ, നിൽക്കാൻ പോലും ഇടമില്ലാതെയുള്ള തന്‍റെ യാത്ര ഒരു പേടി സ്വപ്നമാണെന്നാണ് ദില്ലി സ്വദേശിനി പറയുന്നത്. മാത്രമല്ല, തന്‍റെ സഹപ്രവർത്തകയ്ക്ക് യാത്രയ്ക്കിടയിൽ തന്നെ ജോലി ആരംഭിക്കാൻ കഴിയുമ്പോൾ താൻ രണ്ട് തവണ ട്രെയിൻ മാറിക്കേറി ജോലി സ്ഥലത്ത് എത്തേണ്ട അവസ്ഥയിലാണെന്നും യുവതി പറയുന്നു.
സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടിയാണ് തന്നെ സഹപ്രവർത്തക ജോലി സ്ഥലത്ത് നിന്നും അകലെയുള്ള ഒരു താമസ സ്ഥലം തെരഞ്ഞെടുത്തതെന്നും എന്നാൽ, താൻ തന്‍റെ മാതാപിതാക്കളെ വിട്ടുനിൽക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അത്തരത്തിലൊരു തീരുമാനം എടുത്തതെന്നുമാണ് യുവതി പറയുന്നത്. ഇരു സ്ഥലങ്ങളും തമ്മിലുള്ള സുരക്ഷാ വ്യത്യാസങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്.
ഇന്ത്യയെ വിമർശിക്കാനോ പാശ്ചാത്യരെ പുകഴ്ത്താനോ വേണ്ടിയല്ല തന്‍റെ പോസ്റ്റെന്ന് യുവതി ഊന്നിപ്പറഞ്ഞു. ഇത് തന്‍റെ ജീവിതത്തിന്‍റെയും ദശലക്ഷക്കണക്കിന് ദില്ലിക്കാരുടെ ജീവിതത്തിന്‍റെയും സത്യം മാത്രമാണനും അവർ വ്യക്തമാക്കി. കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് യുവതിയെ അനുകൂലിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. ചിലർ വായുവിന്‍റെ ഗുണനിലവാരം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ വേതന വ്യത്യാസം തുടങ്ങിയ ആഴത്തിലുള്ള പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി.
Watch Video:ഇറാന്‍ തീരത്ത് 'രക്ത മഴ'? കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ
