യുവാവിന്റെ നിർദ്ദേശം പാലിക്കപ്പെട്ടില്ല. കൃത്യമായി ലാൻഡ്‍ഫോണിലേക്ക് തന്നെയാണ് കോൾ വന്നത്. യുവാവിന് ദേഷ്യം വന്നു. പക്ഷേ, വാതിൽ തുറന്ന ഉടനെ തന്നെ ഡെലിവറി ജീവനക്കാരൻ യുവാവിനോട് സോറി പറയുകയാണ് ചെയ്തത്.
ഫുഡ് ഡെലിവറി ഡ്രൈവർമാരുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അർധരാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെ കുറിച്ചാണ് ഒരു യുവാവ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയതും.
പോസ്റ്റിൽ യുവാവ് പറയുന്നത് ഇങ്ങനെയാണ്. രാത്രി രണ്ട് മണിക്ക് യുവാവ് ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ, ഭക്ഷണവുമായി വരുന്ന ഡെലിവറി ജീവനക്കാരന് യുവാവ് കൃത്യമായി നിർദ്ദേശം നൽകിയിരുന്നു. സെക്യൂരിറ്റി ഗാർഡിന് ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സ്ഥിരീകരണം വേണമെങ്കിൽ തന്റെ ലാൻഡ്ഫോണിൽ വിളിക്കരുത്, മൊബൈൽ ഫോണിൽ വേണം വിളിക്കാൻ എന്നായിരുന്നു നിർദ്ദേശം. അച്ഛനും അമ്മയും ഉറങ്ങുകയാണ്, ആ സമയത്ത് ലാൻഡ്‍ഫോണിൽ വിളിച്ചാൽ അവർ ഉണരുമെന്നും യുവാവ് പറയുന്നു.
എന്നാൽ, യുവാവിന്റെ നിർദ്ദേശം പാലിക്കപ്പെട്ടില്ല. കൃത്യമായി ലാൻഡ്‍ഫോണിലേക്ക് തന്നെയാണ് കോൾ വന്നത്. യുവാവിന് ദേഷ്യം വന്നു. പക്ഷേ, വാതിൽ തുറന്ന ഉടനെ തന്നെ ഡെലിവറി ജീവനക്കാരൻ യുവാവിനോട് സോറി പറയുകയാണ് ചെയ്തത്. ലാൻഡ്ഫോണിലേക്ക് വിളിച്ചത് തന്റെ തെറ്റ് തന്നെയാണ് എന്നും തന്ന നിർദ്ദേശം മറന്നുപോയതാണ് എന്നും വാതിൽ തുറന്നയുടനെ തന്നെ ഡെലിവറി ജീവനക്കാരൻ സമ്മതിച്ചു എന്നും സോറി പറഞ്ഞു എന്നും പോസ്റ്റിൽ പറയുന്നു. അത് തന്റെ ദേഷ്യം ഇല്ലാതെയാക്കി എന്നാണ് യുവാവ് പറയുന്നത്.
അത് എന്നെ വല്ലാതെ സ്പർശിച്ചു. ഇവിടെ ആരും ശരിക്കും സോറി പറയാറില്ല. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാർ. എന്റെ ദേഷ്യം പെട്ടെന്ന് മാറുകയും എനിക്ക് വിഷമം തോന്നുകയും ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ആ ഡെലിവറി ജീവനക്കാരൻ ഒരു നല്ലയാളാണ് എന്നും ഒരു സോറി ഒരാളെ വലിയ മനുഷ്യനാക്കും എന്നുമെല്ലാം പോസ്റ്റിന് ആളുകൾ കമന്റ് നൽകി.


