Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ ഒരു പോസ്റ്റ് ഓഫീസ് ഇനി മുതൽ അറിയപ്പെടുക ഈ ഇന്ത്യക്കാരന്റെ പേരിൽ, കാരണം

അതേസമയം, പോസ്റ്റ് ഓഫീസിന് വ്യക്തികളുടെ പേര് നൽകുന്നത് ഒരു സാധാരണ സംഭവമല്ലെന്നും, അത് തെരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണെന്നും യുഎസ് പോസ്റ്റൽ സർവീസ് ജില്ലാ ഡയറക്ടർ ജൂലി വിൽബർട്ട് പറഞ്ഞു.

Deputy Sandeep Singh Dhaliwal was honored by renaming a postal office in America
Author
USA, First Published Oct 8, 2021, 12:12 PM IST

അമേരിക്കയിലെ ഒരു പോസ്റ്റ് ഓഫീസ് ഇനി മുതൽ ഒരു ഇന്ത്യക്കാരന്റെ പേരിൽ അറിയപ്പെടും. പടിഞ്ഞാറൻ ഹ്യൂസ്റ്റണിലെ പോസ്റ്റ് ഓഫീസാണ് ഇനി മുതൽ ഇന്ത്യൻ-അമേരിക്കൻ പൊലീസ് ഓഫീസർ സന്ദീപ് സിംഗ് ധലിവാളിന്റെ പേരിൽ അറിയപ്പെടാൻ പോകുന്നത്. 2019 -ൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസസ് (യുഎസ്പിഎസ്) പോസ്റ്റ് ഓഫീസിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.  

ചൊവ്വാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ ലിസി ഫ്ലെച്ചർ എന്ന കോൺഗ്രസ് നേതാവ് നഗരത്തിലെ 315 അഡിക്സ് ഹോവൽ റോഡിൽ സ്ഥിതിചെയ്യുന്ന പോസ്റ്റ് ഓഫീസ് അദ്ദേഹത്തിനായി സമർപ്പിച്ചു. ടെക്സസിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു അദ്ദേഹം പിന്നിൽ നിന്ന് നിരവധി തവണ വെടിയേറ്റ ശേഷം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം ലോകത്തെ മുഴുവൻ ഞെട്ടിക്കുകയും ലോകവ്യാപകമായി അപലപിക്കപ്പെടുകയും ചെയ്തിരുന്നു. ടെക്സാൻ നഗരത്തിൽ ഡെപ്യൂട്ടി പദവിയിലെത്തിയ ആദ്യ ഇന്ത്യൻ-അമേരിക്കക്കാരനാണ് സന്ദീപ്. അതുമാത്രമല്ല, തലപ്പാവ് ധരിക്കാനും, താടി വളർത്താനും അനുമതി കിട്ടിയ അമേരിക്കയിലെ ആദ്യത്തെ സിഖ് പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. 2009 -ലാണ് അദ്ദേഹം ആദ്യമായി ഒരു ഡിറ്റൻഷൻ ഓഫീസറായി ഏജൻസിയിൽ ചേർന്നത്. പിന്നീട് അദ്ദേഹം ഹാരിസ് കൗണ്ടിയിലെ ഒരു പട്രോൾ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായി തീർന്നു.      

ധലിവാളിന്റെ സേവനം, ത്യാഗം, എന്നിവയുടെ നിതാന്തമായ ഒരു ഓർമ്മപ്പെടുത്തലായിരിക്കും ഇതെന്ന് അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു. "എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച പ്രതിബദ്ധതയുള്ള ഒരു പൊതുപ്രവർത്തകനെ ആദരിച്ചതിന് കോൺഗ്രസുകാരി ഫ്ലെച്ചറിനും മുഴുവൻ ടെക്സാസ് പ്രതിനിധി സംഘത്തിനും ഞങ്ങൾ നന്ദി പറയുന്നു. അയൽക്കാരെ സ്നേഹിക്കാൻ എല്ലാവരെയും പ്രചോദിപ്പിച്ച ഒരു യഥാർത്ഥ നായകനാണ് അദ്ദേഹം” ഗോൺസാലസ് പറഞ്ഞു. എന്നാൽ, സന്ദീപിനെ ആദരിക്കുന്നത് ഇതാദ്യമായല്ല.  അദ്ദേഹത്തിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം, ഹൈവേ 249 -ന് സമീപമുള്ള ബെൽറ്റ്വേ 8 ന്റെ ഒരു ഭാഗത്തിന് ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരുനൽകിയിരുന്നു.

അതേസമയം, പോസ്റ്റ് ഓഫീസിന് വ്യക്തികളുടെ പേര് നൽകുന്നത് ഒരു സാധാരണ സംഭവമല്ലെന്നും, അത് തെരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണെന്നും യുഎസ് പോസ്റ്റൽ സർവീസ് ജില്ലാ ഡയറക്ടർ ജൂലി വിൽബർട്ട് പറഞ്ഞു. "ആകെയുള്ള 31,000 -ത്തിലധികം തപാൽ ഓഫീസുകളിൽ ഒരു വ്യക്തിയുടെ ബഹുമാനാർത്ഥം സമർപ്പിക്കപ്പെട്ടത് 900 -ൽ താഴെ മാത്രമേയുള്ളൂ" വിൽബർട്ട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios