Asianet News MalayalamAsianet News Malayalam

ആനി എർനൂ; ഓർമ്മകളുടെ തുറന്നെഴുത്തുകാരി, എന്നിട്ടും ഓർമ്മകളെ അവിശ്വസിച്ചവൾ!!

ഓർമ്മക്കുറിപ്പുകളിലൂടെ, ആത്മകഥാംശപരമായ തുറന്നെഴുത്തുകളിലൂടെ  ഫ്രഞ്ച് ജനതയുടെ മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയപ്പെട്ട എഴുത്തുകാരി. ആനി എർനൂ  തന്നെ അസാധാരണമായ ഒരു ഓർമ്മക്കുറിപ്പാണ്. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുമ്പോഴും അതേ ഓർമ്മകളെ തുറന്നെഴുതി അനുവാചകരെ അനിർവ്വചനീയമായ വായനാനുഭവത്തിലേക്ക് പറഞ്ഞയയ്ക്കുന്നവൾ!!

detailed story on  annie ernaux nobel price winner for literature 2022
Author
First Published Oct 6, 2022, 7:47 PM IST

"കാര്യങ്ങൾ തുറന്നെഴുതാനല്ലെങ്കിൽ, ഓർമ്മകളെ ചികഞ്ഞെടുക്കാനല്ലെങ്കിൽ പിന്നെ എഴുത്ത് കൊണ്ട് എന്താണ് കാര്യം?" ചോദിക്കുന്നത് ആനി എർനൂ ആണ്. ഇത്തവണത്തെ സാഹിത്യ നൊബേൽ സമ്മാന ജേതാവ്. ഓർമ്മക്കുറിപ്പുകളിലൂടെ, ആത്മകഥാംശപരമായ തുറന്നെഴുത്തുകളിലൂടെ  ഫ്രഞ്ച് ജനതയുടെ മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയപ്പെട്ട എഴുത്തുകാരി. ആനി എർനൂ തന്നെ അസാധാരണമായ ഒരു ഓർമ്മക്കുറിപ്പാണ്. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുമ്പോഴും അതേ ഓർമ്മകളെ തുറന്നെഴുതി അനുവാചകരെ അനിർവ്വചനീയമായ വായനാനുഭവത്തിലേക്ക് പറഞ്ഞയയ്ക്കുന്നവൾ!!

സ്വന്തം കഥ പോലെയാവും പലപ്പോഴും എർനൂ പറഞ്ഞുതുടങ്ങുക, പൊടുന്നനെ അതൊരു കേൾവിക്കാരിയുടെയോ കാഴ്ച്ചക്കാരിയുടെയോ ഭാഷയായി മാറും. ആ വ്യക്തിയുടെ വാക്കുകളിൽ, കഥ പറയുന്നവൾ 58ലെ പെൺകുട്ടിയോ എസ് എന്ന പെൺകുട്ടിയോ ഒക്കെയായി മാറും.  ചില സമയങ്ങളിൽ, അവൾ ഒരു പഴയ ഫോട്ടോഗ്രാഫിൽ നിന്ന് അല്ലെങ്കിൽ ഒരു സിനിമയിലെ  സീനിൽ നിന്ന് തന്നെത്തന്നെ നോക്കുന്നത് പോലെ തോന്നും.  എപ്പോഴാണ് കഥയിൽ വഴിതെറ്റിപ്പോകുന്നതെന്നും അവളുടെ ഓർമ്മ ശൂന്യമാകുന്നതെന്നും അവൾ നമ്മളോട് പറഞ്ഞുതരും.  ഭൂതകാലത്തെ അത്രയധികം വെളിപ്പെടുത്തുകയല്ല ആനി എർനൂ ചെയ്യുക. അതിലേക്ക് ആധികാരികമായ അധിനിവേശം നടത്തുന്നതായി  അവർ നടിക്കുന്നില്ല. പകരം അവരെല്ലാം ചികഞ്ഞെടുക്കുകയാണ്. ഓർമ്മകളിലൂടെ, അനുഭവങ്ങളിലൂടെ, ആർക്കും അവരെ മനസിലാക്കാനിട കൊടുക്കാതെ, അങ്ങനെയങ്ങനെ. 

detailed story on  annie ernaux nobel price winner for literature 2022

 

സ്വയം കണ്ടെത്താനുള്ള ഈ ശ്രമത്തിൽ അവരുടെ ഭാഷ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നതായിരിക്കും. എ ​ഗേൾസ് സ്റ്റോറി എന്ന പുസ്തകം തന്നെ ഉദാഹരണം.  ആർത്തവ രക്തം, ഗർഭഛിദ്രം, ഗർഭനിരോധന ഗുളികകൾ, മുഷിഞ്ഞ അടിവസ്ത്രങ്ങൾ, ഉദ്ധാരണം, ശുക്ലം എന്നിവയെല്ലാം എസ് എന്ന പെൺകുട്ടിയുടെ  വാക്കുകളായി പകർത്തിവെക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ ആ എഴുത്ത് അതിന്റെ കൃത്യത നിലനിർത്തുന്നതും വളരെ ലളിതവും ഏതാണ്ട് ക്ലിനിക്കൽ രീതിയിലുള്ളതുമായിരിക്കും.     പഴയ കാല ഓർമ്മകളെ വീണ്ടും സന്ദർശിക്കുകയും പഴയ കത്തുകൾ വായിക്കുകയും ചെയ്യുന്നു.  പരിഹരിക്കാനാകാത്ത ഒരു കേസ് അന്വേഷിക്കുന്ന  ഒരു ഡിറ്റക്ടീവിനെപ്പോലെയാണ് ആ പെൺകുട്ടി അവളുടെ ഭൂതകാലത്തിന്റെ രഹസ്യം തേടുക. "ഞാൻ ഓർക്കാൻ ശ്രമിക്കുന്നില്ല,   ഓർമ്മകളുടെ ഉള്ളിലായിരിക്കാൻ  ശ്രമിക്കുകയാണ്. ഓർമ്മകൾക്ക് മുമ്പോ  ശേഷമോ ഒഴുകിയകലാതെ, ആ നിമിഷം തന്നെ അവിടെ ഉണ്ടായിരിക്കാൻ ശ്രമിക്കുകയാണ്. ആ നിമിഷത്തിന്റെ ശുദ്ധമായ അസ്തിത്വത്തിൽ ആയിരിക്കാൻ ശ്രമിക്കുകയാണ് എർനൂ പറയുന്നു.

ആനി എർനൂവിന്റെ എഴുത്തുകൾ ഒരേ സമയം  ഒരു പെൺകുട്ടിയുടെ പ്രണയകഥയോ മാതാപിതാക്കളുടെ ബന്ധത്തിന്റെ ഇഴയടുപ്പമോ ബാല്യത്തിന്റെ കുസൃതിയോ ഒക്കെയാവുന്നു. അവരുടെ  പുസ്തകങ്ങൾ ചെറുതും ലളിതവും അപൂർവ്വമായി നൂറ് പേജിൽ കൂടുതലുള്ളതുമാണ്. ഓരോന്നിലും,  ഓർമ്മകൾ ശരിയാണെന്ന്  എങ്ങനെ ഉറപ്പിക്കാം എന്ന് അവൾ എപ്പോഴും ചോദിക്കുന്നു. "എ വുമൺസ് സ്റ്റോറി"യിൽ അവൾ അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷം, "ഐ റിമൈൻ ഇൻ ഡാർക്ക്നെസ്" (1997) എന്ന കൃതിയിൽ, അവൾ ആ നിമിഷത്തിലേക്ക് മടങ്ങുകയും അവളുടെ ഓർമ്മകൾ അപൂർണ്ണമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അമ്മയുടെ ദീർഘകാല മാനസിക തകർച്ച, ഡിമെൻഷ്യയുടെ ഭീകരതകൾ എന്നിവ  അവൾ പൂർണ്ണമായി വിവരിച്ചിരുന്നില്ല. ഈ ഓരോ പുനരവലോകനത്തിനും വഴികാട്ടിയായി ഒരു ശബ്ദമുണ്ടാവുന്നു, അത് അവളിലേക്ക് തന്നെ തിരഞ്ഞെത്തുന്ന ഒന്നാണ്. എർനുവിന്റെ പുസ്‌തകങ്ങൾ ഒരു തീവ്രമായ കാതലിലേക്കാണ് കൂട്ടിക്കൊണ്ടുപോകുക. അതൊരു കുമ്പസാരമല്ല മറിച്ച് ഒരുതരം വ്യക്തിപരമായ അറിവ് പകരലാണ്. ഓർമ്മക്കുറിപ്പുകൾ എന്നാൽ ഫ്രഞ്ചുകാർക്ക് അനി എർനൂ ആയതിന്റെ രഹസ്യവും തുറന്നെഴുത്തുകളിലെ ഈ ശൈലിയല്ലാതെ മറ്റൊന്നല്ല. ഭാവനയിലേക്ക് സത്യം കലർത്തുകയല്ല എർനൂ ചെയ്യുന്നത്, മറിച്ച് സത്യങ്ങളിലേക്ക് ഭാവനയെ കലർത്തി സമ്പന്നമാക്കുകയാണ്. 

detailed story on  annie ernaux nobel price winner for literature 2022

ആനി എര്‍ന്യൂ തന്റെ പ്രഥമ നോവലായ Les Armoirs Vidse പ്രസിദ്ധീകരിക്കുന്നത് മുപ്പത്തിനാലാമത്തെ വയസ്സിലാണ് . ആത്മകഥാപരമായ നോവലെന്ന് സ്വയം സമ്മതിക്കാൻ അന്ന്  എര്‍നൂവിന് മടിയുണ്ടായിരുന്നില്ല.  എര്‍നൂവിന്റെ നോവലുകളെല്ലാം തന്നെ വ്യക്തിബന്ധങ്ങള്‍ക്ക് സാഹിത്യത്തില്‍ നിന്നല്ല ഒരിടത്തുനിന്നും മാറിനില്‍ക്കാന്‍ സാധിക്കുകയില്ലെന്ന് വെളിപ്പെടുത്തുന്നതാണ്.  ഡയറിക്കുറിപ്പുകളിൽ നിന്ന് പുസ്തകങ്ങളിലൂടെ ഓരോ ഫ്രഞ്ച് വായനക്കാരുടെയും മനസ്സിലേക്ക് എർനൂവിന് നടന്നുകയറാൻ കഴിഞ്ഞു. വിവാഹേതര ബന്ധം, അബോർഷൻ, ക്യാൻസർ എന്നു വേണ്ടി ജിവിതവുമായി ചേർന്നുനിൽക്കുന്ന നിരവധി വിഷയങ്ങളിൽ ഡയറിക്കുറിപ്പുകളിൽ നിന്ന് പുസ്തകങ്ങളായി വായനക്കാരിലേക്കെത്തി. സ്ത്രീജീവിതത്തിന്റെ സങ്കീർണതകളെ ആവിഷ്കരിക്കുന്നതിൽ എർനൂ വളരെയധികം ശ്രദ്ധാലുവായി. ബന്ധങ്ങളിലെ സങ്കീർണതകളും സ്ത്രീകൾ അനുഭവിക്കുന്ന ദുരന്തങ്ങളും ഏകാന്തതകളും എന്നു വേണ്ട വ്യത്യസ്തമായ പല അനുഭവങ്ങളും ആ എഴുത്തിൽ നിറഞ്ഞു. ദ ഇയേഴ്സ് എന്ന ചരിത്രാംശമുള്ള ഓർമ്മക്കുറിപ്പിനെയും നിരൂപകർ ഏറ്റെടുത്തു. ഏറ്റവുമൊടുവിൽ സാഹിത്യലോകത്തെ ഏറ്റവും വലിയ പുരസ്കാരവും അനി എർനൂവിനെ തേടിയെത്തിയിരിക്കുന്നു. ഓർമ്മകളാൽ എഴുത്തിൽ മനോഹാരിത സൃഷ്ടിക്കുന്ന എഴുത്തുകാരി, നിങ്ങൾ ലോകത്തിന് തന്നെ പ്രചോദനമാകുന്നു. 

Follow Us:
Download App:
  • android
  • ios