അലഹബാദ്: ഗോവധ നിരോധന നിയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ എകാംഗ ബെഞ്ച് യു പി പൊലീസിനെതിരെ നടത്തിയത് കടുത്ത വിമര്‍ശനം. 1955 -ലെ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമം പൊലീസ് ദുരുപയോഗം ചെയ്യുന്നതായാണ് കോടതിയുടെ വിമര്‍ശനം. നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് പ്രകാരം ഗോവധം, ബീഫ് വില്‍പ്പന എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് സിദ്ധര്‍ത്ഥിന്റെ ഹൈക്കോടതി ബെഞ്ച് പൊലീസിന് എതിരെ പരാമര്‍ശം നടത്തിയത്. 

നിരപരാധികള്‍ക്കെതിരെ ഈ നിയമം ദുരുപയോഗിക്കുന്നതായി ജസ്റ്റിസ് സിദ്ധാര്‍ത്ഥ് പറഞ്ഞു. എവിടെയെങ്കിലും മാംസം പിടിച്ചാല്‍, ഫോറന്‍സിക് ലാബില്‍ പരിശോധന നടത്താതെതന്നെ അത് പശു ഇറച്ചിയായി കാണിക്കുന്നു. മിക്ക കേസുകളിലും പരിശോധനയ്ക്കായി മാംസം അയക്കുക പോലും ചെയ്യുന്നില്ല. പരമാവധി ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കാവുന്ന, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ചെയ്യാവുന്ന കേസുകളിലാണ്, കുറ്റം ചെയ്‌തെന്ന് തെളിയിക്കാതെ പ്രതികളെ കാലങ്ങളോളം ജയിലിലിടുന്നത് -കോടതി പറഞ്ഞു.

ഗോവധ നിരോധന പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുറ്റപത്രത്തില്‍ ആരോപണങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഒരു മാസത്തോളം തടവറയില്‍ അടച്ചതായി കോടതി കണ്ടെത്തി. സംഭവ സ്ഥലത്തുനിന്നല്ല പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. തെളിവുകളും രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് സ്വന്തം പേരിലുള്ള ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, 2018 -ല്‍ ദത്താറാം സിംഗ് കേസിലെ സുപ്രീം കോടതി വിധി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. 

സംസ്ഥാനത്തെ അലഞ്ഞുതിരിയുന്ന പശുക്കളുടെയും ഉപേക്ഷിക്കപ്പെട്ട കന്നുകാലികളെയും അവസ്ഥയെക്കുറിച്ചും കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തി.

അലഞ്ഞു തിരിയുന്ന പശുക്കളെ കണ്ടു കിട്ടുമ്പോള്‍ റിക്കവറി മെമോ നല്‍കുകയോ അവയെ ഇനി എവിടെ സംരക്ഷിക്കുമെന്ന് വ്യക്മാക്കുകയോ ചെയ്യാറില്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ നിരീക്ഷിച്ചു. കറവ വറ്റിയ പശുക്കളെയോ പ്രായമുള്ള പശുക്കളെയോ  ഗോശാലകളും സ്വീകരിക്കുന്നില്ല. അതിനാല്‍, ഇവ റോഡില്‍ അലഞ്ഞു നടക്കുകയാണ്. ഇതിനു പുറമേ, കറവ വറ്റിയ പശുക്കളെ ഉടമസ്ഥര്‍ റോഡില്‍ അലയാന്‍ വിടുകയും അവ ഓടയിലെ വെള്ളവും മാലിന്യവും കഴിച്ച് ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു പുറമേ, ഇത്തരം പശുക്കള്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഗ്രാമപ്രദേശങ്ങളില്‍, തീറ്റ കൊടുക്കാന്‍ കഴിയാത്ത ഉടമകള്‍ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും പതിവാണ്. പൊലീസിനെയും നാട്ടുകാരെയും ഭയന്ന് ഇത്തരം പശുക്കളെ സംസ്ഥാനത്തിനു പുറത്തേക്ക് അവയെ കൊണ്ടുപോവാനും കഴിയുന്നില്ല. ഇവിടെയങ്ങും പുല്‍മേടുകള്‍ ഇല്ലാത്തതിനാല്‍ അവ അലഞ്ഞു തിരിയുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

നേരത്തെ അലഞ്ഞുതിരിയുന്ന കൃഷ്ണമൃഗങ്ങള്‍ വിള നശിപ്പിച്ചതിരുന്നത് ഭയന്ന കര്‍ഷകര്‍ ഇപ്പോള്‍ അലഞ്ഞു തിരിയുന്ന പശുക്കളെ ഭയപ്പെട്ടാണ് കഴിയുന്നത്. റോഡിലായാലും പാടത്തായാലും അലഞ്ഞുതിരിയുന്ന പശുക്കള്‍ സമൂഹത്തിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഗോവധ നിരോധന നിയമം നടപ്പാക്കണം എന്നുണ്ടെങ്കില്‍ ഗോശാലകളിലെത്ിക്കുകയോ ഉടമസ്ഥരെ കണ്ടെത്തുകയോ ചെയ്ത് ഇത്തരം പശുക്കള സൂക്ഷിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത് എന്നും കോടതി നിരീക്ഷിച്ചു.