Asianet News MalayalamAsianet News Malayalam

പാലിന്റെ കട്ടി കൂട്ടാനായി സോപ്പുപൊടികളും സോപ്പും? ഇന്ന് നമ്മള്‍ കുടിക്കുന്നതെല്ലാം പാലാണോ?

കേരളത്തില്‍ മില്‍മയ്ക്ക് പകരമുള്ള മില്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനികളുണ്ട്. ഇവ തമിഴ്‌നാട്ടില്‍ നിന്നും പാല്‍ സംഭരിച്ച് പാക്ക് ചെയ്ത് കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ഒരു ഏര്‍പ്പാടാണ് ഇന്നുള്ളത്. 

Detergents and soap added to make milk thicker, is it milk that we are drinking?
Author
Thiruvananthapuram, First Published Nov 26, 2019, 2:34 PM IST

ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 നമ്മള്‍ നാഷണല്‍ മില്‍ക്ക് ഡേ ആയി ആചരിക്കുമ്പോള്‍ ഇന്ന് നമ്മള്‍ കുടിക്കുന്നതെല്ലാം പാലാണോ എന്ന് എത്ര പേര്‍ ചിന്തിക്കുന്നു? യഥാര്‍ഥത്തില്‍ പാലിന്റെ ഗുണങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു ദിനത്തിന് പിന്നില്‍. ഒരു മനുഷ്യന്‍ ഒരു ദിവസം 300 ഗ്രാം പാല്‍ കുടിക്കണമെന്നാണ് ഐ.സി.എം.ആര്‍.എ നിര്‍ദേശിക്കുന്നത്. ഇന്ന് പാല്‍ എന്ന പേരില്‍ നമുക്ക് കിട്ടുന്നതെല്ലാം പാല്‍ ആണോ?

ശുദ്ധമായ പാലില്‍ അടങ്ങിയിരിക്കുന്നത് 88 ശതമാനത്തോളം വെള്ളമാണ്. ഏകദേശം നാല് ശതമാനത്തോളം കൊഴുപ്പ് പശുവിന്‍പാലില്‍ ഉണ്ട്. ഏതാണ്ട് രണ്ടു മുതല്‍ മൂന്ന് ശതമാനത്തോളമാണ് പഞ്ചസാരയുടെ അംശം. അപ്പോള്‍ പാലില്‍ത്തന്നെ വെള്ളത്തിന്റെ അംശം ഇത്രത്തോളമുണ്ടെന്നിരിക്കെ വീണ്ടും നമ്മള്‍ പാലില്‍ വെള്ളം ചേര്‍ത്ത് വില്‍പ്പനയ്‌ക്കെത്തിക്കണോ?

'ഒരു ലിറ്റര്‍ പാല്‍ പശു ഉത്പാദിപ്പിക്കുമ്പോള്‍ അതിന് നാല് ലിറ്ററോളം വെള്ളം കുടിക്കാന്‍ നല്‍കണം. പശുവിന്‍ പാലിന് അല്‍പ്പം മഞ്ഞ കലര്‍ന്ന നിറമാണ്. കരോട്ടിന്‍ എന്ന വര്‍ണവസ്തുവാണ് ഈ നിറം നല്‍കുന്നത്. അതേ സമയം എരുമപ്പാലില്‍ വെളുത്ത നിറമാണ് കാണപ്പെടുന്നത്. കരോട്ടിനെ വിറ്റാമിന്‍ എ ആക്കി മാറ്റാനുള്ള എന്‍സൈം ആടിലും എരുമയിലും കാണപ്പെടുന്നു.' വെറ്ററിനറി ഡോക്ടറായ ഡോ. മുഹമ്മദ് ആസിഫ് വിശദമാക്കുന്നു.

'സാധാരണ നമ്മുടെ ചെക്ക്‌പോസ്റ്റുകളിലൂടെ ഒഴുകിയെത്തുന്ന പാലിലെ മായത്തിന്റെ ലിസ്റ്റ് നമുക്ക് പരിശോധിച്ചാല്‍ പാലിലെ കാര്‍ബോഹൈഡ്രേറ്റായ ലാക്‌റ്റോസ് കൂട്ടാനായി പഞ്ചസാര ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാം. കൊഴുപ്പല്ലാത്ത പദാര്‍ഥങ്ങളായ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് ,മിനറല്‍സ് എന്നിവയുടെ അളവ് കൂട്ടാനായി ഉപ്പ്, യൂറിയ, മെലാമിന്‍, മാല്‍ടോഡെക്‌സ്ട്രിന്‍ എന്നിവയെല്ലാം ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ  ചെക്ക്‌പോസ്റ്റുകളിലൂടെ ഒഴുകിയെത്തുന്ന പാല്‍ പരിശോധിക്കാനുള്ള സൗകര്യമില്ലെന്നതാണ് വാസ്തവം.' ഡോ. ആസിഫ് വ്യക്തമാക്കുന്നു.

കേരളത്തില്‍ മില്‍മയ്ക്ക് പകരമുള്ള മില്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനികളുണ്ട്. ഇവ തമിഴ്‌നാട്ടില്‍ നിന്നും പാല്‍ സംഭരിച്ച് പാക്ക് ചെയ്ത് കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ഒരു ഏര്‍പ്പാടാണ് ഇന്നുള്ളത്. പാലിന് നികുതിയും ജി.എസ്.ടിയുമൊന്നും ചുമത്താത്തതുകൊണ്ട് എത്ര വേണമെങ്കിലും പാല്‍ ഒഴുകിയെത്താമെന്ന അവസ്ഥയാണുള്ളത്. പാലിലെ മായം പരിശോധിക്കാനുള്ള നടപടികള്‍ ഉത്സവകാലങ്ങളിലേക്ക് മാത്രം ചുരുക്കാതെ എല്ലാ സമയത്തും ഊര്‍ജിത പരിശോധന നടത്താന്‍ ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതാണ്.

'പാലില്‍ സ്റ്റാര്‍ച്ച് ചേര്‍ക്കുന്നത് വഴിയും കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂട്ടുന്നുണ്ട്. പാലിന്റെ കട്ടി കൂട്ടാനായി സോപ്പുപൊടികളും സോപ്പും കലര്‍ത്തുന്ന സമ്പ്രദായവും ചിലര്‍ക്കുണ്ട്. ഫോര്‍മാലിനും ഹൈഡ്രജന്‍ പെറോക്‌സൈഡും ബെന്‍സോയിക് ആസിഡും സാലിസിലിക് ആസിഡും പാലില്‍ പ്രിസര്‍വേറ്റീവുകളായി ചേര്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലാക്‌റ്റോമീറ്ററിലെ റീഡിങ്ങ് കൂട്ടാനായി അമോണിയം സള്‍ഫേറ്റാണ് കലര്‍ത്തുന്നത്.' ഡോ.ആസിഫ് പാലില്‍ ചേര്‍ക്കുന്ന മായത്തെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണമെന്ന് ഓര്‍മിപ്പിക്കുന്നു.

പാലക്കാട് നേര്യമംഗലത്തുള്ള ക്ഷീരവികസനവകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയപ്പോള്‍ ആന്റിബയോട്ടിക് പൊടികള്‍ പാലില്‍ പൊടിച്ചു ചേര്‍ത്തത് കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എല്ലാ ചെക്ക്‌പോസ്റ്റുകളിലും പാലിലെ മായം കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ ശ്രദ്ധിക്കണം.

നാടന്‍ പശുക്കളെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍

നാടന്‍ പശുക്കളുടെ മുതുകില്‍ പ്രത്യേക സ്വര്‍ണ ഉത്പാദന ധമനികള്‍ ഉണ്ടെന്ന പ്രസ്താവന ഈ അടുത്ത കാലത്ത് പത്രവാര്‍ത്തായായിരുന്നു. ശാസ്ത്രീയമായ അടിസ്ഥാനമൊന്നും ഇത്തരം പ്രസ്താവനയുടെ പിന്നിലില്ല.

'നമ്മള്‍ വളര്‍ത്തുന്ന പശുക്കള്‍ രണ്ടു തരത്തിലാണുള്ളത്. ബോസ് ഇന്‍ഡിക്കസ് എന്ന തദ്ദേശീയ ഇനത്തില്‍പ്പെട്ട പശുക്കളും വിദേശയിനമായ ബോസ് ടോറസ് എന്ന ഇനവുമാണ് അവ. തദ്ദേശീയ ഇനങ്ങള്‍ ഉഷ്ണകാലവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ്. എന്നാല്‍ വിദേശയിനങ്ങള്‍ തണുത്ത കാലാവസ്ഥയോട് കൂടുതല്‍ ഇണങ്ങുന്നവയാണ്.' ഡോ.ആസിഫ് പശുക്കളിലെ വിവിധ ഇനങ്ങളുടെ പ്രത്യേകത വിശദമാക്കുന്നു.

കൃത്രിമ ബീജധാന പ്രവര്‍ത്തനങ്ങള്‍ വഴി നടത്തുന്ന ക്രോസ്ബ്രീഡിങ്ങാണ് ഹോള്‍സ്റ്റീന്‍ഫ്രീഷ്യന്‍ പശുക്കളെയും ജഴ്‌സി പശുക്കളെയും കേരളീയര്‍ക്ക് പരിചിതമാക്കിയത്. പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്.

A 1 പാലും A 2 പാലും തമ്മില്‍ എന്ത്?

'പാലിലെ പ്രധാന മാംസ്യ തന്മാത്രകളായ ബീറ്റ കേസിനിലെ അമിനോ അമ്ലങ്ങളിലുള്ള വ്യത്യാസമാണ് ഈ വേര്‍തിരിവിന് കാരണം. A1 ഇനത്തില്‍പ്പെട്ട പാലില്‍ 207 അമിനോ അമ്‌ളങ്ങളില്‍ 67 -ാം സ്ഥാനത്ത് ഹിസ്റ്റിഡിന്‍ എന്ന അമിനോ അമ്ലമായിരിക്കും. അതേസമയം A2 പാലില്‍ ഇതേ സ്ഥാനത്ത് പ്രോലിന്‍ എന്ന അമിനോ അമ്ലമായിരിക്കും. ഇത്രയേയുള്ളു ശാസ്ത്രീയ വശം.' പാലിന്റെ ഗുണത്തിലോ മേന്മയിലോ ഈ പ്രോട്ടീന്‍ തന്മാത്രയിലുള്ള വ്യത്യാസം കാര്യമായ മാറ്റം വരുത്തുന്നുവെന്ന വാദത്തിന് ശാസ്ത്രീയമായ പിന്‍ബലമൊന്നുമില്ലെന്ന് ഡോ. ആസിഫ് പറയുന്നു.

Follow Us:
Download App:
  • android
  • ios