ഡിഎസ്‍പി ദേവീന്ദർ സിംഗിന്റെ അറസ്റ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ള കോലാഹലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ജമ്മു കശ്മീരിൽ നടക്കുന്ന തീവ്രവാദ-നുഴഞ്ഞുകയറ്റ ഓപ്പറേഷനുകളെപ്പറ്റി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞ് നമ്മൾ അറിഞ്ഞിട്ടുള്ള പലതും എത്രമാത്രം വാസ്തവമാണ് എന്ന സംശയം ഉളവാക്കുന്നതാണ് ഈ സംഭവവികാസം. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ഏറെ പ്രാധാന്യമുള്ള ശ്രീനഗർ എയർപോർട്ട് സ്റ്റേഷനിലെ ഡിഎസ്‍പി ആയിരുന്നു സിങ്.  ഇതേ ദേവീന്ദര്‍ സിങ് തന്നെയാണ് അഫ്‍സല്‍ ഗുരുവിനെ പീഡിപ്പിച്ചിട്ടുണ്ട് എന്ന ആരോപണത്തിന് വിധേയനായതും.  2001 -ൽ ആക്രമണം നടക്കുന്നതിനുമുമ്പ്,  മുഹമ്മദ് എന്നുപേരായ ഒരാൾക്ക് ദില്ലിയിൽ വാടകയ്ക്ക് വീടെടുത്ത് നൽകാനും ഒരു കാർ വാങ്ങി നൽകാനും തന്നോട് ദേവീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അഫ്‍സല്‍ ഗുരു പറഞ്ഞത്. തന്നെ ദേവീന്ദര്‍ സിങ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും അഫ്‍സല്‍ ഗുരു ആരോപിച്ചിരുന്നു. 

ആരാണ് ഡിഎസ്പി ദേവീന്ദർ സിങ് എന്ന പൊലീസ് സേനയ്ക്കുള്ളിലെ ഒറ്റുകാരൻ? 

തന്റെ അഭിഭാഷകനയച്ച കത്തിൽ അഫ്‍സല്‍ഗുരു പറഞ്ഞ അതേരീതിയിൽ താൻ അയാളെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് 2006 -ൽ  AFP'യുടെ കറസ്പോണ്ടന്റായ പർവൈസ് ബുഖാരിക്ക്  നൽകിയ അഭിമുഖത്തിൽ ദേവീന്ദർ സിംഗ് താൻ നടത്തിയ പീഡനത്തിന്റെ വിശദമായ വിവരണങ്ങളോടെ തന്നെ തുറന്നുസമ്മതിച്ചിരുന്നു. ഈ ഇന്റർവ്യൂ പിന്നീട് അരുന്ധതി റോയിയുടെ വിശദമായ ആമുഖത്തോടെ  പെൻഗ്വിൻ പുറത്തിറക്കിയ  'The Hanging of Afzal Guru and the Strange Case of the Attack on the Indian Parliament' എന്ന പുസ്തകത്തിന്റെ ഭാഗമായി. ആ അഭിമുഖത്തിന് ബാബു രാമചന്ദ്രന്‍ നൽകിയ മലയാള പരിഭാഷ. പർവൈസ് ബുഖാരിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്.പർവൈസ് ബുഖാരി : നിങ്ങൾക്ക് അഫ്‍സല്‍ഗുരുവിനെ എങ്ങനെയാണ് പരിചയം?

ദേവീന്ദർ സിങ്  : അഫ്‍സല്‍ഗുരു എന്നൊരാളാണ് ഗാസി ബാബ എന്ന ഭീകരനെ സഹായിക്കുന്നതും അയാളുടെ സന്ദേശങ്ങൾ കൈമാറുന്നതുമൊക്കെ എന്നുള്ള വിവരം എനിക്ക് എന്റെ ഇൻഫോർമർമാർ വഴി ചോർന്നുകിട്ടിയിരുന്നു. വിവരം കിട്ടിയ അന്നുതൊട്ട് ഞാൻ ഇയാളെ തപ്പി നടക്കുകയായിരുന്നു. പക്ഷേ, അന്നൊന്നും ആൾ എന്റെ വലയിൽ വീണില്ല. ഒരു ദിവസം  എനിക്ക് അഫ്‍സല്‍ഗുരുവിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം വീണ്ടും കിട്ടി. അയാൾ ബാരാമുള്ളയിൽ പാഠണ്‍ എന്ന പ്രദേശത്താണത്രെ ജോലിയെടുക്കുന്നത്. അപ്പോൾ തന്നെ ഞാൻ പാഠണ്‍ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡിഎസ്പി ഇൻചാർജ്ജ് ആയ വിനയ് ഗുപ്തയുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടനടി അഫ്‍സല്‍ഗുരുവിനെ കസ്റ്റഡിയിൽ എടുത്തു. അവർ കാര്യമായി ചോദ്യം ചെയ്തു എങ്കിലും അയാൾ ഒന്നും വിട്ടുപറയുന്നില്ല എന്നായിരുന്നു വിനയ് പറഞ്ഞത്. പക്ഷേ, അയാളെ റിലീസ് ചെയ്യാൻ വരട്ടെ എന്ന് ഞാനവരോട് പറഞ്ഞു, അടുത്ത ദിവസം ഹംഹമയിലെ എന്റെ ക്യാമ്പിലേക്ക് എത്തിക്കാനുമാവശ്യപ്പെട്ടു. അന്നുമുതലുള്ള പരിചയമാണ് എനിക്ക് അഫ്‍സല്‍ ഗുരുവിനോട്.

പർവൈസ് ബുഖാരി : നിങ്ങളുടെ കസ്റ്റഡിയിൽ കിട്ടിയശേഷം അഫ്‍സല്‍ ഗുരു വല്ലതും വെളിപ്പെടുത്തിയോ?

ദേവീന്ദർ സിങ് : ഞാൻ എന്റെ ക്യാമ്പിലിട്ട് അഫ്‍സല്‍ ഗുരുവിനെ ദിവസങ്ങളോളം ചോദ്യം ചെയ്തു. കാര്യമായിത്തന്നെ ടോർച്ചർ ചെയ്തു. അയാളുടെ അറസ്റ്റ് ഞങ്ങൾ രേഖകളിൽ എവിടെയും കാണിച്ചിരുന്നില്ല എന്നിട്ടും. അയാൾ ഞാൻ ചെയ്തു എന്ന് വെളിപ്പെടുത്തിയ പീഡനങ്ങൾ ഒക്കെ അയാൾക്ക് സഹിക്കേണ്ടി വന്നിട്ടുള്ളത് തന്നെയാണ്. അതൊക്കെ സത്യമാണ്. അന്നത്തെ ഒരു രീതി അങ്ങനെയായിരുന്നു. അയാളുടെ ആസനത്തിൽ ഞങ്ങൾ പെട്രോൾ ഒഴിക്കുകയും, ശേഷം ഗുഹ്യഭാഗങ്ങളിൽ ഷോക്കടിപ്പിക്കുകയും ചെയ്തു. ഒരിക്കലല്ല, പലവട്ടം. എന്തൊക്കെ ചെയ്തിട്ടും അയാൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ എത്ര അയാളെ ഉപദ്രവിച്ചിട്ടും അയാൾ ഒരക്ഷരം തുറന്നുപറഞ്ഞില്ല. അയാളെ കണ്ടാൽ ഒരു 'പൊട്ടൻ' ലുക്കായിരുന്നു അന്നൊക്കെ. നമ്മൾ ഈ 'ചൂത്തിയ' എന്നൊക്കെ പറയാറില്ലേ, അതായിരുന്നു അയാളുടെ മുഖഭാവം. പിന്നെ, എനിക്കാണെങ്കിൽ അന്ന് വല്ലാത്തൊരു കുപ്രസിദ്ധിയുള്ള കാലവുമാണ് ഈ ടോർച്ചറിന്റെ പേരിൽ. എത്ര വലിയ ഭീകരവാദിയാണെങ്കിലും, എന്റെ കയ്യിൽ കിട്ടിയാൽ വാ തുറപ്പിച്ചിട്ടേ ഞാൻ വിടാറുള്ളൂ. അതിനുള്ള പല സൂത്രവിദ്യകളുമുണ്ട് എന്റെ കയ്യിൽ. ഇനി ആരെങ്കിലും എന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞ് 'ക്ലീൻ'ചിറ്റോടെ പുറത്തിറങ്ങിയാൽ പിന്നെ കശ്മീരിൽ ആരും തന്നെ അയാളെ തൊടുക പതിവില്ല. ഡിപ്പാർട്ട്മെന്റിൽ പോലും പിന്നെ അവർക്ക് ക്ലീൻ ഇമേജായിരിക്കും.

പർവൈസ് ബുഖാരി : അപ്പോൾ നിങ്ങളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് അഫ്‍സല്‍ ഗുരുവിനെ വെറുതെ വിട്ടുവോ?

ദേവീന്ദർ സിങ് : എന്റെ എസ്‍പി ആഷിഖ് ഹുസ്സൈൻ ബുഖാരി, അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ അൽത്താഫിന്റെ കൂടെ അഫ്‍സല്‍ ഗുരുവിന്റെ സഹോദരൻ ഐജാസ് ഗുരുവിനെ പറഞ്ഞയച്ചു, എന്നെ വന്നുകാണാൻ. നേരത്തെ വിളിച്ച് അപ്പോയിന്റ്മെന്റൊക്കെ എടുത്ത ശേഷമാണവർ ക്യാമ്പിലേക്ക് എന്നെക്കാണാനായി വന്നത്. എന്നോട് എസ്പി ചോദിച്ചത്, "ഒന്നിലും പങ്കുള്ളതായി നിങ്ങൾക്ക് കണ്ടെത്താനായിട്ടില്ല എങ്കിൽ പിന്നെ ഇറക്കി വിട്ടുകൂടെ അയാളെ ?" എന്നാണ്. അപ്പോൾ ഞാൻ എസ്‍പി സാറിനോട്, "വിടാം സർ. ചോദ്യം ചെയ്യാൻ വേണ്ടി ടോർച്ചർ ചെയ്തപ്പോൾ അയാളുടെ ദേഹത്തുണ്ടായ മുറിവുകൾ ഒന്ന് കരിഞ്ഞോട്ടെ, അതുകഴിഞ്ഞാൽ ഉടൻ വിടാം..."  എന്ന് മറുപടിയും പറഞ്ഞു. പിന്നെ അഫ്‍സലിനെ കസ്റ്റഡിയിലെടുത്തത് പാഠണ്‍ ക്യാമ്പിൽ നിന്നായതുകൊണ്ട് അവിടേക്ക് തിരിച്ചയച്ചു. പിന്നീട് അവിടെ നിന്നാണ് അയാളെ അവർ തിരിച്ച് വീട്ടിലേക്കയച്ചത്.

പർവൈസ് ബുഖാരി : അഫ്‍സല്‍ ഗുരു ആരോപിക്കുംപോലെ പിന്നീട് അയാളെ ബന്ധപ്പെടുകയോ എന്തെങ്കിലും ചെയ്തുകൊടുക്കാൻ ആവശ്യപ്പെടുകയോ ഉണ്ടായിട്ടുണ്ടോ?

ദേവീന്ദർ സിങ് : പാഠൺ ക്യാമ്പിലേക്ക് തിരികെ പറഞ്ഞയച്ചശേഷം ഞാൻ അഫ്‍സല്‍ ഗുരുവിനെ കാണുകയോ, ഫോണിൽ സംസാരിക്കുകയോ, ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല. അയാളുടെ സഹോദരൻ ഐജാസിനെപ്പോലും ഞാൻ അന്ന് ക്യാമ്പിൽ വെച്ച് ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. അഫ്‍സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങളെ ഞാൻ ഒരിക്കലും ഒരിടത്തുവെച്ചും കണ്ടിട്ടില്ല

പർവൈസ് ബുഖാരി : പക്ഷേ, അഫ്‍സല്‍ തന്റെ കത്തിൽ ആരോപിച്ചിരിക്കുന്നത് അങ്ങനെയല്ലല്ലോ. താരിഖ് എന്നൊരാളുടെ സാന്നിധ്യത്തിൽ നിങ്ങൾ അയാളോട് ഒരാളെ ദില്ലിയിലേക്ക് കൊണ്ടുപോകാനും അയാൾക്ക് വേണ്ട സഹായങ്ങൾ നൽകാനും ആവശ്യപ്പെട്ടു എന്നാണല്ലോ..?

ദേവീന്ദർ സിങ് : അയാൾ പറയുന്നത് പച്ചക്കള്ളമാണ്. താരിഖ്, മുഹമ്മദ് എന്നീ പേരുകൾ എനിക്ക് പരിചിതമാണ്. ഞാൻ ഭീകരവാദവിരുദ്ധ സേനയിൽ ആയിരുന്നല്ലോ കശ്മീരിൽ. താരിഖും മുഹമ്മദും അവിടെ തലക്ക് അഞ്ചുലക്ഷം ഇനാം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എ ലിസ്റ്റ് തീവ്രവാദികളാണ്. അവരെ പിടികൂടിയാൽ, അല്ലെങ്കിൽ അടുത്തുകിട്ടിയാൽ ഞാൻ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ? ഇതൊക്കെ വെറും കെട്ടുകഥകളാണ്. അവർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നത് ഇവിടെ തീവ്രവാദപ്രവർത്തനങ്ങൾ നടത്താനാണ്. അവർ എന്റെ കണ്മുന്നിൽ വന്നുപെട്ടാൽ ഞാനവരെ വെറുതെവിടും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇതൊക്കെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും കശ്മീരിലെ ജനങ്ങളുടെ സിമ്പതി നേടിയെടുക്കാനും വേണ്ടി അഫ്‍സല്‍ ഗുരു പറയുന്ന പച്ചക്കള്ളങ്ങൾ മാത്രമാണ്.


'പർവൈസ് ബുഖാരി, ദേവീന്ദർ സിങ് '

പർവൈസ് ബുഖാരി : നിങ്ങൾ അഫ്‍സലുമായും മുഹമ്മദുമായും അവർ ഒന്നിച്ച് ദില്ലിയിലുണ്ടായിരുന്ന സമയത്ത് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു എന്നും അയാൾ പറയുന്നുണ്ടല്ലോ..?

ദേവീന്ദർ സിങ് : അതും അസത്യമാണ്. എനിക്ക് അയാളുടെ നമ്പറും അറിയില്ല, ഞാനൊട്ടയാളെ വിളിച്ചിട്ടുമില്ല ഇതുവരെ. അഫ്‍സലിനെ ആരെങ്കിലുമൊക്കെ വിളിച്ചിട്ടുണ്ടാകാം. അതിപ്പോൾ ഞാനാണ് എന്ന് നിങ്ങൾ സംശയിക്കാൻ കാരണമെന്താണ്? 2000 -ൽ ഞാൻ അഫ്‍സല്‍ഗുരുവിനെ തിരിച്ച് പാഠണിലേക്ക് പറഞ്ഞയച്ചിരുന്നു. എന്നെയവർ 2001 -ൽ തന്നെ ഹംഹമായിലെ എസ്ഓജി ക്യാമ്പിൽ നിന്ന് ഹരിനിവാസിലെ കൌണ്ടർ ഇന്റലിജൻസ് യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഞാൻ ഹംഹമായിൽ ഉണ്ടായിരുന്ന കാലത്താണെങ്കിൽ അവിടെ എസ്‍ടിഡി പോലും ഇല്ലായിരുന്നു. ഞാൻ അവിടെ നിന്ന് സ്ഥലം മാറിയതിൽ പിന്നെ അങ്ങോട്ട് പോയിട്ടും ഇല്ല. ഞാൻ അവിടെ നിന്ന് വിളിച്ചു എന്ന് പറഞ്ഞാൽ ആരാണ് അത് വിശ്വസിക്കുക ? അത് സാക്ഷ്യപെടുത്തുക ?

പർവൈസ് ബുഖാരി : അഫ്‍സല്‍ഗുരുവിനെ ക്യാമ്പിൽ നിന്ന് വിടാൻ വേണ്ടി ആരെങ്കിലും നിങ്ങൾക്ക് പണം തന്നോ, ഗുരു ആരോപിക്കുന്നപോലെ.

ദേവീന്ദർ സിങ് : അതും സത്യമല്ല. എനിക്കിനി പണം വാങ്ങണം എന്നുണ്ടായിരുന്നെങ്കിൽ പോലും പറ്റില്ലായിരുന്നു. കാരണം അഫ്‍സല്‍ഗുരുവിന്റെ സഹോദരൻ വന്നത് എസ്‍പിയുടെ സഹോദരീ ഭർത്താവുമായിട്ടാണ്. പിന്നൊരു കാര്യം, അഫ്‍സല്‍ ഗുരുവിന്റെ ബന്ധുക്കളിൽ നിന്ന് ഡിപ്പാർട്ടുമെന്റിൽ മറ്റാരെങ്കിലും പണം വാങ്ങിയോ ഇല്ലയോ എന്നൊന്നും എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല. ഞാൻ വാങ്ങിയിട്ടില്ല. അത്രമാത്രം പറയാം.

പർവൈസ് ബുഖാരി : അഫ്‍സല്‍ഗുരുവിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ, ഇനി നിങ്ങളുടെ പേര് ദുരുപയോഗപ്പെടുത്തി മറ്റാരെങ്കിലും പിന്നിൽ കളിച്ചതാകുമോ?

ദേവീന്ദർ സിങ് : അതൊക്കെ പറയാൻ എനിക്ക് പ്രയാസമാകും. എന്റെ സീനിയർ ഉദ്യോഗസ്ഥർ ഇതിൽ എന്റെ പേര് താമസിയാതെ ക്ലിയർ ചെയ്തു തരും എന്ന് കരുതുന്നു. ഇതുവരെ അതിനായി ആരും മുന്നോട്ടു വന്നിട്ടില്ല എന്നതിൽ എനിക്ക് വല്ലാത്ത സങ്കടമുണ്ട്. എനിക്ക് അങ്ങനെ ആരെയെങ്കിലും ഡിപ്പാർട്ടുമെന്റിനുള്ളിൽ സംശയമുണ്ടെങ്കിൽ, എന്തെങ്കിലും തുമ്പ് എനിക്ക് കിട്ടിയിരുന്നു എങ്കിൽ, അങ്ങനെ ചുമ്മാതിരിക്കുന്ന ടൈപ്പൊന്നുമല്ല ഞാൻ, നടപടി എടുത്തേനേ, വെളിച്ചത്തുകൊണ്ടുവന്നേനെ. ഞാൻ ആവർത്തിക്കുകയാണ്, ഞാൻ അഫ്‍സല്‍ ഗുരുവിനെ പാഠൺ ക്യാമ്പിലേക്ക് തിരികെ പറഞ്ഞയച്ചശേഷം, അയാളോടോ അയാളുടെ ബന്ധുക്കളോടോ സംസാരിച്ചിട്ടില്ല. ആരിൽനിന്നും ഞാൻ പണവും കൈപ്പറ്റിയിട്ടില്ല.

പർവൈസ് ബുഖാരി : പിന്നെന്തിനാണ് അഫ്‍സല്‍ ഗുരുവിന്റെ ഭാര്യയുടെ മൊഴികളിൽ നിങ്ങളുടെ പേര് വന്നിരിക്കുന്നത്?

ദേവീന്ദർ സിങ് : എനിക്ക് ഞാൻ ജനിച്ച നാടിനോട് സ്നേഹമുള്ളതിന്റെ പേരിൽ, ഈ നാട്ടിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരെ തുരത്താൻ SOG -യിൽ പ്രവർത്തിച്ചതിന്റെ പേരിൽ ഒക്കെ എനിക്ക് നാലുപാടും ശത്രുക്കളുണ്ട്. രാഷ്ട്രത്തെ സേവിച്ചതിന് പകരം എനിക്ക് കിട്ടിയിരിക്കുന്നത് എന്താണെന്നു നോക്കൂ? ദുഷ്പേരും, ഗൂഢാലോചനക്കാരൻ എന്ന വിളിയും. കഷ്ടമുണ്ട് കേട്ടോ... സങ്കടമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ... ഒരു കാര്യം ഞാൻ നിങ്ങളോടായതുകൊണ്ട് പറയാം, ഒരിക്കൽ എന്റെ ചോദ്യം ചെയ്യലിന് വിധേയരായ ആരും എന്നെ അത്ര എളുപ്പത്തിൽ മറക്കില്ല.. അതും പ്രശ്നമാണ്.

പർവൈസ് ബുഖാരി : അഫ്‍സല്‍ ഗുരുവിന്റെ കത്ത് നിങ്ങളും കണ്ടു കാണുമല്ലോ. അതിലെ കയ്യക്ഷരവും ഒപ്പും ഒക്കെ അയാളുടെ തന്നെയാണ് എന്ന് കരുതുന്നുണ്ടോ?

ദേവീന്ദർ സിങ് : ഒപ്പിട്ടത് ഗുരു തന്നെയാണ്. പക്ഷേ, ആ കത്തിലെ കയ്യക്ഷരം അയാളുടെ അല്ല. അതൊക്കെ വേറെ ആരോ എഴുതിയതാണ്. കെട്ടിച്ചമച്ചതാണ്.

പർവൈസ് ബുഖാരി : നിങ്ങൾ ആ കത്ത് ശരിക്കും കണ്ടതാണോ?

ദേവീന്ദർ സിങ് : അതേ.

പർവൈസ് ബുഖാരി : നിങ്ങൾ അഫ്‍സല്‍ ഗുരുവിനെ നേരിട്ട് അറിഞ്ഞിട്ടുള്ള ആളാണ്, അയാൾ പാർലമെന്റ് ആക്രമണത്തിലൊക്കെ പങ്കുചേരാനുള്ള മാനസികാവസ്ഥയുള്ള ആളാണ് എന്ന് തോന്നിയിരുന്നോ എപ്പോഴെങ്കിലും?

ദേവീന്ദർ സിങ് : അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, തീവ്രവാദികളെ ദില്ലിയിൽ എത്തിച്ചതും അവരെ സഹായിച്ചതും അയാളാണ് എന്ന്. കാർ വാങ്ങികൊടുത്തതും അയാൾ തന്നെ. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് അയാൾക്കുതന്നെയെ അറിയൂ. ഞങ്ങളുടെ  പിടിയിൽ പെട്ടകാലത്ത് പക്ഷേ അയാൾക്ക് ഇതിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നു. അല്ല, ഉണ്ടായിരുന്നെങ്കിൽ അയാൾ ഞങ്ങളോട് വെളിപ്പെടുത്തിയേനെ. ഇങ്ങനെയൊരു അക്രമണത്തിനുള്ള പദ്ധതിയെപ്പറ്റി അയാൾ അന്ന് ഒന്നും പറഞ്ഞിട്ടില്ല.