ആദ്യം അത് കഠിനമായ അനുഭവമായിരുന്നു. തല പൊട്ടുന്ന അവസ്ഥ വരേയും ഉണ്ടായി. എന്നാൽ, ധർമ്മേന്ദ്രയ്ക്ക് തന്റെ ശ്രമത്തിൽ നിന്നും പിന്തിരിയാൻ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല.
ത്രിപുരയിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ് ബിഹാറിലെ രാംഗഡ് ബ്ലോക്കിൽ നിന്നുള്ള ധർമേന്ദ്ര സിംഗ്. എന്നാൽ, ധർമ്മേന്ദ്രയ്ക്ക് മറ്റൊരു പേര് കൂടിയുണ്ട്, ഹാമർ ഹെഡ് മാൻ. ഈ പേരങ്ങ് ചുമ്മാ കിട്ടിയതൊന്നുമല്ല. ധർമ്മേന്ദ്രയുടെ ചില കഴിവുകൾ കണ്ട് ബോധ്യപ്പെട്ടപ്പോൾ കിട്ടിയ പേരാണ്.
ഗിന്നസ് ബുക്കിലും ഇന്ത്യ വേൾഡ് റെക്കോർഡ്സിലും സ്ഥാനം പിടിച്ചയാളാണ് ധർമ്മേന്ദ്ര. 57 തേങ്ങകൾ തന്റെ തലകൊണ്ട് തകർത്തതിനാണ് ധർമ്മേന്ദ്രയ്ക്ക് റെക്കോർഡ്. കൈമൂർ ജില്ലയിലെ പുരാതന ക്ഷേത്രമായ മാ മുണ്ടേശ്വരി ധാം സന്ദർശിക്കുകയായിരുന്നു ധർമ്മേന്ദ്ര സിംഗ്. അപ്പോഴാണ് തേങ്ങ നിലത്തെറിഞ്ഞുടയ്ക്കുന്ന ആചാരം കാണുന്നത്. എന്നാൽ, വളരെ വ്യത്യസ്തമായ രീതിയിൽ അത് ചെയ്യാനായിരുന്നു ധർമ്മേന്ദ്രയ്ക്ക് താല്പര്യം. തന്റെ തലകൊണ്ട് തേങ്ങ പൊട്ടിക്കാനായിരുന്നു ധർമ്മേന്ദ്ര തീരുമാനിച്ചത്.
എന്നാൽ, ആദ്യം അത് കഠിനമായ അനുഭവമായിരുന്നു. തല പൊട്ടുന്ന അവസ്ഥ വരേയും ഉണ്ടായി. എന്നാൽ, ധർമ്മേന്ദ്രയ്ക്ക് തന്റെ ശ്രമത്തിൽ നിന്നും പിന്തിരിയാൻ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആദ്യം മാ മുണ്ടേശ്വരി ധാമിലും പിന്നീട് ബനാറസിലെ സങ്കത്മോചൻ ക്ഷേത്രത്തിലും ധർമ്മേന്ദ്ര തല കൊണ്ട് തേങ്ങ പൊട്ടിച്ചു. പയ്യെപ്പയ്യെ തല പൊട്ടാതെ വേദനിക്കാതെ അത് ചെയ്യാമെന്നായി.
ഒടുവിൽ 57 തേങ്ങകൾ തല കൊണ്ട് തകർത്ത് ധർമ്മേന്ദ്ര റെക്കോർഡ് നേട്ടം സ്വന്തമാക്കി. അങ്ങനെയാണ് ഗിന്നസ് ബുക്കിലും ഇന്ത്യ വേൾഡ് റെക്കോർഡ്സിലും ധർമ്മേന്ദ്ര ഇടം നേടുന്നത്. വേറെയും റെക്കോർഡുകൾ ധർമ്മേന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്. 2021 -ൽ 15 12mm കമ്പികൾ പല്ലുകൾ ഉപയോഗിച്ച് വളച്ചു എന്ന നേട്ടവും ധർമ്മേന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിലാണ് ധർമ്മേന്ദ്ര ഇത് ചെയ്ത് പൂർത്തിയാക്കിയത്.
വായിക്കാം: വാടക കൊടുക്കാതെ ആഡംബരവീടുകളിൽ താമസിക്കാം, ഇങ്ങോട്ട് കാശും കിട്ടും; ഇതാ ഒരു വെറൈറി ജോലി
