നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം തുടങ്ങിയിട്ട് മെയ് 30 -ന് ഒരു വർഷം തികയും. ആദ്യ എൻഡിഎ സർക്കാരിന്റെ മുഖം നരേന്ദ്ര മോദി മാത്രമായിരുന്നു. എന്നാൽ രണ്ടാം സർക്കാരിന്റെ ആദ്യത്തെ പത്തുമാസം പ്രധാനമന്ത്രി മോദിയേക്കാൾ നിറഞ്ഞു നിന്നത് ആഭ്യന്തരമന്ത്രിയായ അമിത് ഷാ ആയിരുന്നു. "നരേന്ദ്ര മോദി സർക്കാർ, രണ്ടാം വട്ടവും ഇവിടെ അധികാരത്തിലേറിയിരിക്കുന്നത് ഭരണം നടത്താൻ വേണ്ടി മാത്രമല്ല, രാജ്യത്തെ നാണാക്കാനും, ഇവിടത്തെ സമസ്യകൾക്ക് പരിഹാരം കാണാനും കൂടി ഉറച്ചുകൊണ്ടാണ്" എന്ന് പാർലമെന്റിലെ തന്റെ പ്രസംഗത്തിൽ അമിത് ഷാ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചപ്പോൾ സഭാതലം കരഘോഷങ്ങളാൽ മുഴങ്ങി. 

ഷായുടെ തുടർച്ചയായ ഇടപെടലുകൾ 

ആദ്യം വന്നത് ജമ്മു കശ്മീരിന്റെ സവിശേഷ പദവി നീക്കാനുള്ള തീരുമാനമായിരുന്നു. പിന്നാലെ പൗരത്വ നിയമഭേദഗതി എന്ന നിർണായക നീക്കം. സോണിയാ ഗാന്ധിയുടെ കുടുംബത്തിന്റെ എസ്പിജി പദവി നീക്കിയ തീരുമാനം, പി ചിദംബരത്തിന്റെ അറസ്റ്റ്, ആക്രമണ ശൈലിയിലൂടെ അമിത് ഷാ സർക്കാരിന്റെ മുഖവും ശബ്ദവുമായി മാറി. അന്ന് അണിയറയിലെ അടക്കം പറച്ചിലുകളുടെ രൂപത്തിലാണെങ്കിലും നരേന്ദ്ര മോദി എന്തുകൊണ്ട് സജീവമല്ല എന്ന ചർച്ച ഉയർന്നു. 

എന്നാൽ, കോവിഡ് പ്രതിരോധത്തോടെ സാഹചര്യം ആകെ മാറി മറിഞ്ഞിരിക്കുന്നു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സുദീർഘ പ്രസംഗങ്ങൾ, സംസ്ഥാനങ്ങളുമായുള്ള ആശയ വിനിമയം, വിദേശ കൂട്ടായ്മകളെ സജീവമാക്കാനുള്ള ഇടപെടൽ, ജനതാ കര്‍‌ഫ്യൂ, പാത്രം മുട്ടൽ, വെളിച്ചം കാട്ടൽ ഇതെല്ലം വഴി മോദി മാത്രമാകുന്നു സർക്കാരിന്റെ മുഖം. ഷാ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിൽ മാർഗനിർദേശം തയ്യാറാക്കുന്ന കാര്യത്തിൽ വരെ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു. മന്ത്രിമാരുടെ സമിതിയുടെ നിയന്ത്രണവും രാജ് നാഥ് സിങിനാണ് ഇക്കുറി നൽകിയത്. 

ദില്ലിയിൽ നിന്നുണ്ടായ തിരിച്ചടികൾ, ഡോവലിന്റെ സാന്നിധ്യം  

ഇതിന്റെയൊക്കെ തുടക്കം ദില്ലി തെരഞ്ഞെടുപ്പ് കാലത്ത് ഷാ നടത്തിയ സജീവമായ പ്രചാരണ ഇടപെടലുകളും പ്രസ്താവനകളും ഒക്കെ തിരിച്ചടിച്ച് ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സംഭവമാണ്. ദില്ലിയിലെ തെരഞ്ഞെടുപ്പ് പരാജയം സമീപകാലത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേരിടേണ്ടി വന്ന അഞ്ചാമത്തെ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പൂർവ ദില്ലിയിൽ നടന്ന കലാപങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഷാക്കുണ്ടായ വീഴ്ചയും മോദിയുടെ അനിഷ്ടം സമ്പാദിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.  ആ സമയത്ത് മോദി ട്രംപിന്റെ സന്ദർശനത്തിന്റെ തിരക്കിലായിരുന്നതിനാൽ ഷാക്ക് തന്നെയായിരുന്നു ക്രമാസമാധാനത്തിന്റെ സകല ചുമതലകളും. ട്രംപ് തിരികെ വിമാനം കയറിയതും മോദി തിരികെ നിയന്ത്രണം ഏറ്റെടുക്കുകയാണുണ്ടായത്. മോദി ജനങ്ങളോട് സമാധാനം പുലർത്താൻ അപേക്ഷിക്കുന്നതോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശ്നപരിഹാരചുമതല ഏല്പിക്കയും ചെയ്തു. കാബിനറ്റ് പദവിയുള്ള ഡോവൽ നേരിട്ട് മോദിക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഷായോട് മോദിയോടുള്ളത്ര അടുപ്പം ഡോവലിനില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനു മുമ്പ് മോദി കാശ്മീരിലും ഡോവലിനെ നേരിട്ട് പറഞ്ഞയച്ചിരുന്നു. 

പക്ഷേ, എന്നുവെച്ച് മോദിക്കും ഷാക്കും ഇടയിൽ പ്രകടമായ ആശയവിനിമയക്കുറവും അകൽച്ചയും ഒന്നും ദൃശ്യവുമല്ല. പക്ഷേ മോദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ചില നടപടികൾ അങ്ങനെ ഒരു അകൽച്ചയുണ്ട് എന്ന അഭ്യൂഹങ്ങൾക്ക് ഇന്ധനം പകരുന്നവയാണ്. ഉദാ. ഗുജറാത്തിലെ ചൊവ്വാഴ്ചത്തെ ഉദ്യോഗസ്ഥമാറ്റത്തിൽ മോദിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായത് അത്തരത്തിൽ ഒരു നടപടിയാണ്.. ഷായോട് ചേർന്ന് നില്ക്കാൻ എന്നും ശ്രമിച്ചു പോന്നിട്ടുള്ള വിജയ് രൂപാണിയുടെ വിശ്വസ്തരെയാണ് ഒന്നിച്ച് മാറ്റിയത്. ചുരുക്കത്തിൽ, മോദിയാണ് കമാൻഡ് എന്ന സന്ദേശം എല്ലാത്തരത്തിലും നൽകാനുള്ള പ്രകടമായ ശ്രമം ഇക്കുറി പ്രധാനമന്ത്രി ഓഫീസിലും ഇക്കുറി കാണുന്നു. കോവിഡ് പ്രതിരോധത്തിൽ നിരന്തരമുള്ള ഇടപെടലുകളിലൂടെ മോദി പൊതു മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നതും, അമിത് ഷാ ഏറെക്കുറെ പിൻവലിഞ്ഞ മട്ടിൽ ഇടപെടുന്നതും ഭരണനിയന്ത്രണം ആരുടെ കയ്യിൽ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ കെടാതെ നിലനിർത്തുന്നു.