വിവിധ വർണങ്ങളിലുള്ള ഒരു നീലത്തുരങ്കത്തിലൂടെ താൻ കടന്നുപോയി എന്നും ജനലുകളും വാതിലുകളുമില്ലാത്ത വെളുത്ത മുറിയിലാണ് ആ തുരങ്കം അവസാനിച്ചത് എന്നും ഇവർ പറയുന്നു.

എട്ട് മിനിറ്റ് നേരത്തേക്ക് താൻ 'മരിച്ചു'വെന്നും ആ സമയത്ത് തനിക്കുണ്ടായ അനുഭവം ഇതാണ് എന്നും യുവതി. ഡോക്ടർമാർ ക്ലിനിക്കൽ ഡെത്ത് സ്ഥിരീകരിച്ച് എട്ട് മിനിറ്റിന് ശേഷമാണ് കൊളറാഡോ സ്വദേശിയായ 33 വയസ്സുള്ള ബ്രിയാന ലാഫെർട്ടി ജീവിതത്തിലേക്ക് തിരികെ വന്നത് എന്നാണ് പറയുന്നത്.

'മയോക്ലോണസ് ഡിസ്‌റ്റോണിയ' എന്ന അപൂര്‍വ്വ ജനിതക മസ്തിഷ്‌ക രോ​ഗമായിരുന്നു ബ്രിയാനയ്ക്ക്. ആ എട്ട് മിനിറ്റ് നേരം തനിക്കുണ്ടായ അപൂർവമായ അനുഭവത്തെ കുറിച്ചാണ് ബ്രിയാന വിവരിക്കുന്നത്. ആ സമയത്ത് 'തയ്യാറായോ' എന്ന് ആദ്യം ഒരു ശബ്ദം തന്നോട് ചോദിച്ചു എന്നാണ് ബ്രിയാന പറയുന്നത്. പിന്നീട് തന്റെ ബോധം പൂർണമായും പോയി. തന്റെ ജീവനില്ലാത്ത ശരീരത്തിന് മുകളിലൂടെ തന്റെ ആത്മാവ് സഞ്ചരിക്കുന്നത് തനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു എന്നാണ് അവൾ പറയുന്നത്.

'പെട്ടെന്നാണ് എന്റെ ഭൗതിക ശരീരത്തിൽ നിന്ന് ഞാൻ വേർപിരിഞ്ഞത്. വേദനയൊന്നും ഇല്ലായിരുന്നു, ആഴത്തിലുള്ള സമാധാനമുണ്ടായിരുന്നു, വ്യക്തതയുണ്ടായിരുന്നു. എന്റെ ഭൗതിക ശരീരത്തിൽ നിന്നുള്ള ഈ വേർപിരിയൽ മനുഷ്യരുടെ ജീവിതം എത്ര താൽക്കാലികവും ദുർബലവുമാണെന്ന് എനിക്ക് മനസിലാക്കി തന്നു' എന്നാണ് ബ്രിയാന പറയുന്നത്.

വിവിധ വർണങ്ങളിലുള്ള ഒരു നീലത്തുരങ്കത്തിലൂടെ താൻ കടന്നുപോയി എന്നും ജനലുകളും വാതിലുകളുമില്ലാത്ത വെളുത്ത മുറിയിലാണ് ആ തുരങ്കം അവസാനിച്ചത് എന്നും ഇവർ പറയുന്നു. മനോഹരമായ അനേകം പ്രകൃതിദൃശ്യങ്ങൾ കണ്ടതിനെ കുറിച്ചും അതിലൂടെ സഞ്ചരിച്ചതിനെ കുറിച്ചുമെല്ലാം ഇവർ പറയുന്നുണ്ട്.

'മരണമെന്നത് ഒരു മിഥ്യയാണ്, കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. നമ്മുടെ ബോധം അപ്പോഴും തുടരുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ഞാനെന്തായിരുന്നു എന്ന് എനിക്ക് ഓർമ്മിക്കാനായില്ല. പൂർണമായും നിശ്ചലമായിരുന്നു ഞാൻ. എന്നിട്ടും എനിക്ക് പൂർണ്ണബോധത്തോടെ മുമ്പെന്നത്തേക്കാളും കൂടുതൽ എന്നെത്തന്നെ തിരിച്ചറിയാനായി' എന്നും ബ്രിയാന പറയുന്നു.

എന്നാൽ, ഇക്കാര്യങ്ങൾക്കൊന്നും ശാസ്ത്രീയമായ തെളിവുകൾ ഇല്ല. അതേസമയം, മരണത്തോടടുത്ത ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കൊണ്ട് ഈ വിഷയത്തിൽ വലിയ പഠനങ്ങൾ തന്നെ നടക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം