Asianet News MalayalamAsianet News Malayalam

ഒന്നര മണിക്കൂർ മൊബൈലോ, ഇന്റർനെറ്റോ, ടിവി -യോ ഒന്നുമില്ല; ഡിജിറ്റൽ ഡീടോക്സുമായി ഒരു ​ഗ്രാമം

ഗ്രാമവാസികൾക്ക് ഇതിനോട് താൽപര്യക്കുറവൊന്നുമില്ല. എങ്കിലും ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, വിരമിച്ച അധ്യാപകർ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

digital detox in Mohityanche Vadgaon
Author
First Published Sep 25, 2022, 1:02 PM IST

നമ്മുടെ കയ്യിൽ ഇപ്പോൾ എല്ലാ സമയത്തും മൊബൈൽ ഉണ്ട്. മൊബൈൽ കയ്യിൽ ഇല്ലാത്ത നേരം തന്നെ ഇല്ലാ എന്ന് പറയാം. എന്നാൽ, മഹാരാഷ്ട്രയിലെ സാം​ഗ്ലിയിൽ ആളുകൾ വൈകിട്ട് ഒന്നര മണിക്കൂർ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഒന്നും ഉപയോ​ഗിക്കാതെ ഇരിക്കുകയാണ്. ഡിജിറ്റൽ ഡീടോക്സിന് വേണ്ടിയാണ് ആ സമയം അവർ മാറ്റിവച്ചിരിക്കുന്നത്. 

മൊഹിത്യാഞ്ചെ വഡ്ഗാവിൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് ഒരു സൈറൺ മുഴങ്ങും. ആളുകൾക്ക് അവരുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും 1.5 മണിക്കൂർ മാറ്റിവെക്കാനുള്ള നിർദ്ദേശമാണ് ഇത്. ഗ്രാമത്തലവനായ വിജയ് മൊഹിതെയാണ് പരീക്ഷണം എന്ന നിലയിൽ ഈ ഡിജിറ്റൽ ഡീടോക്സ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, കൗൺസിൽ നടപ്പിലാക്കുന്ന നിർബന്ധിത പരിപാടിയായി ഇത് മാറിയിരിക്കുകയാണ്. കുട്ടികളെ ഇന്റർനെറ്റിൽ നിന്നും മാറി പുസ്തകങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിക്കുക, മുതിർന്നവരെ ആ സമയത്ത് മറ്റുള്ളവരുമായി സംവദിക്കാനും വായന പോലെയുള്ള കാര്യങ്ങൾ ചെയ്യാനും പ്രേരിപ്പിക്കുക എന്നതെല്ലാമാണ് ഇതിന്റെ ലക്ഷ്യം. 

'ക്ലാസ് തുടങ്ങിയ സമയത്താണ് അധ്യാപകർ‌ മനസിലാക്കുന്നത് കുട്ടികൾക്ക് പഠിക്കാൻ വളരെ മടിയാണ്. ആ സമയത്തെല്ലാം മൊബൈലും ഇന്റർനെറ്റും പോലുള്ളവ ഉപയോ​ഗിക്കാനാണ് അവർക്ക് താൽപര്യം. അവർക്ക് എഴുതാനോ വായിക്കാനോ താൽപര്യമില്ല. സ്കൂളിൽ വരുന്നതിന് മുമ്പും ശേഷവും എല്ലാം അവർ മൊബൈലിൽ കളിക്കുകയാണ്. ​ഗ്രാമത്തിലുള്ള വീട്ടിലാണ് എങ്കിൽ കുട്ടികൾക്ക് പഠിക്കാൻ പ്രത്യേക പഠനമുറികളൊന്നും ഇല്ല. അതുകൊണ്ട് ഞാൻ ഡിജിറ്റൽ ഡീടോക്സ് നിർദ്ദേശിച്ചു' എന്ന് സർപഞ്ച് പിടിഐ -യോട് പറഞ്ഞു. 

​ഗ്രാമവാസികൾക്ക് ഇതിനോട് താൽപര്യക്കുറവൊന്നുമില്ല. എങ്കിലും ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, വിരമിച്ച അധ്യാപകർ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. വൈകുന്നേരം ഏഴ് മുതൽ 8.30 വരെയാണ് ഇത്. ആ സമയത്ത് ആരും മൊബൈൽ ഫോണോ ഇന്റർനെറ്റോ ഒന്നും ഉപയോ​ഗിക്കുന്നില്ല. പകരം വായിക്കുകയോ എഴുതുകയോ ഒക്കെ ചെയ്യുന്നു. ആ സമയത്ത് ടെലിവിഷനുകൾ ഓഫാക്കി വയ്ക്കണം. ഇതൊക്കെ നടപ്പിലാക്കുന്നുണ്ടോ എന്ന് നോക്കുന്നതിനായി ഒരു മോണിറ്ററിം​ഗ് കമ്മിറ്റിയും ഉണ്ട്. 

മൊഹിത്യാഞ്ചെ വഡ്ഗാവ് സാമൂഹികപരപമായി മികച്ച സൗഹാർദത്തിന് പേരുകേട്ട പുരോ​ഗമനപരമായ ഒരു സമൂഹമാണ്. ഒരുപാട് സ്വാതന്ത്ര്യസമരസേനാനികളും ഇവിടെയുണ്ടായിരുന്നു. അതുപോലെ വൃത്തിയുള്ള ​ഗ്രാമമെന്ന പേരിൽ നിരവധി അം​ഗീകാരങ്ങളും ​ഗ്രാമം നേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios