ഭക്ഷണം കഴിച്ച് ഓടിപ്പോയവരെ തിരിച്ചറിഞ്ഞു എങ്കിലും ഇനി അവരിൽ നിന്നും പണം സ്വീകരിക്കാൻ തയ്യാറല്ല എന്ന നിലപാടാണ് റെസ്റ്റോറന്റ് ഉടമകൾ എടുത്തിരിക്കുന്നത്. പകരം അവർ പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്.
$200 -ത്തിന്റെ അതായത് ഏകദേശം 17000 രൂപയുടെ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങി മൂന്നംഗ സംഘം. ചിക്കാഗോയിലാണ് സംഭവം. ചെമ്മീനും കൊഞ്ചുമടക്കമുള്ള വിഭവങ്ങളാണ് മൂവരും വാങ്ങിക്കഴിച്ചത്. എന്നാൽ, പണം നൽകാതെ മൂവരും മുങ്ങുകയായിരുന്നു.
ഫ്ലാവ്‍സ് എന്ന റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് യുവാക്കൾക്ക് നേരെ ഉയരുന്നത്. സിസിടിവിയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ ഏറെ അസ്വസ്ഥാജനകമാണ്. ഭക്ഷണം കഴിച്ച ശേഷം മൂവരും പറ്റിച്ചേ എന്ന മട്ടിൽ അവിടെ നിന്നും ചിരിച്ചുകൊണ്ട് ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കറുത്ത വർഗക്കാരാണ് ഈ റെസ്റ്റോറന്റ് നടത്തുന്നത്. 'ഞങ്ങൾ യഥാർത്ഥത്തിൽ ഏത് സമൂഹത്തെയാണോ സേവിക്കുന്നത് അവരിൽ നിന്ന് തന്നെ ഇത് സംഭവിച്ചു കാണുന്നത് ശരിക്കും നിരാശാജനകമായ കാര്യമാണ്, വളരെ നിരാശാജനകമാണ് ഈ സംഭവം' എന്നാണ് റെസ്റ്റോറന്റ് ഉടമകളിൽ ഒരാളായ ആൻഡ്രൂ ബോൺസു പറഞ്ഞത്.
'ആ മേശയിൽ വിളമ്പിക്കൊണ്ടിരുന്ന യുവതിക്ക് വീട്ടിൽ കുട്ടികളുള്ളതാണ്' എന്ന് ഉടമകളിൽ ഒരാളായ ഫിൽ സിംപ്സൺ പറയുന്നു. അവർ ടിപ്പുകളിലും മറ്റുമാണ് വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും സിംപ്സൺ സൂചിപ്പിച്ചു.
അതേസമയം, ഭക്ഷണം കഴിച്ച് ഓടിപ്പോയവരെ തിരിച്ചറിഞ്ഞു എങ്കിലും ഇനി അവരിൽ നിന്നും പണം സ്വീകരിക്കാൻ തയ്യാറല്ല എന്ന നിലപാടാണ് റെസ്റ്റോറന്റ് ഉടമകൾ എടുത്തിരിക്കുന്നത്. പകരം അവർ പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്.
എന്തായാലും, വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് യുവാക്കൾക്ക് നേരെ ഉയർന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത് എന്നും ഭക്ഷണം കഴിച്ച് തീരും മുമ്പ് തന്നെ ഇങ്ങനെയാണെങ്കിൽ പണം വാങ്ങേണ്ടി വരും എന്നും പലരും അഭിപ്രായപ്പെട്ടു.


