ചൈനയില്‍ കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്‍കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. സ്ഥാപനങ്ങളും കൊവിഡ് 19 ഭീതിയില്‍ അടച്ചിട്ടിരിക്കുന്നു. പല വീടുകളിലും അച്ഛനും അമ്മയും കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ക്വാറന്‍റൈന്‍ നേരങ്ങളിലെ വീഡിയോ ക്ലിപ്പുകള്‍ ടിക്ടോക്കില്‍ വൈറലാണ്. കുട്ടികളെന്തായാലും കുട്ടികളാണല്ലോ? സ്‍കൂളടച്ചതില്‍ അവര്‍ സന്തോഷത്തിലാണ്. പക്ഷേ, ഒരു ആപ്പ് സജീവമായതോടെ ആ സന്തോഷം ഏതായാലും അസ്‍തമിച്ചു. 

ഡിങ്ടോക്ക് എന്നാണ് ആപ്പിന്‍റെ പേര്. ഓണ്‍ലൈനായി പാഠങ്ങള്‍ പഠിക്കാന്‍ ഉപയോഗപ്പെടുത്താവുന്ന ആപ്പാണിത്. തീര്‍ന്നില്ല, അധ്യാപകര്‍ ഹോംവര്‍ക്കുകള്‍ നല്‍കാനും ഈ ആപ്പ് ഉപയോഗിച്ചു തുടങ്ങി. അതോടെ കുട്ടികള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങി. ഇങ്ങനെ പാഠം പഠിക്കുന്നതും ഹോംവര്‍ക്ക് ചെയ്യുന്നതും ഇല്ലാതാക്കാന്‍ ഈ കുട്ടിപ്പട്ടാളം വഴി കണ്ടെത്തി. കുത്തിയിരുന്ന് ആപ്പിന് വണ്‍ സ്റ്റാര്‍ നല്‍കിത്തുടങ്ങി. ഒറ്റരാത്രി കൊണ്ട് ഡിങ്ടോക്കിന്‍റെ റേറ്റിങ് 4.9 -ല്‍ നിന്ന് 1.4 -ലെത്തിയെന്നാണ് പറയുന്നത്. അങ്ങനെ, ആപ്പ് സ്റ്റോറിൽ നിന്ന് പുറത്താകുമെന്ന് മനസിലായതോടെ സോഷ്യല്‍ മീഡിയയില്‍, 'ഞങ്ങളോടിങ്ങനെ ചെയ്യരുതേ' എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഡിങ്ടോക്. 'എനിക്കാകെ അഞ്ച് വയസ്സേ ആയിട്ടുള്ളൂ, എന്നെ കൊന്നുകളയരുത്' എന്നാണ് ഡിങ്ടോക്കിന്‍റെ അപേക്ഷ. 

ആലിബാബ ഗ്രൂപ്പ്സിന്‍റെ കമ്മ്യൂണിക്കേഷന്‍ ആപ്പാണ് ഡിങ്ടോക്ക്. അധികൃതര്‍ സ്‍കൂളുകളും മറ്റ് സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രൈമറി, മിഡില്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ സഹായിക്കാമെന്ന വാഗ്‍ദാനവുമായി ഡിങ്ടോക്ക് എത്തിയത്. ഹോം വര്‍ക്ക്, ലൈവ് ക്ലാസ്, പഠിക്കാനാവശ്യമായ വീഡിയോ തുടങ്ങിയവയെല്ലാം ആപ്പിലൂടെ സാധ്യമായിരുന്നു. 

ഡിങ്ടോക്ക് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. പക്ഷേ, ഇതെന്‍റെ അവധിക്കാലമാണ്. അതുകൊണ്ട് ഞാന്‍ വണ്‍ സ്റ്റാര്‍ നല്‍കുന്നുവെന്നാണ് ഒരു കുട്ടി എഴുതിയത്. ഞാന്‍ നിങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ തരും. പക്ഷെ, ഇന്‍സ്റ്റാള്‍മെന്‍റായിട്ടേ തരൂവെന്ന് വേറൊരാള്‍ എഴുതി. ഏതായാലും കുട്ടികള്‍ തുനിഞ്ഞിറങ്ങിയാല്‍ പണിയാകുമെന്ന് ഭയന്നുതന്നെയാണ് ഡിങ്ടോക്ക് ഇപ്പോള്‍ അപേക്ഷയുമായി എത്തിയിരിക്കുന്നത്. 

സാധാരണയായി ചൈനയിലെ ജീവിതം കുറച്ച് തിരക്കുപിടിച്ചതാണ്. മുതിര്‍ന്നവര്‍ മിക്കപ്പോഴും ജോലിയിലായിരിക്കും. കുട്ടികളുമായി അടുത്തിടപഴകേണ്ടിവരുന്ന സാഹചര്യം തന്നെ കുറവ്. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിക്കുന്ന സാഹചര്യവും അതേ. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകളേറെയും വീട്ടില്‍ത്തന്നെ കുടുംബത്തോടൊപ്പം ആയിരിക്കുകയാണ്.